- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇതു കേരളമല്ല ബ്രിട്ടനാണ് ട്വിക്കിൻഹാം സ്റ്റേഡിയത്തിൽ വാക്സിൻ എടുക്കാൻ തടിച്ചു കൂടിയത് 15,000 പേർ; 18 കഴിഞ്ഞവർക്ക് വാക്സിനെന്ന പ്രഖ്യാപനം ഉണ്ടാക്കിയ പൊല്ലാപ്പിന്റെ കഥ
ലണ്ടൻ: കേരളത്തിലെ വാക്സിൻ കേന്ദ്രങ്ങളിൽ തടിച്ചുകൂടുന്ന ജനക്കൂട്ടം സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പടെ ഏറെ വിമർശനത്തിന് വിധേയമായതാണ്. ഏറെ ട്രോളുകളും ഇതുമായി ബന്ധപ്പെട്ട് വൈറലായിട്ടുണ്ട്. എന്നാൽ, ഒന്നറിയുക, വാക്സിനുവേണ്ടിയുള്ള പരാക്രമം കേവലം കേരളത്തിൽ ഒതുങ്ങുന്ന ഒന്നല്ല, മറിച്ച് ഇതൊരു ആഗോള പ്രതിഭാസമാണ്. ജീവിതമോ മരണമോ എന്ന ചോദ്യമുയർത്തി ഒരു രാക്ഷസവൈറസ് താണ്ഡവമാടുമ്പോൾ, ജീവനിൽ കൊതിയുള്ള ആരും രക്ഷപ്പെടാനുള്ള മാർഗ്ഗം തേടും. അതുതന്നെയാണ് വാക്സിൻ കേന്ദ്രങ്ങളിൽ തിരക്ക് വർദ്ധിപ്പിക്കുന്നതും.
ബ്രിട്ടനിലെ ട്വിക്കിൻഹാം സ്റ്റേഡിയത്തിൽ പ്രത്യേക ഏകദിന വാക്സിനേഷൻ പരിപാടിയിൽ പങ്കെടുത്ത് വാക്സിൻ എടുക്കുവാൻ ഇന്നലെ തടിച്ചുകൂടിയത് ആയിരക്കണക്കിന് യുവാക്കളായിരുന്നു. രാത്രി മുതൽ തന്നെ വാക്സിൻ എടുക്കാൻ എത്തിയവർ ക്യുവിൽ സ്ഥലം പിടിച്ചിരുന്നു. 30 വയസ്സിൽ തഴെയുള്ളവർക്ക് ഈ പ്രത്യേക വാക്സിൻ പരിപാടിയിൽ നിന്നു വാക്സിൻ ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടർന്നായിരുന്നു ജനകൂട്ടം ആർത്തലച്ചെത്തിയത്.
ഹൗൺസ്ലോ ഏരിയയിൽ ഇന്ത്യൻ വകഭേദം കാട്ടുതീ പോലെ പടരുന്ന പശ്ചാത്തലത്തിലാണ് സാധാരണയായി നൽകുന്ന വാക്സിനു പുറമേ 15,000 അധിക ഡോസുകൾ കൂടി നൽകി വാക്സിൻ പദ്ധതിക്ക് വേഗത കൂട്ടുവാൻ സംഘാടകർ ആലോചിച്ചത്. എന്നാൽ, തിരക്കേറിയതോടെ 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകുവാൻ തീരുമാനിക്കുകയായിരുന്നു. ബ്രിട്ടനിൽ മൂന്നാം തരംഗം ആരംഭിച്ചിരിക്കുന്നു എന്ന ചിലരുടെ പ്രഖ്യാപനം കൂടി വന്നതോടെ വാക്സിന് ആവശ്യക്കാർ ഏറെയാവുകയായിരുന്നു.
തിരക്കിൽ നീണ്ടനേരം ക്യു നിന്നിട്ടും പലർക്കും വാക്സിൻ എടുക്കാനായില്ല. ആകെ 15,000 ഡോസുകൾ മാത്രമാണ് ഉണ്ടായിരുന്നത് എന്നതായിരുന്നു കാരണം. നിരവധി ചെറുപ്പക്കാരാണ് വാക്സിൻ ലഭിക്കാതെ മടങ്ങിയത്. ഇത്തരത്തിലുള്ള പ്രത്യേക വാക്സിൻ പദ്ധതികളിലൂടെ തങ്ങൾക്കും വാക്സിൻ പെട്ടെന്ന് ലഭ്യമാക്കണമെന്ന് അവരിൽ പലരും സർക്കാരിനോട് ആവശ്യപ്പെട്ടു.
നിലവിൽ 30 വയസ്സിനു മുകളിലുള്ളവർക്കാണ് വാക്സിൻ നൽകുന്നത്. അതനുസരിച്ച് 30 വയസ്സിനു മേലുള്ളവർക്ക് വാക്സിൻ നൽകാനായിരുന്നു ഈ പ്രത്യേക പരിപാടിയിലുമാദ്യം ഉദ്ദേശിച്ചിരുന്നത്. എന്നാൽ, 3 മണിക്ക് ശേഷമായിരുന്നു കൂടുതൽ ആളുകളെ ഉൾക്കൊള്ളിക്കാൻ തീരുമാനിച്ചത്. വാക്സിനുകൾ ലഭ്യമാണെന്നും വൈകിട്ട് 7 മണിവരെ ലഭ്യമാണെന്നും അറിയിപ്പ് ലഭിച്ചതിനെ തുടർന്നായിരുന്നു ജനക്കൂട്ടം സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്.
അതേസമയം, രണ്ടാം ഡോസ് ലഭിക്കാനുള്ളവർക്ക് അത് നൽകുന്നതിൽ മുൻഗണന നൽകണമെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഏകദേശം 5 മില്ല്യൺ ആളുകൾക്ക് അവരുടെ രണ്ടാം ഡോസിന്റെ സമയം ആയിരിക്കുകയാണ്. അവർക്ക് രണ്ടാം ഡോസ് നൽകി പൂർത്തിയാക്കുവാൻ പ്രതിദിനം 2,25,000 പേർക്ക് കൂടുതലായി രണ്ടാം ഡോസ് നൽകുന്ന പദ്ധതി രൂപീകരിച്ചിട്ടുണ്ട്. കഴിഞ്ഞയഴ്‌ച്ചയിൽ പ്രതിദിനം ശരാശരി 4 ലക്ഷം പേർക്കായിരുന്നു രണ്ടാം ഡോസ് നൽകിയിരുന്നത്. ഇനിമുതൽ 2.5 ലക്ഷം പേർക്ക് കൂടി അധികമായി ഓരോ ദിവസവും രണ്ടാം ഡോസ് നൽകും.
മറുനാടന് ഡെസ്ക്