- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യു കെയിലെ കോവിഡ് വ്യാപനം ഭയപ്പെട്ടതിനേക്കാൾ ഭയാനകം; ഇന്നലെ ഒറ്റദിവസം കണ്ടെത്തിയത് 41,385 പുതിയ രോഗികളെ; മരണ നിരക്കിലും കുതിപ്പ്; ആർക്കും വീടുവിട്ടിറങ്ങാനാകാത്ത ടയർ-5 നിയന്ത്രണങ്ങൾ പരിഗണനയിൽ; എല്ലാം കൈവിട്ടുപോകുന്ന പേടിയിൽ ഒരു രാജ്യം
ലണ്ടൻ: കോവിഡിന്റെ ആദ്യ വരവിൽ ഉണ്ടായതിനേക്കാളേറെ രോഗികൾ ആശുപ്ത്രികളിൽ ചികിത്സ തേടിയെത്തുന്ന സാഹചര്യം ഉടലെടുത്തതോടെ കൂടുതൽ കർശനമായ ടയർ 5 നിയന്ത്രണങ്ങളെ കുറിച്ച് ആലോചിക്കുകയാണ് ബ്രിട്ടൻ. എൻ എച്ച് എസ് ഇംഗ്ലണ്ടിന്റെ കണക്കുപ്രകാരം ഇന്നലെ രാവിലെ 8 മണിക്ക് വിവിധ ആശുപത്രികളിലായി 20,426 കോവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. കൃത്യം ഒരാഴ്‌ച്ച മുൻപ് ഇവരുടെ എണ്ണം 17,700 ആയിരുന്നു. കാര്യങ്ങൾ കൈവിട്ടുപോകുന്ന സ്ഥിതി സംജാതമായതോടെ നവംബറിലെ ലോക്ക്ഡൗണിൽ ഉണ്ടായിരുന്നതിനേക്കാളേറേ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് ശാസ്ത്രോപദേശക സമിതി ബോറിസ് ജോൺസനോട് ആവശ്യപ്പെട്ടു.
ഈ പുതിയ നിയന്ത്രണങ്ങളെ ടയർ-5 എന്ന് വിളിക്കുമോ എന്നത് വ്യക്തമല്ലെങ്കിൽ കൂടി, ഈ നിയന്ത്രണ കാലയളവിൽ സെക്കണ്ടറി സ്‌കൂളുകളും, പബ്ബുകളും അത്യാവശ്യമല്ലാത്ത സാധനങ്ങൾ വിൽക്കുന്ന കടകളും എല്ലാം അടച്ചുപൂട്ടേണ്ടതായി വരും. ടയർ-4 ലെ നിയന്ത്രണങ്ങളേക്കാൾ എല്ലാവിധത്തിലും കടുത്ത നിയന്ത്രണമാണ് ആവശ്യമെന്ന് ശാസ്ത്രോപദേശക സമിതി പറഞ്ഞതായാണ് വിവരം.
പുതുവർഷാരംഭത്തിനു മുൻപ് തന്നെ എൻ എച്ച് എസ് ഇംഗ്ലണ്ടിന്റെ കീഴിലുള്ള ആശുപത്രികളിൽ ചികിത്സതേടിയെത്തുന്ന രോഗികളുടെ എണ്ണം ആദ്യവരവിലേതിനാക്കാൾ കൂടുമെന്ന് ഇന്നലെ പ്രവചിച്ചിരുന്നു. എന്നാൽ ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത് ആ നാഴികക്കല്ല് പ്രതീഷിച്ചതിലും മൂന്നോ നാലോ ദിവസങ്ങൾക്ക് മുൻപ് തന്നെ താണ്ടിക്കഴിഞ്ഞിരിക്കുന്നു എന്നാണ്. രോഗവ്യാപന ശേഷി വളരെയധികമുള്ള പുതിയ ഇനം കൊറോണ അതിവേഗം പടരുന്നതിനാൽ ആശുപത്രികൾക്ക് മീതെ സമ്മർദ്ദമേറുകയാണെന്ന് അധികൃതർ അറിയിച്ചു.
ആദ്യവരവിലെ, ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ഏപ്രിൽ 12 ന് ആശുപത്രികളിൽ ചികിത്സതേടിയെത്തിയത് 18,974 കോവിഡ് ബാധിതരായിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോൾ നിലവിലെ ചിത്രം വ്യക്തമാകും. കൂടുതൽ ഭയാനകമാണ് ഇന്നലെ പുതിയതായി രൊഗബാധ സ്ഥിരീകരിച്ച രോഗികളുടെ എണ്ണം. ഇന്നലെ മാത്രം 41, 385 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ലണ്ടനിലും തെക്ക് കിഴക്കൻ ഇംഗ്ലണ്ടിലും തെക്കൻ ഇംഗ്ലണ്ടിലും നിലവിൽ വന്ന ടയർ-4 നിയന്ത്രണങ്ങളുടെ ഫലം അറിയുവാൻ ഇനിയും കുറച്ചു ദിവസങ്ങൾ കൂടി കാത്തിരിക്കേണ്ടതുണ്ട്. ഇത്തരം നിയന്ത്രണങ്ങൾ നിലവിലുള്ള മേഖലകളിൽ രോഗവ്യാപനതോത് കുത്തനെ ഇടിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, കൃസ്ത്മസ്സിനു നിയന്ത്രണങ്ങളിൽ നൽകിയ ഇളവുകൾ തിരിച്ചടിച്ചേക്കുമെന്ന് ചില ആരോഗ്യ വിദഗ്ദർ ഭയക്കുന്നുമുണ്ട്. ഇത് രോഗവ്യാപനതോത് വർദ്ധിപ്പിക്കാൻ ഇടയുണ്ടെന്നാണ് അവർ പറയുന്നത്. സാധാരണയായി തിങ്കളാഴ്‌ച്ചകളിലും ബാങ്ക് അവധിദിനങ്ങളിലും കണക്കെടുപ്പ് സാവധാനത്തിൽ ആകുന്നതിനാൽ, മരണ സംഖ്യ സംബന്ധിച്ച് പൂർണ്ണ വിവരം ലഭിക്കാറില്ല. ഇന്നലെ ബ്രിട്ടനിൽ കോവിഡ് മൂലം മരണമടഞ്ഞവരുടെ എണ്ണം 357 ആണ്. എന്നാൽ ഇതിലധികം പേർ മരിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. അടുത്ത ദിവസത്തെ കണക്കിൽ ഇവരും ഉൾപ്പെടും.
നിലവിൽ ടയർ-2 മേഖലയിലുള്ള കമ്പ്രിയയിൽ രോഗവ്യാപനതോത് ക്രമാതീതമായി വർദ്ധിച്ചുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. രോഗവ്യാപനം ഡിസംബർ 22 ന് അവസാനിച്ച ആഴ്‌ച്ചയിലേതിനേക്കാൾ ഇരട്ടിയായി എന്നാണ് സൂചന. മറ്റു രണ്ട് ബറോകളിൽ കൂടി ഈ നിരക്കിലുള്ള രോഗവ്യാപനം ഉണ്ടായിട്ടുണ്ട്. ടയർ 4 നിയന്ത്രണ മേഖലകളിൽ പെന്റിത്തിലാണ് ജനസംഖ്യാ അടിസ്ഥാനത്തിൽ രോഗവ്യാപനതോത് ഏറ്റവുമധികം വർദ്ധിച്ചിട്ടുള്ളത്. അല്ലെർഡെയ്ൽ, കോപ്ലാൻഡ് എന്നിവിടങ്ങളിലും ഇരട്ടിയോളമായിട്ടുണ്ട് രോഗവ്യാപന തോത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
മറുനാടന് ഡെസ്ക്