- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബ്രിട്ടനിൽ വാക്സിന്റെ രണ്ടു ഡോസുകളും എടുത്തവർക്ക് കോവിഡ് പരിശോധനയും ക്വാറന്റൈനും ഇല്ലാതെ ഇനി അയർലൻഡ് സന്ദർശിക്കാം; തിരികെ വരുമ്പോഴും കോവിഡ് ടെസ്റ്റ് ആവശ്യമില്ല; അയർലൻഡിലെ പുതുക്കിയ യാത്രാനിയമങ്ങൾ ഇങ്ങനെ
ലണ്ടൻ: ജൂലായ് 19 ന് ബ്രിട്ടൻ കോവിഡ് നിയന്ത്രണങ്ങളിൽ നിന്നും പൂർണ്ണ സ്വാതന്ത്ര്യം പ്രഖ്യാപിക്കുമ്പോൾ ഇതാ മറ്റൊരു സന്തോഷ വാർത്തകൂടി. ബ്രിട്ടനിൽ വാക്സിന്റെ രണ്ടു ഡോസുകളും പൂർത്തിയാക്കിയവർക്ക് ഇനിമുതൽ അയർലൻഡ് സന്ദർശിക്കുമ്പോഴോ അവിടെ നിന്നും തിരികെ യാത്ര ചെയ്യുമ്പോഴോ കോവിഡ് പരിശോധനയുടെ ആവശ്യമില്ല. മാത്രമല്ല, ഇവർ അയർലൻഡിൽ ക്വാറന്റൈന് വിധേയരാകുകയും വേണ്ട. എന്നാൽ, രണ്ടു ഡോസ് വാക്സിൻ എടുക്കാത്തവർക്ക് അയർലൻഡിൽ പ്രവേശിക്കുന്നതിന്റെ 72 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതായി വരും.
മാത്രമല്ല, ഇവർ അഞ്ചു ദിവസത്തെ സെൽഫ് ഐസൊലേഷന് വിധേയരാകുകയും രണ്ടാമത്തെ പി സി ആർ ടെസ്റ്റ് നെഗറ്റീവ് ആകുകയും വേണമെന്ന് അയർലൻഡ് ആരോഗ്യവകുപ്പ് നിഷ്‌കർഷിക്കുന്നു. രണ്ടാമത്തെ പി സി ആർ ടെസ്റ്റിൽ പോസിറ്റീവ് ആകുന്ന യാത്രക്കാർ 14 ദിവസത്തെ ക്വാറന്റൈന് വിധേയരാകണം. ഈ പുതിയ തീരുമാനത്തിൽ സന്തോഷം രേഖപ്പെടുത്തിയ അയർലൻഡ് ടൂറിസം സി ഇ ഒ നിയാൽ ജിബ്സൺ, ജൂലായ് 19 മുതൽ ബ്രിട്ടനിൽ നിന്നുള്ള സന്ദർശകരെ വരവേൽക്കാൻ അയർലൻഡ് തയ്യാറെടുക്കുകയാണെന്നും പറഞ്ഞു.
ലോകത്തെയാകെ താറുമാറാക്കിയ കോവിഡ് പ്രതിസന്ധി പല കുടുംബബന്ധങ്ങളേയും പ്രതികൂലമായി ബാധിച്ചു എന്നും ഇത്തരത്തിലുള്ള ഒരു തീരുമാനം പലർക്കും തങ്ങളുടെ കുടുംബവുമായി ഒത്തുചേരുവാനുള്ള സാഹചര്യം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. സന്ദർശകരുടെയും അതേസമയം ഹോസ്പിറ്റാലിറ്റി രംഗത്ത് പ്രവർത്തിക്കുന്നവരുടെ ആരോഗ്യ സംരക്ഷണം മുൻനിർത്തിയുള്ള നയമാണ് വിനോദസഞ്ചാരത്തിന്റെ കാര്യത്തിൽ അയർലൻഡ് രൂപീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം തുടർന്നുപറഞ്ഞു.
അതേസമയം 12 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് അയർലൻഡിൽ പ്രവേശിക്കുന്നതിനു മുൻപ് പി സി ആർ ടെസ്റ്റ് എടുക്കേണ്ടതില്ല. അതേസമയം 12 മുതൽ 17 വയസ്സുള്ളവർക്ക് വാക്സിൻ നൽകാത്തതിനാൽ അവർ പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതായി വരും. വാക്സിന്റെ രണ്ട് ഡോസുകൾ എടുത്തവർക്ക് പബ്ബുകളിലും റെസ്റ്റോറന്റുകളിലും കഫേകളിലും അകത്ത് സേവനം ലഭ്യമാക്കുന്നതിനുള്ള നിയമം ഇന്നലെ അയർലൻഡ് പാസ്സാക്കി. ജൂലായ് 26 മുതലായിരിക്കും ഇത് പ്രാബല്യത്തിൽ വരിക.
എന്നാൽ, രാഷ്ട്രീയ രംഗത്ത് ഈ തീരുമാനത്തിന് കടുത്ത എതിർപ്പാണ് നേരിടേണ്ടി വന്നത്. വെറും ആറു വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഈ നിയമം പാസ്സാക്കിയത്. സമൂഹത്തിലെ അടിസ്ഥാന സൗകര്യങ്ങൾ ഒരു വ്യക്തിക്ക് പ്രാപ്യമാക്കുന്നതിൽ അയാളുടെ ആരോഗ്യ നിലയോ വാക്സിനേഷൻ സ്റ്റാറ്റസൊ ബാധകമാകരുതെന്നാണ് പീപ്പിൾ ബിഫോർ പ്രോഫിറ്റ് പാർട്ടി നേതാവ് റിച്ചാർഡ് ബോയ്ഡ് ബാരെറ്റ് പ്രസ്താവിച്ചത്.
മറുനാടന് ഡെസ്ക്