ലണ്ടൻ: കൗമാരക്കാരോട് ലൈംഗിക അഭ്യർത്ഥന നടത്തി കുടുങ്ങി ബ്രിട്ടനിലെ മലയാളി യുവാവ്. ഒരു മാസത്തിനിടയിൽ രണ്ടാമത്തെ മലയാളിയാണ് രഹസ്യ നിരീക്ഷണ സംഘത്തിന്റെ ഒളികാമറയിൽ കുടുങ്ങി. ഇത്തവണയും കൗമാരക്കാരുമായുള്ള ലൈംഗിക കേളിക്ക് താല്പര്യം ഉണ്ടെന്നു വ്യക്തമാക്കിയ മലയാളി യുവാവിനെയാണ് നോർത്ത് ലണ്ടനിൽ നടന്ന ഒളികാമറ ഓപ്പറേഷനിൽ കുടുക്കിയത്. ജിഷ്ണു വേണുഗോപാൽ (യഥാർത്ഥ പേരല്ല) എന്ന യുവാവ് കുടുങ്ങിയതോടെ ഇനിയും കൂടുതൽ മലയാളി വിദ്യാർത്ഥികൾ തങ്ങളുടെ പക്കൽ നിരീക്ഷണത്തിൽ ഉണ്ടെന്നു രഹസ്യ വിവര ശേഖരം നടത്തിയ സംഘം വക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം സഞ്ജയ് സി പിള്ളയെന്ന യുവാവും കുടുങ്ങിയിരുന്നു.

ഒരാഴ്ച മുൻപ് നടന്ന ജിഷ്ണുവിന്റെ അറസ്റ്റിനെ തുടർന്നുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. കഴിഞ്ഞ മാസം അറസ്റ്റിലായ സഞ്ജയ് പിള്ളയുടേതിന് സമാനമായി രണ്ടു യുവതികളെ മുന്നിൽ നിർത്തിയാണ് തെളിവ് ശേഖരണം സാധ്യമാക്കിയത്. ഇതിനിടയിൽ ജിഷ്ണുവിനെ കുടുക്കാനുള്ള എല്ലാ തെളിവുകളും ഒളികാമറ വഴി സംഘം ശേഖരിക്കുകയും ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളായി അഭിനയിച്ചാണ് ജിഷ്ണുവിനെ പീഡകനാക്കി മാറ്റിയത് എന്നും വ്യക്തമായിട്ടുണ്ട്. ഇയാൾ ഏതു യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയാണ് എന്ന കാര്യത്തിലും വ്യക്തത വരാനുണ്ട്.

മുൻപ് സഞ്ജയ് എന്ന വിദ്യാർത്ഥി അറസ്റ്റിലായിരുന്നു. എന്നാൽ ഇത്തരം കാര്യങ്ങൾ കണ്ടാലും കേട്ടാലും മനസിലാക്കാൻ തയ്യാറാകാത്ത മട്ടിൽ പെരുമാറുന്ന യുവാക്കളെ കുറിച്ച് പല തരത്തിൽ പരാതികൾ മലയാളി സമൂഹത്തിൽ പ്രചരിക്കുകയാണ്. ഇക്കാരണത്താൽ പുതുതായി അഡ്‌മിഷൻ തേടിയെത്തുന്നവർക്കു വാടക വീടുകൾ പോലും നൽകാൻ പലരും മടിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ നവംബർ മുതൽ പുറത്തു വന്നത് മൂന്നു മലയാളി യുവാക്കളെ കുറിച്ചുള്ള പരാതികൾ ആണെങ്കിലും അസംഖ്യം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുകയാണ് എന്നും വ്യക്തമാണ്.

അടുത്തടുത്തായി രണ്ടു മലയാളി യുവാക്കളെ കുടുക്കാനായതോടെ നിരീക്ഷക സംഘവും ആവേശത്തിലാണ്. കൂടുതൽ പേരുടെ വിവര ശേഖരമാണ് ഇപ്പോൾ നടത്തുന്നതെന്നും സിംപ്ലി ഡെക്കോയ്‌സ് എന്ന ഈ ഗ്രൂപ്പ് വെളിപ്പെടുത്തുന്നു. ഇതിനർത്ഥം വരും ദിവസങ്ങളിൽ കൂടുതൽ മലയാളി വിദ്യാർത്ഥികൾ കുടുങ്ങാൻ ഇടയുണ്ട് എന്ന് തന്നെയാണ്. മുൻകാലങ്ങളിൽ കേസും വിചാരണയും ജയിൽവാസവും ഒക്കെ നൽകിയിരുന്ന സ്ഥാനത്തു ഇപ്പോൾ ഇത്തരം കേസുകളിൽ പത്തു വർഷത്തെ വിലക്കുമായി നേരെ കേരളത്തിലേക്ക് ഏറ്റവും അടുത്ത് ലഭ്യമായ വിമാനത്തിൽ കയറ്റി അയക്കുന്ന രീതിയാണ് പൊലീസ് സ്വീകരിക്കുന്നത് എന്നും വ്യക്തമാകുന്നുണ്ട്.

ഇക്കാരണത്താൽ നിരപരാധി ആണെങ്കിൽ പോലും അത് തെളിയിക്കപ്പെടാൻ ഉള്ള സാവകാശം പോലും ലഭിക്കുന്നില്ല. മുൻപ് ഒരു വ്യാജ പരാതിയിൽ ലണ്ടനിൽ മലയാളി വിദ്യാർത്ഥി കുടുങ്ങിയപ്പോൾ സൗജന്യ നിയമ സഹായവുമായി ബ്രിട്ടീഷ് ആക്ടിവിസ്‌റ് രംഗത്ത് വന്നതോടെ മലയാളി വിദ്യാർത്ഥിയുടെ നിരപരാധിത്വം കോടതിയിൽ തെളിയിക്കപ്പെട്ടിരുന്നു. എന്നാൽ നിലവിൽ അത്തരം ഒരു സാധ്യത പോലും നൽകാതെയാണ് രഹസ്യ പൊലീസ് വിഭാഗത്തിന്റെ പ്രവർത്തനം എന്നും വെളിപ്പെടുകയാണ് അടുത്ത കാലത്തായി യുകെയിൽ നിന്നും ഡീപോർട് ചെയ്യപ്പെട്ട വിദ്യാർത്ഥികളുടെ എണ്ണം വ്യക്തമാക്കുന്നത് .

മാഞ്ചസ്റ്ററിൽ 27 കാരനായ സരോജ് എന്ന മലയാളി വിദ്യാർത്ഥി കൂടെ ജോലി ചെയുന്ന ബ്രിട്ടീഷ്‌കാരിയെ ബലമായി ചുംബിക്കാൻ ശ്രമിച്ചതിന് തലനാരിഴക്കാണ് ഇക്കഴിഞ്ഞ നവംബറിൽ ജയിൽ ശിക്ഷയിൽ നിന്നും രക്ഷപെട്ടത്. ഇത്തരത്തിൽ ഡീപോർട് ചെയ്യപ്പെട്ട വിദ്യാർത്ഥികൾക്ക് യുകെ മാത്രമല്ല, ഓസ്ട്രേലിയ, കാനഡ, ന്യുസിലാൻഡ്, അമേരിക്ക് എന്നീ രാജ്യങ്ങളിൽ പോകാനും സ്വാഭാവിക വിലക്കുണ്ടാകും. ഇക്കാരണത്താൽ വലിയ സ്വാതന്ത്രം ഒന്നും താത്കാലിക ജോലിക്കെത്തുന്ന സ്ഥലങ്ങളിൽ എടുക്കാതിരിക്കുക എന്നതാണ് മുൻകരുതൽ എന്ന നിലയിൽ ഏറ്റവും സ്വീകാര്യമായ മാർഗം.