- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രായപൂർത്തിയായവരിൽ പകുതിപേർക്കും ഈ ആഴ്‌ച്ച തന്നെ വാകിനേഷൻ പൂർത്തിയാക്കും; 50 വയസ്സിൽ താഴെയുള്ളവരുടെ ഘട്ടം ഈ മാസം ഒടുവിൽ തുടങ്ങും; ഇസ്രയേലിനു പിറകേ ബ്രിട്ടനും കോവിഡിനെതിരെ സമ്പൂർണ്ണ പ്രതിരോധം ലക്ഷ്യത്തിലേക്ക്
ലണ്ടൻ: ഇസ്രയേലിനു പിറകേ ബ്രിട്ടനും കോവിഡിനെതിരെ സമ്പൂർണ്ണ പ്രതിരോധം എന്ന ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ്. ബ്രിട്ടനിലെ പ്രായപൂർത്തിയായവരിൽ പകുതിപേർക്ക് ഈ വാരം അവസാനത്തോടെ വാക്സിൻ ലഭിക്കും. ഇതുവരെ രണ്ടരക്കോടി ജനങ്ങൾക്കെങ്കിലും വാക്സിന്റെ ആദ്യ ഡോസെങ്കിലും ലഭിച്ചുകഴിഞ്ഞു. ഈ ആഴ്‌ച്ച നൽകുന്ന വാക്സിനുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതോടെ വാരാന്ത്യത്തിനു മുൻപേ ലക്ഷ്യത്തിൽ എത്താനാകുമെന്നാണ് കണക്കുകൂട്ടൽ.
ഇതിനു പുറമേ വാക്സിൻ പാഴാകുന്നത് തടയുവാനായി, വാക്സിൻ നൽകുന്ന എല്ലാ സ്ലോട്ടുകളിലും വാക്സിൻ സ്വീകരിക്കാൻ ആളുണ്ടാകും എന്നത് ഉറപ്പുവരുത്താനുള്ള നടപടികൾ കൂടി ആരംഭിക്കുകയാണ് എൻ എച്ച് എസ്. ഇതിനായി ഒഴിവുവരുന്ന സമയത്ത് ചെറുപ്പക്കാർക്കുകൂടി വാക്സിൻ നൽകും. ഉദ്പാദനം കൂട്ടാൻ വേണ്ട നടപടികൾ ആരംഭിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് എൻ എച്ച് എസ് ഇംഗ്ലണ്ട് എല്ലാ വാക്സിൻ നിർമ്മാതാക്കൾക്കും കത്തുകൾ നൽകിക്കഴിഞ്ഞു. മാർച്ച് 15 മുതൽ ഇതുവരെ നൽകിയതിന്റെ ഇരട്ടി അളവ് വാക്സിൻ നൽകുവാനുള്ള തയ്യാറെടുപ്പുകൾ നടത്താനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
പ്രതീക്ഷിച്ചതുപോലെ കാര്യങ്ങൾ മുന്നോട്ടു നീങ്ങുകയാണെങ്കിൽ, മാർച്ച് 29 ന് മുൻപ് തന്നെ 50 വയസ്സിൽ താഴെയുള്ളവർക്ക് വാക്സിൻ നൽകി തുടങ്ങാനാകും. ഇതിനായി പ്രതിദിനം 2,80,000 ആദ്യഡോസ് വാക്സിനുകളെങ്കിലും നൽകേണ്ടതുണ്ട്. അതേസമയം, ഇത് ഇരട്ടിക്കാനാവുമെങ്കിൽ (അസ്ട്രസെനെക്കയിൽനിന്നും അധികതോതിൽ വാക്സിൻ ലഭ്യമാക്കാൻ കഴിയുമെന്ന് ചില വൃത്തങ്ങൾ പ്രത്യാശ പ്രകടിപ്പിച്ചിട്ടുണ്ട്) മാർച്ച് 20 നോടെ തന്നെ 50 വയസ്സിൽ താഴെയുള്ളവർക്ക് വാക്സിൻ നൽകി തുടങ്ങാനാകും.
മുൻഗണനയുള്ള വിഭാഗത്തിൽപെട്ടവരിൽ 90 ശതമാനം പേർക്കെങ്കിലും വാക്സിൻ നൽകണമെന്നാണ് സർക്കാർ ഉദ്ദേശിക്കുന്നത്. പ്രായമേറിയവർ, മറ്റ് രോഗങ്ങൾ ഉള്ളവർ, ആരോഗ്യ പ്രവർത്തകർ എന്നിവരൊക്കെ ഇതിൽ ഉൾപ്പെടും. ഇതേ വേഗതയിൽ പോകുകയാണെങ്കിൽ ബ്രിട്ടനിലെ മൊത്തം ജനസംഖ്യയിലെ 50 ശതമാനം പേർക്ക് ഈ ആഴ്‌ച്ച അവസാനത്തോടെ വാക്സിൻ ലഭ്യമാകും. എൻ എച്ച് എസ് നേരത്തേ തന്നെ മാർച്ച് പകുതിയോടെ കൂടുതൽ വാക്സിൻ നൽകുന്നതിനായി തയ്യാറെടുക്കാൻ വാക്സിൻ കേന്ദ്രങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു.
കഴിഞ്ഞയാഴ്‌ച്ച ശരാശരി ഒരു ദിവസം 2,80,000 വാക്സിൻ വീതമാണ് നൽകിയത്. എന്നാൽ ഫെബ്രുവരി ആരംഭത്തിൽ വാക്സിൻ പരിപാടിയുടെ ആദ്യഘട്ടത്തിൽ പ്രതിദിനം 4.5 ലക്ഷം വാക്സിനുകൾ വരെ നൽകിയിരുന്നു. നിലവിലെ പ്രതിദിന വാക്സിനുകളുടെ എണ്ണം ഇരട്ടിയാക്കി മാർച്ച് 20 ആകുമ്പോഴേക്കും മുൻഗണനാ വിഭാഗത്തിലെ 90 ശതമാനം പേർക്ക് വാക്സിൻ കൊടുത്തു തീർക്കുവാനാണ് എൻ എച്ച് എസ് ഇപ്പോൾ ഉദ്ദേശിക്കുന്നത്. ഇത് പ്രതിദിനം 4 ലക്ഷം വാക്സിനുകൾ എന്ന കണക്കിലായാൽ മാർച്ച് 23 ന് ലക്ഷ്യത്തിലെത്താൻ കഴിയും.
വെയിൽസിൽ 50 വയസ്സിൽ താഴെയുള്ളവർക്ക് വാക്സിൻ എടുക്കാനുള്ള നിർദ്ദേശം നൽകിക്കഴിഞ്ഞു. സ്‌കോട്ട്ലാൻഡ് 50-54 പ്രായപരിധിയിലുള്ളവർക്ക് കടുത്ത ആഴ്‌ച്ച മുതൽ വാക്സിൻ നൽകിത്തുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്.
മറുനാടന് ഡെസ്ക്