ലണ്ടൻ: പുതുവൽസരാഘോഷത്തിനിടെ ബ്രിട്ടനിലെ ലിവർപൂളിൽ ബഹുനില കാർ പാർക്ക് സമുച്ചയത്തിനു തീപിടിച്ചതോടെ കത്തിനശിച്ചത്് 1,400 കാറുകൾ. ലിവർപൂളിലെ എക്കോ അരീന കാർ പാർക്കിലാണ് കാറുകൾ മണിക്കൂറുകൾക്കുള്ളിൽ ചാരമായത്. കോടികളുടെ നഷ്ടമാണ് ഉണ്ടായത്. എന്നാൽ ആളപായമില്ല.

ഒരു കാറിലുണ്ടായ തീയാണ് പിന്നീട് മറ്റുകാറുകളിലേക്കും പടർന്ന് വൻ ദുരന്തമായി മാറിയതെന്നാണ് റിപ്പോർട്ടുകൾ. 1,600 കാറുകൾക്ക് പാർക്കു ചെയ്യാവുന്ന ബഹുനില മന്ദിരമായിരുന്നു ഇത്. 21 ഫയർ യൂണിറ്റുകൾ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിലൂടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സമീപപ്രദേശങ്ങളിലെ കെട്ടിടങ്ങളിൽനിന്നെല്ലാം ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു.