ലണ്ടൻ: വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ബ്രിട്ടനിലെ ഈസ്റ്റ് ലണ്ടനിലെ ഹൈദരാബാദ് വാല റെസ്റ്റോറന്റിൽ നടന്ന കത്തിക്കുത്തിൽ പരുക്കേറ്റ മലയാളി വിദ്യാർത്ഥിനി ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തന്നെയെന്നാണ് പൊലീസ് പുറത്തു വിടുന്ന സൂചനകൾ. യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനിയായ മോനാ ലിജു ( യഥാർത്ഥ പേരല്ല) വിനേറ്റ കുത്തുകൾ പ്രണയപ്പകയുടെ ഫലമെന്ന സൂചനകളാണ് പുറത്തു വരുന്നത്.

അക്രമിയും ഇതേ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥിയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും പൊലീസ് സംഭവം സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തു വിടുന്നില്ല. അക്രമി പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യലിന് വിധേയനാകുകയാണ്. സംഭവം നടന്ന ഈസ്റ്റ് ലണ്ടനിലെ ഹൈദരാബാദി റെസ്റ്റോറന്റ് തെലുങ്ക് വംശജയായ സ്ത്രീയുടെ ഉടമസ്ഥതയിലാണ് പ്രവർത്തിക്കുന്നത്.

മലയാളി വിദ്യാർത്ഥിനിയെ കുത്തിയ യുവാവും തെലുങ്ക് വംശജൻ ആണെന്ന് പറയപ്പെടുന്നു. സംഭവം നടന്ന റെസ്റ്റോറന്റ് ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്. നിരവധി തവണ യുവാവ് പെൺകുട്ടിയെ കുത്തുന്ന ദൃശ്യങ്ങളാണ് സിസിടിവി ഫുട്ടേജിൽ നിന്നും ലഭ്യമാകുന്നത്. കുത്തേറ്റ് നിലത്തു വീണ പെൺകുട്ടിയെ വീണ്ടും വീണ്ടും കുത്തുന്ന യുവാവിന്റെ ദൃശ്യങ്ങൾ ഭയപ്പെടുത്തുന്നതാണ്.

തടയാൻ ശ്രമിച്ച ഹോട്ടൽ ജീവനക്കാരെയും ഭക്ഷണം കഴിക്കാനെത്തിയവരെയും കത്തി കാട്ടി ഭയപ്പെടുത്തി അകറ്റിയ ശേഷം പെൺകുട്ടിയെ വീണ്ടും വീണ്ടും ആക്രമിക്കുകയായിരുന്നു യുവാവ്. ന്യൂ ഹാമിലെ ബർകിങ് റോഡിൽ നടന്ന സംഭവം പ്രദേശത്തുള്ള മലയാളി സമൂഹത്തെയും ഭയചകിതരാക്കിയിരിക്കുകയാണ്.

മുൻപും പല വട്ടം അക്രമ സംഭവങ്ങൾക്കു സാക്ഷിയായ റെസ്റ്റോറന്റിൽ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾ പതിവായി ജോലി തേടി എത്തുന്ന സ്ഥലം കൂടിയാണ്. കഴിഞ്ഞ ദിവസത്തെ സംഭവം മൂലം റെസ്റ്റോറന്റുകളിൽ ജോലി ചെയ്യുന്ന മലയാളി വിദ്യാർത്ഥികൾ ഭയ ചകിതരാണ്. തുടക്കത്തിൽ ഭീകര അക്രമം പോലെ തോന്നിച്ച സംഭവം വളരെ പെട്ടെന്ന് തന്നെ പരിചയക്കാരായ യുവാവും യുവതിയും തമ്മിലുള്ള പ്രശ്നങ്ങളെ തുടർന്നാണെന്നു വിവരം പുറത്തു വന്നതോടെ ആദ്യ ആശങ്കയിൽ നിന്നും വിടുതൽ നേടുകയാണ് ലണ്ടനിലെ ഇന്ത്യൻ വിദ്യാർത്ഥി സമൂഹം. അക്രമിയും പരുക്കേറ്റ വിദ്യാർത്ഥിനിയും മുൻപ് ഒരുമിച്ചു ജോലി ചെയ്തിട്ടുണ്ടെന്ന വെളിപ്പെടുത്തലും വിദ്യാർത്ഥികൾ നടത്തുന്നുണ്ട്. വിദ്യാർത്ഥികൾക്കിടയിൽ നിന്നും തന്നെ കൂടുതൽ വിവരം ശേഖരിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.

അതിനിടെ അന്വേഷണവുമായി യുവാവ് പൂർണമായും സഹകരിക്കുന്നുണ്ട് എന്ന സൂചനയും പുറത്തു വരുന്നുണ്ട്. പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ആവശ്യമെങ്കിൽ സഹായവുമായി എത്താൻ യൂണിവേഴ്സ്റ്റിറ്റി സ്റ്റുഡന്റ് കൗൺസിലുമായി ബന്ധപ്പെടാൻ ഉള്ള ശ്രമത്തിലാണ് മറ്റു യൂണിവേഴ്‌സിറ്റികളിൽ ഉള്ള ഇന്ത്യൻ വിദ്യാർത്ഥികൾ. സംഭവം ഉണ്ടായതെങ്ങനെയെന്നു വ്യക്തമാക്കുന്ന നിരവധി സിസിടിവി ഫൂട്ടേജുകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഇവയെല്ലാം പൊലീസും ശേഖരിച്ചിട്ടുണ്ട്.

സംഭവത്തെ കുറിച്ച് പെൺകുട്ടിയുടെ ബന്ധുക്കളെയും വിവരം ധരിപ്പിച്ചതായാണ് ലഭ്യമായ സൂചനകൾ. സംഭവത്തെ തുടർന്ന് ഓടി രക്ഷപെടാൻ ശ്രമിച്ച യുവാവിനെ കാര്യമായ പരിശ്രമം കൂടാതെ തന്നെ പൊലീസിന് കസ്റ്റഡിയിൽ എടുക്കാനായി. കുത്താനുപയോഗിച്ച കത്തിയടക്കമുള്ള തെളിവുകൾ പൊലീസിന് സംഭവ സ്ഥലത്തു നിന്ന് തന്നെ ലഭിച്ചിട്ടുണ്ട്.