- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രോഗികളുടെ എണ്ണത്തിൽ വർദ്ധന ഉണ്ടായെങ്കിലും വ്യപനം കുറഞ്ഞു; വാക്സിൻ കൊണ്ട് കോവിഡിനെ കീഴടക്കുന്ന ആദ്യരാജ്യമായി ബ്രിട്ടൻ മാറും; ജനുവരിയോടെ കോവിഡ് ടെസ്റ്റിങ് അവസാനിപ്പിച്ചേക്കും
ലണ്ടൻ: ഒരാഴ്‌ച്ച കൊണ്ട് ബ്രിട്ടനിലെ കോവിഡ് വ്യാപനതോത് 13.1 ശതമാനമാണ് വർദ്ധിച്ചത്. അതേസമയം മരണനിരക്ക് തുടർച്ചയായി നാലാം ദിവസവും താഴേക്ക് തന്നെയാണ് പോകുന്നത്. ഇന്നലെ 44,917 പേർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ തിങ്കളാഴ്‌ച്ചയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 13.1 ശതമാനത്തിന്റെ വർദ്ധനവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. ഹാഫ് ടേം ഒഴിവുദിനങ്ങൾ കഴിഞ്ഞ് സ്‌കൂളുകൾ തുറന്നതോടെ വ്യാപനം വർദ്ധിക്കുവാൻ തുടങ്ങിയതായിട്ടാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതേസമയം മരണനിരക്കും, ചികിത്സതേടി ആശുപത്രികളിലെത്തുന്നവരുടെ എണ്ണവും കുറഞ്ഞുവരുന്നത് ഏറെ ആശ്വാസദായകമാണ്. അതേപോലെ ബൂസ്റ്ററിന്റെ കാര്യക്ഷമത വിളിച്ചു പറയുന്ന തരത്തിൽ 80 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ രോഗവ്യാപന തോത് കാര്യമായി കുറഞ്ഞിട്ടുണ്ട്. മറ്റുള്ളവർക്ക് കൂടി ബൂസ്റ്റർ ഡോസ് നൽകാനുള്ള തീരുമാനം എടുത്തതോടെ വാക്സിൻ കൊണ്ട് രോഗത്തെ തടയാമെന്ന വിശ്വാസം വർദ്ധിപ്പിക്കുവാൻ ഇത് കാരണമായിട്ടുണ്ട്.
ശൈത്യകാലത്ത് ആകമാനം കോവിഡ് വ്യാപന നിരക്ക് കൂടിയും കുറഞ്ഞുമിരിക്കുമെന്ന് വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. എന്നാൽ, വാക്സിൻ പദ്ധതി വ്യാപകമായി നടക്കുന്നതിനാൽ മരണനിരക്കും ചികിത്സതേടി ആശുപത്രികളിൽ ചികിത്സയ്ക്ക് എത്തുന്നവരുടെ എണ്ണവും വർദ്ധിക്കുകയില്ലെന്നും ഇവർ പറയുന്നു. വാക്സിൻ നൽകുന്ന പ്രതിരോധത്തോടൊപ്പം നിലവിൽ കോവിഡ് വന്ന് സുഖം പ്രാപിച്ചവരിൽ ഉണ്ടാകുന്ന സ്വാഭാവിക പ്രതിരോധശേഷിയും സമൂഹ പ്രതിരോധശേഷി അഥവാ ഹേർഡ് ഇമ്മ്യുണിറ്റി ഉണ്ടാകുവാൻ കാരണമാകുമെന്നും വിദഗ്ദർ പറയുന്നു.
വേനൽക്കാലത്ത് കോവിഡ് നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞപ്പോൾ വൈറസ് വ്യാപനം വളരെ ഉയർന്ന രീതിയിൽ ഉണ്ടായി. ഇത് വൈറസിനെതിരെയുള്ള സ്വാഭാവിക പ്രതിരോധശേഷി കൂടുതൽ പേരിൽ ഉണ്ടാകാൻ ഇടയായി. ഇപ്പോൾ വ്യാപകമായ ബൂസ്റ്റർ ഡോസ് പദ്ധതികൂടി വിജയത്തിലെത്തുന്നതോടെ കോവിഡിനെ കീഴടക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി ബ്രിട്ടൻ മാറുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി നദിം സഹാവി പറഞ്ഞു. അതേസമയം യൂറോപ്പിലാകെ അലയടിക്കുന്ന കോവിഡ് തരംഗം ബ്രിട്ടനിലെത്താതിരിക്കാൻ ചില നിയന്ത്രണങ്ങൾ തിരികെ കൊണ്ടുവരണമെന്ന് വാദിക്കുന്നവരും ഉണ്ട്.
വരുന്ന ജനുവരിയോടെ കോവിഡ് പൂർണ്ണമായും നിയന്ത്രണത്തിലാകുമെന്നാണ് കണക്കുകൂട്ടൽ. അതുകൊണ്ടു തന്നെ വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തുന്നവർക്കുള്ള കോവിഡ് പരിശോധന ജനുവരി മുതൽ വേണ്ടെന്ന് വെച്ചേക്കുമെന്ന് ചില കേന്ദ്രങ്ങളിൽ നിന്നും അറിയുവാൻ കഴിഞ്ഞിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസ് വിശകലനം ചെയ്തുകൊണ്ടിരിക്കുകയാണെന്നാണ് വ്യോമയാന മന്ത്രി റോബർട്ട് കോർട്ട്സ് പറഞ്ഞത്.
നിലവിൽ ബ്രിട്ടനിലേക്ക് യാത്രചെയ്യുന്നവരെല്ലാം, അവർ വാക്സിൻ രണ്ടു ഡോസുകൾ എടുത്തവരായാൽ പോലും നിർബന്ധമായും കോവിഡ് പരിശോധനക്ക് വിധേയരാകണം. എന്നാൽ, വാക്സിനേഷൻ എടുത്തവർക്ക് ചെലവേറിയ പി സി ആർ ടെസ്റ്റ് നടത്തേണ്ടതില്ല പകരം അവർക്ക് ചെലവു കുറഞ്ഞ ലാറ്ററൽ ഫ്ളോ പരിശോധന നടത്തിയാൽ മതിയാകും. ഈ പരിശോധനയിൽ പോസിറ്റീവ് ആയാൽ മാത്രം ഇവർ പി സി ആർ ടെസ്റ്റിന് വിധേയരായാൽ മതി.
മറുനാടന് ഡെസ്ക്