ലണ്ടൻ: കോവിഡ് പ്രതിരോധത്തിന്റെ പുതിയ തലങ്ങളിലേക്ക് നീങ്ങുകയാണ് ബ്രിട്ടൻ. ആരോഗ്യമുള്ള 12 വയസ്സുകഴിഞ്ഞ എല്ലാവർക്കും വാക്സിൻ നൽകാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം. അടുത്ത ഏതാനും ആഴ്‌ച്ചകൾക്കുള്ളിൽ 16 ഉം 17 ഉം വയസ്സുള്ളവർക്ക് വാക്സിൻ നൽകിത്തുടങ്ങുമെന്ന് വ്യക്തമാക്കിയ ഔദ്യോഗികവക്താക്കൾ ഇതിനായി മാതാപിതാക്കളുടെ സമ്മതം എടുക്കേണ്ടതില്ലെന്നും സ്ഥിരീകരിച്ചു. അതേസമയം വാക്സിൻ പദ്ധതി 12-15 പ്രായപരിധിയിലെക്കും നീട്ടുമെന്ന് ഡെപ്യുട്റ്റി ചീഫ് മെഡിക്കൽ ഓഫീസർ ജോനാഥൻ വാൻ ടാം സൂചിപ്പിച്ചു.

12 വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് കോവിഡ് ഒരു ഭീഷണിയാകുന്ന തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിലോ അല്ലെങ്കിൽ, കോവിഡ് ബാധിക്കാൻ കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങളിൽ പെട്ട ഒരു വ്യക്തിക്കൊപ്പം താമസിക്കുകയോ ആണെങ്കിലായിരിക്കും വാക്സിനുള്ള അർഹത ലഭിക്കുക. എന്നാൽ, ഈ ലിസ്റ്റ് കാലക്രമേണ വിപുലപ്പെടുത്തും. സെപ്റ്റംബർ മുതൽ വിദ്യാർത്ഥികൾ സ്‌കൂളുകളിലേക്ക് മടങ്ങിപ്പോകാൻ ഇരിക്കെ, 16,17 പ്രായക്കാർക്ക് വാക്സിൻ നൽകുവാൻ ഇനിയും കാലതാമസം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ജോയിന്റ് കമ്മിറ്റി ഓൺ വാക്സിനേഷൻ ആൻഡ് ഇമ്മ്യുണൈസേഷനു ഇക്കാര്യത്തിൽ അനുകൂല നിലപാടാണ് എടുത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇനി കാലതാമസം ഉണ്ടാകില്ല. അടുത്ത ഏതാനും ആഴ്‌ച്ചകൾക്കുള്ളിൽ ഈ പ്രായത്തിൽ ഉൾപ്പെടുന്നവർക്ക് വാക്സിൻ എടുക്കുന്നതിനുള്ള അറിയിപ്പ് ലഭിച്ചു തുടങ്ങും. നിലവിലുള്ള വാക്സിൻ കേന്ദ്രങ്ങൾ, ജി പി സർജറികൾ, ഫാർമസികൾ എന്നിവ വഴിയായിരിക്കും വാക്സിൻ വിതരണം ചെയ്യുക. ഇപ്പോൾ ഈ പ്രായത്തിലുള്ള കുട്ടികൾക്ക് ഒരു ഡോസ് വാക്സിൻ മാത്രം നൽകാനാണ് ജോയിന്റ് കമ്മിറ്റി നിർദ്ദേശിച്ചിരിക്കുന്നത്. രണ്ടാമത്തെ ഡോസ് സംബന്ധിച്ച തീരുമാനം ഇനിയും എടുത്തിട്ടില്ല.

പ്രായം അധികമുള്ളവർക്കും അപകട സാധ്യത ഏറെയുള്ള വിഭാഗങ്ങളിൽ പെടുന്നവർക്കും ബൂസ്റ്റർ ഡോസ് നൽകാനുള്ള പദ്ധതി ഒരുക്കുകയാണ് എൻ എച്ച് എസ്., അതിനിടയിലാണ് കൗമാരക്കാരുടെ വാക്സിനേഷനും എത്തുന്നത്. എന്നാൽ, മതിയായ സ്റ്റോക്ക് ഉള്ളതിനാൽ അതിനെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ല എന്നാണ് വാൻ ടാം പറഞ്ഞത്. വാക്സിന്റെ പാർശ്വഫലങ്ങളെ കുറിച്ചുള്ള ആശങ്കകൾ ഏറെ മാറിയിരിക്കുകയാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, വാക്സിൻ കുട്ടികളിൽ ഉണ്ടാക്കുന്ന പാർശ്വഫലത്തേക്കാൾ വലുതാണ് അത് കുട്ടികൾക്ക് നൽകുന്ന സംരക്ഷണം. ഈ തിരിച്ചറിവാണ് പല രാജ്യങ്ങളും കുട്ടികൾക്കും വാക്സിൻ നൽകാനുള്ള തീരുമാനമെടുക്കാൻ കാരണമായത്.