- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബ്രിട്ടൻ സമ്പൂർണ്ണ ലോക്ക്ഡൗണിലേക്ക് നീങ്ങുമോ എന്ന് ഇന്നറിയാം; ലേബർ പാർട്ടി അടക്കം പറയുന്നത് അടച്ചിടാൻ; സ്‌കൂളുകൾ അടക്കം എല്ലാ സംവിധാനങ്ങൾക്കും മാസങ്ങളോളം പൂട്ടു വീണേക്കും
ലണ്ടൻ: ബ്രിട്ടനിൽ കോവിഡ് വ്യാപനം നിയന്ത്രണാധീതമായതോടെ മറ്റൊരു ദേശീയ ലോക്ക്ഡൗണിനായുള്ള മുറവിളി പല കോണുകളിൽ നിന്നായി ഉയർന്നു തുടങ്ങിക്കഴിഞ്ഞു. പ്രധാന പ്രതിപക്ഷ കക്ഷിയായ ലേബർ പാർട്ടി അടക്കം ലോക്ക്ഡൗൺ വേണമെന്ന് ആവശ്യപ്പെടുന്ന പശ്ചാത്തലത്തിൽ ഇന്ന് ഇതുസംബന്ധിച്ച ഒരു തീരുമാനം പ്രധാനമന്ത്രി ബോറിസ് ജോൺസൺ കൈക്കൊള്ളുമെന്നറിയുന്നു. ഇംഗ്ലണ്ടിന്റെ കൂടുതൽ ഭാഗങ്ങൾ ടയർ-4 നിയന്ത്രണമേഖലയിലേക്ക് വന്നേക്കാം എന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുമ്പോൾ, കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ വേണ്ടിവന്നേക്കും എന്ന സൂചനയാണ് ബോറിസ് ജോൺസൺ നൽകുന്നത്.
ഇപ്പോൾ തന്നെ രാജ്യത്തിന്റെ മുക്കാൽ ഭാഗത്തോളം പ്രദേശങ്ങളിൽ നിലവിലിരിക്കുന്ന കടുത്ത നിയന്ത്രണങ്ങളിൽ അത്യാവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളല്ലാതെ മറ്റൊന്നും തുറക്കുവാൻ അനുവാദമില്ല. അതുപോലെ ജനങ്ങൾ വീടുകളിൽ തന്നെ ഒതുങ്ങിക്കൂടുകയും വേണം. ഇതിനു പുറമേ സ്‌കൂളുകൾ അടച്ചിടുവാനും ആലോചിക്കുന്നതായി ബോറിസ് ജോൺസൺ പറഞ്ഞു. ലോക്ക്ഡൗൺ സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുന്ന സർക്കാരിന്റെ കോവിഡ് കമ്മിറ്റി ഭാവിപരിപാടികൾ തീരുമാനിക്കുന്നതിനായി ഇന്ന് യോഗം ചേരുന്നുണ്ട്.
വൈറസ് വ്യാപനം തടയുവാൻ കഴിയുന്നതിനും അപ്പുറമായതിനാൽ അടിയന്തരമായി ലോക്ക്ഡൗൺ നടപ്പിലാക്കുവാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഇന്നലെ ലേബർ പാർട്ടി നേതാവ് സർ കീർ സ്റ്റാർമർ ആവശ്യപ്പെട്ടിരുന്നു. ഞാൻ ചെയ്യുമെന്ന് പറയുകയും എന്നാൽ ചെയ്യാതിരിക്കുകയും ചെയ്യുന്ന ഒരു പ്രധാനമന്ത്രിയേയല്ല നമുക്ക് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ തലത്തിൽ ലോക്ക്ഡൗൺ നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്നു എന്ന് ബോറിസ് ജോൺസൺ നിരവധി തവണ പറയുകയും എന്നാൽ അത് വൈകിപ്പിക്കുകയും ചെയ്യുന്നത് ഇനിയും തുടരരുതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ടയർ-4 നിയന്ത്രണങ്ങൾ കോവിഡ് വ്യാപനം ചെറുക്കുന്നതിൽ ഫലവത്തായോ എന്ന കാര്യം ഇന്നു ചേരുന്ന കോവിഡ് കമ്മിറ്റി വിശകലനം ചെയ്യും. ഇത് കാര്യമായ ഫലം ഉണ്ടാക്കിയില്ലെന്നാണ് വിലയിരുത്തലെങ്കിൽ കൂടുതൽ കർശനമായ നിയന്ത്രണങ്ങളിലേക്ക് കടക്കും. നവംബറിൽ നടപ്പിലാക്കിയ ദേശീയ ലോക്ക്ഡൗണിനേക്കാൾ കടുത്ത നിയന്ത്രണങ്ങളായിരിക്കും നിലവിൽ വരിക എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
എന്നാൽ ഏതുതരത്തിലുള്ള നിയന്ത്രണങ്ങളായിരിക്കും വരിക എന്നതിനെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. സ്‌കൂളുകൾ അടച്ചിടരുത് എന്ന് സർക്കാർ ആഗ്രഹിക്കുന്നു എങ്കിലും അതും വേണ്ടിവരും എന്നാണ് സൂചന. കൂടുതൽ കടുത്ത സാമൂഹ്യ നിയന്ത്രണങ്ങൾ ഇല്ലാതെ അതിവ്യാപന ശേഷിയുള്ള വൈറസിനെ നിയന്ത്രിക്കാൻ കഴിയില്ലെന്ന അഭിപ്രായമാണ് സർക്കാരിന്റെ ശാസ്ത്രോപദേശക സമിതിയിലെ അംഗങ്ങൾക്കും ഉള്ളത്.
മറുനാടന് ഡെസ്ക്