ലണ്ടൻ: കഴിഞ്ഞ ജൂലായ് മാസത്തിനു ശേഷം ഇതാദ്യമായി വൈറസിന്റെ പ്രത്യൂദ്പാദന നിരക്കായ ആർ നിരക്ക് 1 ൽ നിന്നും താഴെ എത്തിയതായി ശാസ്ത്രലോകം വിലയിരുത്തുമ്പോൾ, ബ്രിട്ടനിൽ കൊറോണയുടെ താണ്ഡവം മന്ദഗതിയിൽ ആകുന്നു എന്ന് ഔദ്യോഗിക കണക്കുകൾ തെളിയിക്കുന്നു. ഇന്നലെ 15,144 പേർക്കാണ് ബ്രിട്ടനിൽ കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞയാഴ്‌ച്ചയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 21 ശതമാനത്തിന്റെ കുറവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. ഇന്നലെ രേഖപ്പെടുത്തിയത് 758 മരണങ്ങളാണ്. ഇത് കഴിഞ്ഞയാഴ്‌ച്ചയിലേതിനേക്കാൾ 25 ശതമാനം കുറവാണ്.

ആർ നിരക്ക് 1 ന് താഴെ എത്തിയതിനാൽ ഇനി മറ്റൊരു ലോക്ക്ഡൗൺ ആവശ്യമായി വരില്ല എന്നാണ്ഈ രംഗത്തെ വിദഗ്ദർ പറയുന്നത്. ഇന്നലെ വരെ 14 മില്ല്യൺ ആളുകൾക്ക് വാക്സിൻ ലഭിച്ചതോടെ, കടുത്ത നിയന്ത്രണങ്ങളിൽ നിന്നും ഉടൻ തന്നെ മോചനം ലഭിക്കുമെന്ന പ്രത്യാശയും ഉടലെടുത്തിട്ടുണ്ട്. രോഗത്തെ പ്രതിരോധിക്കുന്നതിനേക്കാൾ ഏറെ, രോഗം ഗുരുതരമാകാതിരിക്കാനും, മരണത്തിൽ നിന്നും രക്ഷിക്കാനും വാക്സിൻ കൂടുതൽ ഫലപ്രദമാണെന്ന് തെളിഞ്ഞതോടെ വാക്സിൻ പദ്ധതി പൂർത്തിയാകുന്നതോടെ സാധാരണ ജീവിതം തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ബ്രിട്ടൻ.

ബ്രിട്ടനിലെ ആദ്യ ലോക്ഡൗണിന് വഴിയൊരുക്കിയ പഠന റിപ്പോർട്ട് തയ്യാറാക്കിയ പ്രൊഫസർ നീൽ ഫെർഗുസൺ പറയുന്നത് മെയ് മാസമാകുമ്പോഴേക്കും പബ്ബിലും മറ്റും സുഹൃത്തുക്കളുമായി ഒത്തുചേരാനുള്ള അനുമതി നൽകാനുള്ള സാഹചര്യം ഉണ്ടാകുമെന്നാണ്. അതേസമയം, വാക്സിനേഷൻ പദ്ധതി ബ്രിട്ടനിലേക്ക് സാധാരണജീവിതം തിരികെ കൊണ്ടുവരുമെന്ന് പറഞ്ഞ, സർക്കാർ ശാസ്ത്രോപദേശക സമിതിയിലെ ഒരുംഗം പക്ഷെ അതിന് സമയം എടുക്കുമെന്നും ഉടനെ സാധ്യമാകില്ലെന്നും പറഞ്ഞു.

ഇതിനിടെ, കഴിഞ്ഞയാഴ്‌ച്ചയോടെ ആർ നിരക്ക് കുറഞ്ഞ് 0.7 നും 0.9 നും ഇടയിൽ എത്തിയതായി ശാസ്ത്രോപദേശക സമിതി വെളിപ്പെടുത്തി. രോഗബാധിതനായ ഒരാളിൽ നിന്ന് എത്രപേർക്ക് രോഗം പകരാനുള്ള സാധ്യത ഉണ്ട് എന്നുള്ളതാണ് ആർ നിരക്ക് സൂചിപ്പിക്കുന്നത്. ഉദാഹരണത്തിന് ആർ നിരക്ക് 1.5 ആണെങ്കിൽ, രോഗബാധിതനായ 100 പേരിൽ നിന്നും 150 പേരിലേക്ക് രോഗം പകരും. ആ 150 പേരിൽ നിന്നും 225 പേരിലേക്കും. എന്നാൽ ഇത് 0.7 എന്നു പറയുമ്പോൾ രോഗബാധിതരായ 100 പേരിൽ നിന്നും 70 പേരിലേക്ക് മാത്രമാണ് രോഗം പകരാൻ സാധ്യതയുള്ളത്. രോഗവ്യാപനത്തിന്റെ ശക്തി കുറയുന്നു എന്നർത്ഥം.

ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ടിനു പുറമേ ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ റിപ്പോർട്ടും വെളിപ്പെടുത്തുന്നത് രോഗവ്യാപനം കുറയുന്നു എന്നു തന്നെയാണ്. കഴിഞ്ഞ രണ്ടാഴ്‌ച്ചകൊണ്ട് രോഗവ്യാപന തോതിൽ 31 ശതമാനത്തിന്റെ കുറവുണ്ടായതായി ഒ എൻ എസ് പറയുന്നു. അതേസമയം കിങ്സ് കോളേജിലെ ഗവേഷകർ നടത്തിയ പഠനത്തിലും കണ്ടെത്തിയത് രോഗവ്യാപന തോത് കുറയുന്നു എന്നുതന്നെയാണ്. അതേസമയം മാർച്ച് 8 ന് സ്‌കൂളുകൾ തുറക്കുന്നതോടെ ഇത് വർദ്ധിക്കാൻ ഇടയുണ്ടെന്നും അവർ പറയുന്നു.

അതേസമയം, ലോക്ക്ഡൗൺ നീക്കുന്നതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഫെബ്രുവരി 22 ന് പ്രഖ്യാപിക്കുമെന്ന് ബോറിസ് ജോൺസൺ പറഞ്ഞിരിക്കുകയാണ്. മന്ത്രിമാരെല്ലാം, അതിനുള്ള തയ്യാറെടുപ്പുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. എന്തൊക്കെ ഇളവുകൾ നൽകിയാലും ഇനിയും കുറച്ചുകാലം കൂടി മാസ്‌ക് ധരിക്കേണ്ടത് നിർബന്ധമായി തന്നെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈസ്റ്ററിനു മുൻപായി പല നിയന്ത്രണങ്ങളും നീക്കം ചെയ്യുമെന്ന പ്രതീക്ഷയും ഉയർന്നിട്ടുണ്ട്. കുടുംബാംഗങ്ങൾക്കൊപ്പം ആഘോഷിക്കാനാകാതെപോയ ക്രിസ്ത്മസ്സിന്റെ നഷ്ടം ഈസ്റ്ററിൽ തീർക്കാൻ ഒരുങ്ങുകയാണ് പലരും.

എന്നാൽ, ഈ പ്രതീക്ഷകൾക്കൊക്കെ അവസാനം ഉണ്ടാക്കുന്ന രീതിയിലാണ് സർക്കാർ ശാസ്ത്രോപദേശക സമിതിയുടെ സമീപനം. അതിവേഗമുള്ള ലോക്ക്ഡൗൺ പിൻവലിക്കൽ അരുതെന്നാണ് ഇവർ പറയുന്നത്. സ്‌കൂളുകൾ മാർച്ച് 8 ന് തന്നെ തുറക്കാനാണ് സാധ്യത എങ്കിലും, മറ്റു നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിന് പിന്നെയും ആഴ്‌ച്ചകൾ എടുത്തേക്കും. അതിനർത്ഥം ഈ വർഷത്തെ ഈസ്റ്ററും മിക്കവാറും വീടുകൾക്കുള്ളിൽ ഒതുങ്ങി ആഘോഷിക്കേണ്ടതായി വരും. ഒഴിവുകാലത്തേയും ആഘോഷങ്ങളേ പറ്റിയും ആലോചിക്കുവാനുള്ള സമയം ഇനിയുമെത്തിയിട്ടില്ല എന്നാണ് ഒരു സർക്കാർ വക്താവ് ഇന്നലെ പറഞ്ഞത്.

നിലവിലെ രോഗവ്യാപന കുറവിന്റെ നിരക്കുകൾ അടിസ്ഥാനമാക്കി ഈ രംഗത്തെ വിദഗ്ദർ പൊതുവേ പറയുന്നത് മെയ്‌ മാസം ആദ്യം മുതൽ ഇളവുകൾ നൽകി തുടങ്ങാൻ ആകും എന്നാണ്. ഇന്നത്തെ രീതിയിലുള്ള നിയന്ത്രണങ്ങൾക്ക് ഇളവുകൾ ഉടൻ പ്രഖ്യാപിച്ചാൽ, മ്യുട്ടേഷൻ സംഭവിച്ചെത്തിയ പുതിയ ഇനങ്ങൾ കത്തിപ്പടരുവാൻ ഇടയുണ്ടെന്നാണ് ഭയക്കുന്നത്. മെയ്‌ മാസമാകുമ്പോഴേക്കും, വാക്സിൻ പദ്ധതി ഒരുവിധം ആളുകളിലെത്തുന്നതിനാൽ ആശങ്കക്ക് വഴിയുണ്ടാകില്ലെന്നും വിശ്വസിക്കുന്നു.