- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനിതകമാറ്റം സംഭവിച്ച പുതിയ കോവിഡ് ഭീതിവിതച്ച് ബ്രിട്ടനിലാകെ കത്തിപ്പടരുന്നു; ഡിസംബർ 30 മുതൽ യു കെയിലെ മിക്കയിടങ്ങളിലും കടുത്ത നിയന്ത്രണങ്ങൾ; സമ്പൂർണ്ണ ലോക്ക്ഡൗണിലേക്ക് നീങ്ങും മുൻപ് ആവശ്യ സാധനങ്ങൾ വാങ്ങി നാട്ടുകാർ; ഞായറാഴ്ച്ചയായിട്ടും മരണം 300 ൽ അധികം
ലണ്ടൻ: ജനിതകമാറ്റം വന്ന കോവിഡ് ബ്രിട്ടനിലാകെ തേരോട്ടം തുടരുകയാണ്. രോഗവ്യാപനം നിയന്ത്രണാതീതമായതോടു കൂടി രാജ്യത്തിന്റെ പല ഭാഗങ്ങളുംടയർ-4 നിയന്ത്രണത്തിലേക്ക് പോകുവാൻ ഇനി ഏതാനും ദിവസങ്ങൾമാത്രം. നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ വിലയിരുത്തുവാൻ അടുത്ത യോഗം ചേരുന്ന ഡിസംബർ 30 ന് ടയർ-4 നിയന്ത്രണങ്ങൾ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും. രോഗവ്യാപനത്തിന് ശക്തി വർദ്ധിക്കുകയും ആശുപത്രികളിൽ ചികിത്സതേടിയെത്തുന്ന രോഗികളുടെ എണ്ണം വർദ്ധിക്കുകയും ചെയ്തതോടെയാണിത്.
ഇന്നലെ, ഞായറാഴ്ച്ച 30,501 പേർക്കാണ് യു കെയിൽ പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്. 316 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച്ച മരണസംൾല്യ 326 ആയിരുന്നു. അതുമായി താരതമ്യം ചെയ്യുമ്പോൾ മരണസംഖ്യയിൽ 3.1 ശതമാനത്തിന്റെ കുറവ് വന്നിട്ടുണ്ട് എന്നതുമാത്രമാണ് ഒരേയൊരു ആശ്വാസം. അതുപോലെ ക്രിസ്ത്മസ്സ് അവധിയും വാരാന്ത്യവുമൊക്കെയായി റിപ്പോർട്ടിംഗിൽ വന്ന കാലതാമസം മൂലം പുതിയതായി രോഗികളായവരുടെ എണ്ണത്തിലും കഴിഞ്ഞ ആഴ്ച്ചയിലേതിനേക്കാൾ 15 ശതമാനത്തിന്റെ കുറവ് ഉണ്ടായിട്ടുണ്ട്.
എന്നാലും, കഴിഞ്ഞ ഒരാഴ്ച്ചയിലെ കണക്കുകൾ പരിശോധിക്കുമ്പോൾ രോഗവ്യാപന തോത് 57 ശതമാനം വർദ്ധിച്ചിട്ടുണ്ട്. എന്നാൽ അതിലും ഭയാനകമായ കാര്യം, വ്യാപന ശേഷി വളരെയധികം കൂടുതലുള്ള പുതിയ ഇനം കൊറോണ വൈറസ് അതിവേഗം രാജ്യത്തിന്റെ വടക്കൻ മേഖലയേയും കീഴടക്കിക്കൊണ്ടിരിക്കുന്നു എന്നതാണ്. കെന്റിൽ ആദ്യമായി കാണപ്പെട്ട ഈ വൈറസ് ഇതുവരെ ലണ്ടൻ നഗരത്തിലും തെക്കൻ ഇംഗ്ലണ്ടിലുമായിരുന്നു വ്യാപകമായി കാണപ്പെട്ടിരുന്നത്. ഇതോടെ കൂടുതൽ മേഖലകളിൽ ആളുകൾക്ക് വീടുകളിൽ തന്നെ തുടരുവാനുള്ള നിർദ്ദേശം നൽകിക്കഴിഞ്ഞിരിക്കുന്നു. ക്രിസ്ത്മസ്സ് ഇളവുകൾക്ക് ശേഷം 30 ന് നിയന്ത്രണങ്ങൾ വിലയിരുത്തപ്പെടുമ്പോൾ ഈ പ്രദേശങ്ങളിലൊക്കെ ടയർ-4 നിയന്ത്രണങ്ങൾ നിലവിൽ വരും എന്നാണ് സൂചന.
കൊറോണയുടെ ആദ്യ തരംഗത്തിൽ, അതിന്റെ മൂർദ്ധന്യ ഘട്ടത്തിൽ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ ഏറ്റവും ഉയർന്ന എണ്ണം 21,683 ആയിരുന്നു. ഡിസംബർ അവസാനത്തോടെ ഈ റെക്കോർഡ് മറികടക്കുമെന്നാണ് ആരോഗ്യവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ പറയുന്നത്. ഇത് മുൻകൂട്ടികണ്ടുകൊണ്ട് പല ആശുപത്രികളും കുട്ടികളുടെ വാർഡിലും കാൻസർ വാർഡിലുമൊക്കെ താത്ക്കാലിക ഇന്റൻസീവ് കെയർ ബെഡുകൾ തയ്യാറാക്കികഴിഞ്ഞു. ചില ആശുപത്രികളിലെ ജീവനക്കാർ പ്രതീക്ഷിക്കുന്നത് ഡിസംബർ 31 ഓടെ അവരുടേ ആശുപത്രികളിലെ പകുതിയിലധികം രോഗികൾ കോവിഡ് ബാധിച്ചവരായിരിക്കും എന്നാണ്.
രോഗബാധ മൂർഛിച്ച് ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണവും കഴിഞ്ഞ ആഴ്ച്ചയിലേതിനേക്കാൾ വർദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച്ച, ആശുപത്രികളിൽ എത്തുന്നവരുടെ പ്രതിവാര ശരാശരി 1191 ആയിരുന്നെങ്കിൽ ഈ ആവാരം അത് 1984 ആണ്. ജനിതകമാറ്റം ബാധിച്ച പുതിയ കൊറോണ വൈറസ് തന്റെ മുൻഗാമിയെ കടത്തിവെട്ടിയിരിക്കുന്നു എന്നാണ് ചില മുതിർന്ന ഉദ്യോഗസ്ഥർ സൂചിപ്പിച്ചത്. കഴിഞ്ഞ വരവിലും മാരകമായിരിക്കും സ്ഥിതി എന്നും അവർ മുന്നറിയിപ്പ് നൽകുന്നു.
അതേസമയം, സ്ഥിതിഗതികൾ പ്രതീക്ഷിച്ചതിലും ഭീകരമാണെന്നും ഇംഗ്ലണ്ട് പൂർണ്ണമായും തന്നെ ടയർ-4 നിയന്ത്രണത്തിലാക്കണമെന്നും ശാസ്ത്ജ്ഞർ ആവശ്യപ്പെടുന്നു. പുതു വത്സരം എത്തുന്നതോടെ പുതിയതായി ആയിരക്കണക്കിന് രോഗികൾ ഉണ്ടാകുമെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. ക്രിസ്ത്മസ്സ് ദിനത്തിൽ ബ്രിട്ടനിലെ മൊത്തം കോവിഡ് മരണസംഖ്യ 70,000 കടന്നു. ദിനം പ്രതി കൂടുതൽ കൂടുതൽ ആളുകൾക്ക് രോഗം സ്ഥിരീകരിക്കപ്പെടുന്നു. ആശുപത്രികളിൽ ചികിത്സ തേടി എത്തുന്നവരുടെ എണ്ണം എക്കാലത്തേക്കാളും കൂടുതലുമാണ് അത്തരമൊരു സന്ദർഭത്തിൽ ഇംഗ്ലണ്ടിൽ പൂർണ്ണമായും ടയർ-4 ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിൽ നിന്നും സർക്കാരിനെ പിൻവലിക്കുന്നതെന്താണെന്നാണ് സർക്കാരിന്റെ ശാസ്ത്രോപദേശക സമിതി അംഗങ്ങൾ ചോദിക്കുന്നത്.
നിലവിലെ കണക്കനുസരിച്ച് ഇംഗ്ലണ്ടിലെ കോവിഡ് രോഗികൾ 30 നും 103 നും ഇടയിൽ പ്രായമുള്ളവരാണ്. ഇതിൽ 36 നും 85 നും ഇടയിൽ പ്രായമുള്ള, മരണമടഞ്ഞവരിൽ അഞ്ചു പേർക്കൊഴിച്ച് എല്ലാവർക്കും തന്നെ ഗുരുതരമായ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഡിസംബർ 9 നും 26 നും ഇടയിൽ നടന്ന മരണങ്ങളുടെ കണക്കാണിത്. എന്നാൽ, പുതിയ ഇനം വൈറസ് വ്യാപകമാകാൻ തുടങ്ങിയതോടെ കുട്ടികളിലെ രോഗബാധ വർദ്ധിക്കുവാൻ ഇടയുണ്ട് എന്ന ആശങ്കയും ഉണ്ടായിട്ടുണ്ട്.ൽ ഇത്, ക്രിസ്ത്മസ് അവധിക്ക് ശേഷം ജനുവരിയിൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കണമോ എന്ന കാര്യത്തിൽ സംശയത്തിന് ഇടനൽകിയിട്ടുണ്ട്.
ഇപ്പോൾ കണ്ടുപിടിച്ചിട്ടുള്ള പുതിയ ഇനം വൈറസിന്റെ വ്യാപനത്തിന്റെ മൂർദ്ധന്യഘട്ടം വരുന്ന വസന്തകാലത്തായിരിക്കുമെന്നും ലണ്ടനിൽ നിരവധി മരണങ്ങൾ രേഖപ്പെടുത്തും എന്നും ശാസ്ത്രജ്ഞർ പറയുന്നു. ഇത് ഒഴിവാക്കുവാൻ രാജ്യവ്യാപകമായ ടയർ-4 ലോക്ക്ഡൗൺ മാത്രമാണ് ഇപ്പോൾ മുന്നിലുള്ള പ്രതിവിധി എന്നുംഅവർ പറയുന്നു.
മറുനാടന് ഡെസ്ക്