ലണ്ടൻ: ബ്രിട്ടനിലെ പ്രധാന പ്രതിപക്ഷമായ ലേബർ പാർട്ടി മുൻ നേതാവ് ജെർമി കോർബിനെ സസ്‌പെൻഡ് ചെയ്തു. കോർബിൻ നേതൃത്വത്തിലിരിക്കെ എടുത്ത സെമറ്റിക് വിരുദ്ധ നിലപാടുകളുടെ പേരിലാണ് നടപടിയെന്നാണ് വിശദീകരണം.

നേരത്തെ ഒരു മനുഷ്യാവകാശ നിരീക്ഷണ സംഘം ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ജേർമി കോർബിനെ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തിരിക്കുന്നത്.

കോർബിൻ പാർട്ടി നേതൃസ്ഥാനത്ത് ഇരുന്ന സമയങ്ങളിൽ പാർട്ടിയിലെ യഹൂദ വിഭാഗത്തിലെ അംഗങ്ങൾ ഉന്നയിക്കുന്ന പരാതികൾക്ക് ആവശ്യമായ പ്രാധാന്യം നൽകിയില്ല, തൽപ്പര കക്ഷികൾക്ക് കൂടുതൽ പ്രാധാന്യം നൽകിയെന്നും പാർട്ടി യോഗങ്ങളിലും ഓൺലൈനുകളിലും ആന്റി സെമറ്റിക് പരാമർശങ്ങൾ ഉണ്ടായിരുന്നെന്നുമാണ് ഉയരുന്ന ആരോപണങ്ങൾ.
കോർബിന്റെയും ടീമിന്റെയും ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുതര പിഴയാണെന്ന് ലേബർ പാർട്ടിയുടെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. ഇതിനാലാണ് അന്വേഷണവിധേയനായി അദ്ദേഹത്തിനെ സസ്പെന്റ് ചെയ്തതെന്നും പാർട്ടി വക്താവ് പറഞ്ഞു.

ലേബർ പാർട്ടിയിലെ യഹൂദ വിഭാഗത്തിൽ നിന്നുള്ള നേതാവായിരുന്ന ലൂസിന ബെർഗറിന്റെ അടക്കമുള്ള രാജി കോർബിൻ അടക്കമുള്ളവരുടെ ആന്റി സെമന്റിക് നിലപാടുകളെ തുടർന്നാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം പാർട്ടിയിലെ ആന്റി സെമന്റിക് വിഷയങ്ങൾ ഉണ്ട് എന്നത് യഥാർത്ഥ്യമാണെന്നും ഇത് അപലപനീയമാണെന്നുമാണ് കോർബിൻ പറയുന്നത്. എന്നാൽ പാർട്ടിയിൽ ഉള്ള പ്രശ്നത്തെ രാഷ്ട്രീയ കാരണങ്ങളാൽ പാർട്ടിക്കകത്ത് നിന്നും പുറത്ത് നിന്നും എതിരാളികളും മിക്ക മാധ്യമങ്ങളും യഥാർത്ഥത്തിൽ ഉള്ളതിനെക്കാൾ ഉയർത്തി കാണിച്ചതാണെന്നും കോർബിൻ പറഞ്ഞു.