ലണ്ടൻ: നൈജീരിയയിൽ നിന്നും ബോൺമൗത്ത് എയർപോർട്ടിലേക്ക് മാക്സ് എയർ വിമാനം പറത്തിയെത്തി ക്യാപ്റ്റനെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്ത് നാട് കടത്തിയത് വൻ വിവാദമാകുന്നു. ക്യാപ്റ്റനെ അറസ്റ്റ് ചെയ്തതോടെ വിമാനം പറത്താൻ ആളില്ലാതെ നഷ്ടം സഹിക്കുകയാണ് ഈ വിമാനക്കമ്പനി. ബ്രിട്ടീഷ് പൊലീസിന്റെ വംശീയ വെറിക്കെതിരെ നൈജിരിയയിൽ കടുത്ത പ്രതിഷേധമാണ് ഇരമ്പുന്നത്. വിമാനത്തിന്റെ ക്യാപ്റ്റൻ അനധികൃതമായി ഇവിടെയെത്തിയെന്ന സംശയത്തെ തുടർന്നാണ് ഇയാളെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ബോൺമൗത്ത് ഇന്റർനാഷണൽ എയർപോർട്ടിലെ ബോർഡർ സ്റ്റാഫിന്റെ നടപടിയെ മാക്സ് എയർ ശക്തമായ ഭാഷയിലാണ് അപലപിച്ചിരിക്കുന്നത്. ഹോം ഓഫീസിന്റെ വിദ്വേഷം പുലർത്തുന്ന നയത്തിന് ഉദാഹരണമാണിതെന്നും വിമാനക്കമ്പനി എടുത്ത് കാട്ടുന്നു. മറ്റൊരു പൈലറ്റിനെ ഈ വിമാനം പറത്താൻ കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്ന് വിമാനക്കമ്പനിക്ക് ദിവസം തോറും 180,000 പൗണ്ടിന്റെ നഷ്ടമാണ് സഹിക്കേണ്ടി വരുന്നത്. ഈ വിമാനത്തിന്റെ ക്യാപ്റ്റനായ ആദം ഡൽഹി ഇബ്രാഹിമിനെ(36) അറസ്റ്റ് ചെയ്ത് മറ്റൊരു വിമാനത്തിൽ നാടു കടത്തുകയായിരുന്നു.

നാട് കടത്തുന്നതിന് മുമ്പ് ഇബ്രാഹിമിനെ ചോദ്യം ചെയ്യുകയും വിരലടയാള പരിശോധനയ്ക്ക് വിധേയമാക്കുകയും ഫോട്ടോയെടുക്കുകയും ചെയ്തിരുന്നു. ഈ പൈലറ്റിന് യുകെയിലേക്ക് പ്രവേശിക്കാൻ അനുമതിയില്ലെന്നിരിക്കെ ഇവിടേക്ക് വന്നതിന്റെ പേരിലാണ് അറസ്റ്റ് ചെയ്തതെന്നാണ് ഔദ്യോഗിക വിശദീകരണം. തങ്ങൾക്ക് യുകെയിലെ ഇമിഗ്രേഷൻ ഒഫീഷ്യലുകളിൽ നിന്നു വളരെക്കാലമായി ഇത്തരം ദ്രോഹനടപടികൾ നേരിടേണ്ടി വരുന്നുണ്ടെന്നാണ് മാക്സ് എയറിന്റെ വിമാനങ്ങൾ മെയിന്റയിൻ ചെയ്യുന്നതിന്റെ ഉത്തരവാദിത്വമുള്ള ഫ്രാങ്ക് ഉനോക്സൻ പ്രതികരിച്ചിരിക്കുന്നത്.

ക്യാപ്റ്റൻ തെറ്റൊന്നും ചെയ്യാതെ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് നാടു കടത്തിയതെന്നാണ് ഇക്കാര്യത്തിൽ തനിക്ക് ലജ്ജ തോന്നുന്നുവെന്നും ഇത് ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണെന്നും ഉനോക്സൻ ആരോപിക്കുന്നു. യുകെയിലെ മനുഷ്യത്വരഹിതമായ കുടിയേറ്റ നയങ്ങൾ മൂലം മറ്റ് കോമൺവെൽത്ത് രാജ്യങ്ങളിലെ പൗരന്മാർക്കും ഇത്തരത്തിൽ കഷ്ടപ്പാടുകൾ അനുഭവിക്കേണ്ടി വരുന്നുവെന്നും ഉനോക്സൻ പറയുന്നു.

പുതിയ നടപടിയെ തുടർന്ന് യുകെയുമായുള്ള ഇടപാട് അവസാനിപ്പിക്കാനും പകരം ബിസിനസ് ജർമനിയിലേക്ക് മാറ്റാനും മാക്സ് എയർ ആലോചിക്കുന്നുവെന്ന് റിപ്പോർട്ടുണ്ട്. 1971ലെ ഇമിഗ്രേഷൻ ആക്ട് പ്രകാരമാണ് പൈലറ്റിനെതിരെ നടപടിയെടുത്തിരിക്കുന്നത്. പൈലറ്റ് അല്ലെങ്കിൽ ക്രൂ മെമ്പർമാർ ഏഴ് ദിവസത്തിനകം യുകെ വിട്ട് പോകുന്നുവെങ്കിൽ അവർക്ക് ലീവ് ടു എന്റർ ആവശ്യമില്ലെന്നാണ് ഈ നിയമം പറയുന്നത്. എന്നാൽ ഇബ്രാഹിം അതിലും കൂടുതൽ ദിവസം യുകെയിൽ കഴിഞ്ഞതിനെ തുടർന്നാണ് അറസ്റ്റ് നടന്നിരിക്കുന്നത്.