- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യു കെയിലെ കോവിഡ് ബാധിതരിൽ 91 ശതമാനവും ഇന്ത്യയിൽ കാണുന്ന ഡെൽറ്റ വകഭേദം ബാധിച്ചവർ; അഡ്മിറ്റാകുന്നവരുടെ എണ്ണം 40 ശതമാനം ഉയർന്നു; ജൂൺ 21-ലെ സമ്പൂർണ്ണ ഇളവുകൾ ഒരു മാസത്തേക്ക് നീട്ടിയേക്കും
ലണ്ടൻ: ഇന്ത്യയിൽ വച്ച് ജനിതകമാറ്റം സംഭവിച്ച ഡെൽറ്റ ഇനം കൊറോണവൈറസാണ് ഇപ്പോൾ ബ്രിട്ടനെ വിറപ്പിക്കുന്നത്. നിലവിലെ രോഗബാധിതരിൽ 91 ശതമാനം പേരിലും ഈ ഇനം വൈറസാണ് കാണപ്പെടുന്നത്. മാത്രമല്ല, ബ്രിട്ടനിലെ പത്തിൽ ഒമ്പത് കൗൺസിൽ ഏരിയകളിലും ഇതിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജൂൺ 21 ന് ലോക്ക്ഡൗൺ പൂർണ്ണമായും പിൻവലിക്കുമെന്ന കാര്യം അനിശ്ചിതത്തിൽ ആയിരിക്കുകയാണ്. സെലക്ട് കമ്മിറ്റിക്ക് മുൻപാകെ എം പി മാരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകവെ മാറ്റ് ഹാൻകോക്കാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
നേരത്തേ ബ്രിട്ടനെ ദുരിതത്തിലാഴ്ത്തിയ കെന്റ് വകഭേദത്തേക്കാൾ 60 ശതമാനം അധിക വ്യാപനശേഷി ഡൽറ്റാ ഇനത്തിനുണ്ട് എന്നാണ് ശാസ്ത്രലോകം കരുതുന്നത്. അതായത് ഒരു മൂന്നാം തരംഗം സൃഷ്ടിക്കുവാനുള്ള കഴിവ് ഈ ഇനത്തിനുണ്ടെന്ന് ചുരുക്കം. ഇതാണ് ശാസ്ത്രലോകത്തേ ഏറ്റവുമധികം ഭയപ്പെടുത്തുന്ന കാര്യവും. അത്തരമൊരു മൂന്നാം വരവുണ്ടായാൽ വാക്സിൻ കൊണ്ടു മാത്രം അതിനെ നേരിടാനാകുമോ എന്ന ആശങ്കയും നിലനിൽക്കുന്നു.
ബ്രിട്ടനിലെ 90 ശതമാനം അഥോറിറ്റികളിലും ഈ ഇനത്തിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചുകഴിഞ്ഞു. ചെഷയറിലെ ഹൾട്ടണിൽ ഒരാഴ്ച്ചകൊണ്ട് നലിരട്ടിയായാണ് രോഗികളുടെ എണ്ണം വർദ്ധിച്ചത്. മെയ് 30 ന് അവസാനിച്ച ആഴ്ച്ചയിൽ 2 ലക്ഷം പേരിൽ 8.5 പോസിറ്റീവ് കേസുകൾ ഉണ്ടായിരുന്ന സാഹചര്യത്തിൽ നിന്നും ജൂൺ 8 ന് അവസാനിച്ച ആഴ്ച്ചയിൽ 1 ലക്ഷം പേരിൽ 43.27 രോഗികൾ എന്ന നിലയിലേക്കെത്തി. അതേസമയം, ബ്രിട്ടനിൽ രോഗവ്യാപന നിരക്കിലും പൊതുവേ വർദ്ധനവ് തന്നെയാണ് ദൃശ്യമാകുന്നത്. ഇന്നലെ 7,393 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. മരണനിരക്കിലും കഴിഞ്ഞയാഴ്ച്ചയിലേതിനെ അപേക്ഷിച്ച് വർദ്ധനവുണ്ടായിട്ടുണ്ട്.
സിംപ്ടം ട്രാക്കിങ് പഠനത്തിൽ തെളിഞ്ഞത് ബ്രിട്ടനിൽ രോഗബാധിതരുടെ എണ്ണം ഒരാഴ്ച്ചയിൽ ഇരട്ടിയാകുന്നു എന്നാണ്. ജൂൺ 5 ന് അവസാനിച്ച ആഴ്ച്ചയിലെ കണക്ക്പ്രകാരം ആഴ്ച്ചയിലെ ഓരോ ദിവസവും 11,908 പേർക്ക് രോഗബാധയുണ്ടാകുന്നു എന്നാണ് പഠനത്തിൽ വെളിപ്പെട്ടത്. തൊട്ടുമുൻപത്തെ ആഴ്ച്ച ഇത് 5,677 ആയിരുന്നു. സ്കോട്ട്ലാൻഡിൽ സ്റ്റെർലിങ് ആണ് ഇപ്പോൾ ബ്രിട്ടനിലെ കോവിഡ് ഹോട്ട്സ്പോട്ടായി ശാസ്ത്രജ്ഞർ കണക്കാക്കുന്നത്. ഗ്രെയ്റ്റർ മാഞ്ചസ്റ്ററും പ്രാന്തപ്രദേശങ്ങളും അതിവേഗം ഹോട്ട്സ്പോട്ടായി മാറിക്കൊണ്ടിരിക്കുന്നതായും അവർ വ്യക്തമാക്കുന്നു.
അതേസമയം, കോവിഡ് ബാധിച്ച് ആശുപത്രികളിൽ ചികിത്സതേടിയെത്തുന്നവരുടെ എണ്ണത്തിൽ 40 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ജൂൺ 6 ലെ കണക്കനുസരിച്ച് ആ ആഴ്ച്ച 153 പേരാണ് രോഗം മൂർച്ഛിച്ച് ആശുപത്രിയിൽ ചികിത്സതേടിയെത്തിയത്. തൊട്ടുമുൻപത്തെ ആഴ്ച്ച ഇത് 110 ആയിരുന്നു. രോഗവ്യാപനത്തിലും അതുപോലെ ആശുപത്രിയിലെത്തുന്നവരിലും ഉണ്ടാകുന്ന വർദ്ധനവ് ജൂൺ 21 ന് ലോക്ക്ഡൗൺ പൂർണ്ണമായും പിൻവലിക്കുന്ന നടപടിയെ അനിശ്ചിതാവസ്ഥയിൽ ആക്കിയിട്ടുണ്ട്.
ലോക്ക്ഡൗൺ പൂർണ്ണമായും പിൻവലിക്കാൻ ഉദ്ദേശിച്ചിരുന്ന ജൂൺ 21 നു മുൻപായി തന്നെ വാക്സിൻ പദ്ധതിയിൽ ഡബിൾ ജാബ്-മില്ല്യൺസ് എന്ന ലക്ഷ്യം പൂർത്തീകരിക്കുമെങ്കിലും ലോക്ക്ഡൗൺ പിൻവലിക്കുന്നത് ഒരു മാസത്തേക്ക് കൂടി നീട്ടുവാൻ സാധ്യതയുള്ളതായി അറിയുന്നു. ജൂൺ 21 ന് മുൻപായി 50 വയസ്സിനു മുകളിലുള്ള എല്ലാവർക്കും വാക്സിന്റെ രണ്ടു ഡോസുകളും നൽകിക്കഴിയും. എന്നാൽ, ഒരു മൂന്നാം തരംഗം ഉണ്ടാവുകയാണെങ്കിൽ അതിനെ തടയുവാൻ വാക്സിൻ കൊണ്ടുമാത്രം പറ്റുമോ എന്ന ആശങ്കയാലാണ് ലോക്ക്ഡൗൺ പിൻവലിക്കൽ നീട്ടുന്നത്.
മറുനാടന് ഡെസ്ക്