- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അമ്മയും മകനും ബന്ധുവും മുങ്ങി മരിച്ചതോടെ ഉയർന്ന ചൂടിലും വേനൽ മഴയിലും മരിച്ചവരുടെ എണ്ണം 30 ആയി; ബ്രിട്ടൻ നിനച്ചിരിക്കാതെ അപകടത്തിൽ പെട്ടതിങ്ങനെ
ലണ്ടൻ: കഴിഞ്ഞ ഒരാഴ്ച്ചയിൽ പ്രകൃതിക്ഷോഭത്തിൽ ബ്രിട്ടനിൽ മരിച്ചവരുടെ എണ്ണം 30 ആയി. ലോക്ക് ലമോണ്ടിൽ ഒമ്പതുവയസ്സുള്ള ഒരു ആൺകുട്ടിയും അമ്മയും അവരുടെ കുടുംബ സുഹൃത്തും മുങ്ങിമരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ് മരണസംഖ്യ 30 ആയി ഉയർന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച്ച രാത്രി സ്കോട്ട്ലാൻഡിലെ ഏറ്റവും വലിയ തടാകത്തിലാണ് ഈ ദുരന്തമുണ്ടായത്. എഡിന ഒലാഹോവ എന്ന 29 കാരിയും അവരുടെ മകൻ റാണ ഹരിസ് അലിയും കുടുംബ സുഹൃത്ത് അലി മുഹമ്മദ് അസിം റാസ എന്ന 41 കാരനുമാണ് മുങ്ങി മരിച്ചത്. റാസയുടെ ഏഴുവയസ്സുള്ള മകൻ ആശുപത്രിയിൽ ജീവനുവേണ്ടി മല്ലടിക്കുകയാണ്.
ഒലാഹൊവയുടെ ഭർത്താവ് വാരിസ് അലിയും ഇവരോടൊപ്പമുണ്ടായിരുന്നു. ഉഷ്ണതരംഗത്തിൽ നിന്നും രക്ഷനേടാൻ എത്തിയ രണ്ടും കുടുംബങ്ങളും തടാകക്കരയിൽ അഹ്ലാദത്തോടെ സമയം ചെലവിടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ കൂടി പുറത്തുവന്നു. അതിന് അല്പം സമയം കഴിഞ്ഞാണ് അപകടമുണ്ടായത്. ഇരുകൂട്ടരുടെയും ബന്ധുക്കളെ ഇവരുടെ മരണവിവരം അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച്ച 16 വയസ്സുള്ള ഒരു ആൺകുട്ടിയും ബോട്ടുയാത്രയ്ക്കിടെ ഇവിടെ മരണമടഞ്ഞിരുന്നു.
തടാകങ്ങളിൽ ഇത്തരത്തിലുള്ള അപകടങ്ങളുണ്ടാക്കുന്നത് തടയാൻ എന്തെല്ലാം നടപടികൾ സ്വീകരിക്കാനാകുമെന്ന കാര്യം ചർച്ച ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. ഈ തടാകം സ്ഥിതിചെയ്യുന്ന നാഷണൽ പാർക്കിന്റെ ചരിത്രത്തിലെ ഏറ്റവും മോശമായ വാരാന്ത്യമായിരുന്നു ഇതെന്ന് പറഞ്ഞ അധികൃതർ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അറിയിച്ചു. മറ്റൊരു സംഭവത്തിൽ സൗത്ത് ലങ്കാഷയറിലെ അലക്സാണ്ടർ ഹാമിൽട്ടൺ മെമോറിയൽ പാർക്കിൽ ഒരു 11 വയസ്സുകാരനും മുങ്ങി മരിച്ചു. ശനിയാഴ്ച്ച ഉച്ചതിരിഞ്ഞാണ് ഈ സംഭവം ഉണ്ടായത്.
കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെയാണ് ഈ കൗമാർക്കാരൻ തടാകത്തിൽ വീണത്. വിവരം അറിഞ്ഞയുടൻ രക്ഷാപ്രവർത്തകർ രംഗത്തെത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ ആയില്ല. വൈകിട്ട് നാലരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ച്ച ഗൗനയിലെ സ്വാൻ തടാകത്തിൽ അകപ്പെട്ട ഒമ്പതു വയസ്സുകാരനായ മകനെ രക്ഷിക്കുവാനുള്ള ശ്രമത്തിനിടയിൽ ഐറിഷ് സ്വദേശിയായ അമ്മ നടാഷ കോർ (29) മരണമടഞ്ഞു. വളരെ ആഴമുള്ള ഭാഗത്താണ് അവർ നീന്താൻ ഇറങ്ങിയതെന്നും സാധാരണയായി ആരും ആ ഭാഗത്ത് ഇറങ്ങാറില്ലെന്നും അധികൃതർ പറയുന്നു.
മറ്റൊരു സംഭവത്തിൽ ബാലോക്ക് കൺട്രിപാർക്കിലെ തടാകത്തിൽ ഒരു 16 വയസ്സുകാരൻ മുങ്ങിമരിച്ചു. വെള്ളിയാഴ്ച്ചയായിരുന്നു ഈ സംഭവം നടന്നത്. കോൺവാൾ തീരത്ത് ഒരു 30 കാരനും യോർക്ക്ഷയറിൽ ഒരു 19 കാരനും സമാനമായ സാഹചര്യത്തിൽ മുങ്ങിമരിച്ചു. നോർത്ത് യോർക്ക് ഷയറിൽ ഒരു 55 കാരൻ തന്റെ മക്കളുടെ മുൻപിലാണ് മുങ്ങി മരിച്ചത്.
മറുനാടന് ഡെസ്ക്