- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വികെ കൃഷ്ണ മേനോന്റെ പിൻഗാമികളായി ബ്രിട്ടീഷ് പൊതു തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇക്കുറിയും മലയാളികൾ; മത്സരരംഗത്ത് ആറു മലയാളികൾ; ചരിത്രം ആവർത്തിക്കാൻ ഓമനാ ഗംഗാധരനും മഞ്ജു ഷാഹുൽ ഹമീദും മാറ്റുരക്കുമ്പോൾ റോയി സ്റ്റീഫനും സജീഷ് ടോമും സുഗതൻ തെക്കേപ്പുരയും ബൈജു വർക്കി തിട്ടാലയും പ്രതീക്ഷയിൽ തന്നെ
ലണ്ടൻ: വികെ കൃഷ്ണമേനോന്റെ പിൻഗാമികളായി ബ്രിട്ടീഷ് പൊതു തെരഞ്ഞെടുപ്പിൽ ലോക്കൽ കൗൺസിലിലേയ്ക്ക് മാറ്റുരക്കാൻ ഇക്കുറിയും മലയാളികൾ എത്തുന്നു. മെയ് മൂന്നിന് നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ആറു മലയാളികളാണ്. വെസ്റ്റ്ലാൻഡ് സിവിക് അംബാസിഡറായി പേരെടുത്ത എഴുത്തുകാരിയായ ഓമന ഗംഗാധരനും, ക്രോയ്ഡോൺ മേയറായി ശ്രദ്ധ നേടിയ മഞ്ജു ഷാഹുൽ ഹമീദും വീണ്ടും മാറ്റുരക്കുമ്പോൾ പുതുമുഖങ്ങളായി അനേകം പേരുണ്ട്. അടുത്ത മാസം മെയ് മൂന്നിനാണ് ഇംഗ്ലണ്ടിലെ പല കൗണ്ടികളിലും, ലോക്കൽ ഇലക്ഷനിൽ കൂടി സ്വദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഭരണ ചുമതല നിർവ്വഹിക്കാനുള്ള കൗൺസിലേഴ്‌സിനെ തിരഞ്ഞെടുക്കുന്ന പ്രക്രിയ നടക്കുന്നത്. ഇത്തരം ജനാധിപത്യ ഭരണ സമിതി സഭകളിലേക്ക് സ്വദേശിയരെ കൂടാതെ ആഗോള വംശജരായ അനേകം സ്ഥാനാർത്ഥികൾ മത്സരിക്കുന്നതിനാൽ ധാരാളം ഏഷ്യൻ, ഭാരതീയ വംശജർക്കൊപ്പം, ചില മലയാളികളും വിവിധ പാർട്ടികളുടെ ബാനറിൽ ജനവിധി തേടുന്നുണ്ട് എന്നതിൽ നമുക്ക് മലയാളികൾക്കും അഭിമാനിക്കാം. ഇംഗ്ലണ്ടിലെ 68 കൗണ്ടി / ജില്ല ഭരണകൂടങ്ങൾ (ജില്ലാ പഞ്ചായത്ത്), അവി
ലണ്ടൻ: വികെ കൃഷ്ണമേനോന്റെ പിൻഗാമികളായി ബ്രിട്ടീഷ് പൊതു തെരഞ്ഞെടുപ്പിൽ ലോക്കൽ കൗൺസിലിലേയ്ക്ക് മാറ്റുരക്കാൻ ഇക്കുറിയും മലയാളികൾ എത്തുന്നു. മെയ് മൂന്നിന് നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ആറു മലയാളികളാണ്. വെസ്റ്റ്ലാൻഡ് സിവിക് അംബാസിഡറായി പേരെടുത്ത എഴുത്തുകാരിയായ ഓമന ഗംഗാധരനും, ക്രോയ്ഡോൺ മേയറായി ശ്രദ്ധ നേടിയ മഞ്ജു ഷാഹുൽ ഹമീദും വീണ്ടും മാറ്റുരക്കുമ്പോൾ പുതുമുഖങ്ങളായി അനേകം പേരുണ്ട്.
അടുത്ത മാസം മെയ് മൂന്നിനാണ് ഇംഗ്ലണ്ടിലെ പല കൗണ്ടികളിലും, ലോക്കൽ ഇലക്ഷനിൽ കൂടി സ്വദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഭരണ ചുമതല നിർവ്വഹിക്കാനുള്ള കൗൺസിലേഴ്‌സിനെ തിരഞ്ഞെടുക്കുന്ന പ്രക്രിയ നടക്കുന്നത്. ഇത്തരം ജനാധിപത്യ ഭരണ സമിതി സഭകളിലേക്ക് സ്വദേശിയരെ കൂടാതെ ആഗോള വംശജരായ അനേകം സ്ഥാനാർത്ഥികൾ മത്സരിക്കുന്നതിനാൽ ധാരാളം ഏഷ്യൻ, ഭാരതീയ വംശജർക്കൊപ്പം, ചില മലയാളികളും വിവിധ പാർട്ടികളുടെ ബാനറിൽ ജനവിധി തേടുന്നുണ്ട് എന്നതിൽ നമുക്ക് മലയാളികൾക്കും അഭിമാനിക്കാം.
ഇംഗ്ലണ്ടിലെ 68 കൗണ്ടി / ജില്ല ഭരണകൂടങ്ങൾ (ജില്ലാ പഞ്ചായത്ത്), അവിടെയുള്ള ബറോ (കോർപ്പറേഷൻ), 34 മെട്രോപൊളിറ്റൻ ബറോ (സിറ്റി കോർപ്പറേഷനുകൾ), 17 യൂണിറ്ററി അതോററ്റീസ് (മുൻസിപ്പാലിറ്റികൾ) മുതലായവ കൂടാതെ ലണ്ടനിലെ ഒന്നോ, രണ്ടോ നിയോജക മണ്ഡലങ്ങൾ ഒന്നിച്ച് ചേർന്ന 32 ലണ്ടൻ ബറോകളെല്ലാം കൂടിയതാണ് ഇവിടത്തെ ലോക്കൽ കൗൺസിലുകൾ. ഓരോ നാലുകൊല്ലം കൂടുമ്പോഴാണ് ഇവിടെ സ്വദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുക. ചില ടൗൺഷിപ്പുകളിൽ രണ്ട് കൊല്ലം കൂടുമ്പോൾ പകുതി കൗൺസിലേഴ്‌സിനെ വീതവും, മറ്റു ചില ലോക്കൽ കൗൺസിലുകളിൽ കൊല്ലം തോറും മൂന്നിലൊന്ന് ഭരണ സാരഥികളെയും തിരഞ്ഞെടുക്കുന്ന നിയമ സംവിധാനവും ഇപ്പോഴും യുകെയിൽ പിന്തുടർന്ന് പോരുന്നുണ്ട്.
ലണ്ടനിലുള്ള 32 ബറോളടക്കം, നാലുകൊല്ലത്തിൽ ഒരിക്കൽ ഇലക്ഷൻ വരുന്ന രാജ്യത്തെ ഒട്ടുമിക്ക ലോക്കൽ കൗൺസിലേഴ്‌സിനെയാണ്, ഇത്തവണ ഇംഗ്ലണ്ട് ജനത മെയ് മൂന്നിന് വോട്ട് ചെയ്ത് അധികാരത്തിൽ ഏറ്റുന്നത്. ഒപ്പം തന്നെ കാലം പൂർത്തിയായ നേരിട്ട് തിരഞ്ഞെടുക്കാവുന്ന ഹാക്കിനി, ലെവിസ്ഹാം, ന്യൂഹാം, ടവർ ഹാംലെറ്റ്, വാട്ഫോർഡ് എന്നിവിടങ്ങളിലെ പുതിയ മേയർമാരെയും നേരിട്ട് തിരഞ്ഞെടുക്കുന്നുണ്ട്. ഈ അവസരത്തിൽ ഇപ്പോൾ ഇവിടെ ജനവിധി തേടുന്ന നല്ല വിജയ പ്രതീക്ഷയുള്ള മലയാളികളെ കുറിച്ചാണ് ഇവിടെ പറയുന്നത്.
ഓമന ഗംഗാധരൻ
യുകെയിലെ ആദ്യത്തെ മലയാളി വനിതാ കൗൺസിലറും സിവിക് അംബാസഡറുമാണ് ഡോ: ഓമന ഗംഗാധരൻ. എഴുത്തുകാരിയായ ഓമന ഗംഗാധരൻ ലണ്ടനിലെ ന്യൂഹാം ബോറയിൽ നിന്നുമാണ് ലേബർ പാർട്ടിയുടെ ലേബലിൽ കൗൺസിലറായി ജയിച്ചു വന്നിരുന്നത്. നോവലിസ്റ്റ്, കഥാകൃത്ത്, ലേഖിക, സാമൂഹ്യ പ്രവർത്തക എന്നീ നിലകളിൽ ലണ്ടനിൽ 1973ൽ എത്തപ്പെട്ട ചങ്ങനാശ്ശേരിക്കാരിയായ, പേര് കേട്ട എഴുത്തുകാരിയാണ് ഡോ :ഓമന ഗംഗാധരൻ. പടിഞ്ഞാറൻ നാട്ടിലെ ആദ്യത്തെ മലയാളി വനിതാ കൗൺസിലർ, പ്രഥമ സിവിക് അംബാസഡർ എന്നീ സ്ഥാനങ്ങൾ അലങ്കരിച്ച ഡോ: ഓമന ഗംഗാധരൻ, 2002 മുതൽ ബ്രിട്ടനിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തനങ്ങളിൽ പങ്കെടുത്തുവരുന്നു.
ബ്രിട്ടനിലെ ലേബർ പാർട്ടിയുടെ വാർഡ് സെക്രട്ടറി, ബ്രിട്ടീഷ് നാഷണൽ ഹെൽത്ത് സർവ്വീസിന്റെ ബോർഡ് മെമ്പർ, ലണ്ടനിലെ 'ന്യൂഹാം കൗൺസിലി'ന്റെ സ്പീക്കർ അഥവാ സിവിക് അംബാസിഡർ എന്നീ നിലകളിൽ നല്ല രീതിയിൽ സേവനമനുഷ്ഠിച്ചു. ഇത്തരം സ്ഥാനങ്ങൾ അലങ്കരിച്ച ആദ്യ ഇന്ത്യക്കാരി കൂടിയാണ് ഈ എഴുത്തുകാരി. ധാരാളം ലേഖനങ്ങളും, കവിതകളും, പന്ത്രണ്ടോളം ചെറുകഥകളും, 17 നോവലുകളും രചിച്ചിട്ടുണ്ട്. ഇപ്പോൾ മൂന്ന് നോവലുകൾകൂടി പ്രസിദ്ധീകരിക്കുവാൻ പോകുകയാണ് ഈ എഴുത്തുകാരി.
മഞ്ജു ഷാഹുൽ ഹമീദ്
ബ്രിട്ടൻ ജനാധിപത്യ ചരിത്രത്തിൽ ഇതുപോലെ തന്നെ ചരിത്ര നേട്ടം കൈവരിച്ച മറ്റൊരു വനിതാരത്നമാണ് മഞ്ജു ഷാഹുൽ ഹമീദ്. 2014-15 കാലഘട്ടത്തിൽ ലേബൽ പാർട്ടിയുടെ ടിക്കറ്റിൽ അട്ടിമറി വിജയം കരസ്ഥമാക്കി ക്രോയ്ഡൻ മേയറായി തീർന്ന മലയാളിയായ മഞ്ജു ഷാഹുൽ ഹമീദ് ക്രോയ്ഡോണിലെ 'ബ്രോഡ് ഗ്രീൻ വാർഡി'ൽ നിന്നും ഇത്തവണയും മത്സരിച്ച് ജയിച്ചുവരുമെന്നുള്ള ശുഭപ്രതീക്ഷ തന്നെയാണ് ലേബർ പാർട്ടിക്കുള്ളത്.
തിരുവനന്തപുരം പോത്തൻകോട് മഞ്ഞമല സ്വദേശിയായ മഞ്ജു, ഗണിത ശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സ് ബിരുദവുമായി ഒരു വീട്ടമ്മയായി ബിലാത്തിയിൽ എത്തിയ ശേഷം, പിന്നീട് ഇവിടെയുള്ള ഗ്രീൻവിച്ച് യൂണിവേഴ്സിറ്റിയിൽ നിന്നും സയന്റിഫിക് സോഫ്റ്റ് എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടിയ ഒരു സോഫ്റ്റ് വെയർ എൻജിനീയർ ഉദ്യോഗസ്ഥയാണ് ലേബർ പാർട്ടിയുടെ ഈ പടയാളി. ക്രോയ്ഡോൺ നഗര സഭയിലെ എക്കണോമി ആൻഡ് ജോബ്‌സ് സ്റ്റാൻഡിങ്ങ് കമ്മറ്റി കാബിനറ്റ് ചെയറാണ് ഇപ്പോൾ മഞ്ജു.
മഞ്ജുവിന്റെ നേതൃത്വത്തിൽ ആരംഭം കുറിച്ച കാൻസർ/മെന്റൽ ഹെൽത്ത് ചാരിറ്റിയടക്കം അനേകം സാമൂഹ്യ സേവന രംഗങ്ങളിലും, കമ്യൂണിറ്റി പ്രവർത്തനങ്ങളിലും എന്നും മുൻപന്തിയിൽ നിൽക്കുന്ന ഒരു സാമൂഹ്യ പ്രവർത്തക തന്നെയാണ് 'പീപ്പിൾസ് മേയർ' എന്ന് വിളിക്കപ്പെട്ടിരുന്ന ഈ വനിതാ കൗൺസിലർ.
റോയ് സ്റ്റീഫൻ
കോട്ടയം കിടങ്ങൂർ സ്വദേശിയായ മുൻ ഇന്ത്യൻ വ്യോമസേനയിൽ നിന്നും വിരമിച്ച റോയ് സ്റ്റീഫൻ, സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലുള്ള 'സ്വിൻഡൻ ടൗൺ കൗൺസിലി'ൽ കൺസർവേറ്റീവ് പാർട്ടിയുടെ ബാനറിലാണ് കൗൺസിലർ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് ജനപ്രിയനായ തീർന്ന ഒരു സാമൂഹ്യ പ്രവർത്തകനാണ് റോയ് സ്റ്റീഫൻ. ഈയിടെ ബ്രിട്ടീഷ് രാഞ്ജിയുടെ 'ബ്രിട്ടീഷ് എംപയർ' പുരസ്‌കാരം ലഭിച്ചതിൽ പിന്നെ യു.മലയാളികളുടെ അഭിമാനമായി മാറുകയായിരുന്നു റോയ്. മൂന്ന് വർഷം മുമ്പ് 'പ്രൈഡ് ഓഫ് സ്വിൻഡൻ' അവാർഡും റോയ് സ്റ്റീഫൻ നേടിയിരുന്നു.
തന്റെ ഒരു ദശകം നീണ്ടുനിന്ന ബ്രിട്ടൻ സാമൂഹിക ജീവിതത്തിനിടയിൽ അനേകം ചാരിറ്റി പ്രവർത്തനങ്ങളിലൂടെ 41000 പൗണ്ടുകൾ സമാഹരിച്ച്, ധാരാളം സാമൂഹ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത റോയ് നല്ലൊരു സാമൂഹിക സേവകനായി മാറുകയായിരുന്നു. സ്വിൻഡൻ കൗൺസിലിൽ വോൾക്കോട്ട് വാർഡിൽ താമസിക്കുന്ന റോയ് സ്റ്റീഫൻ, 'വോൾക്കോട്ട് ആൻഡ് പാർക്ക് നോർത്ത് ഇൻ ടച്ച് (Walcot & Park North in Touch)' വാർഡിൽ നിന്നും ടോറി പാർട്ടിയുടെ കൗൺസിലറായി തന്നെ വിജയിക്കും എന്നു തന്നെയാണ് പ്രതീക്ഷ.
സജീഷ് ടോം
കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് സ്വദേശിയായ സജീഷ് ടോം നോർത്ത് ഹാംഷെയറിലുള്ള 'ബേസിങ്‌സ്റ്റോക്ക് സിറ്റി കൗൺസി'ലേക്ക് ലേബർ പാർട്ടിയുടെ ലേബലിലാണ് മത്സരിക്കുന്നത്. ആദ്യമായാണ് യൂറോപ്പ്യൻ അല്ലാത്ത ഒരു കാന്റിഡേറ്റ്, ബേസിങ്‌സ്റ്റോക്കിൽ നിന്നും കൗൺസിലർ സ്ഥാനത്തേക്ക് മത്സരിക്കുന്നത് എന്നതിലും മലയാളിയാണെന്ന നിലക്കും സജീഷ് ടോമിനെ കുറിച്ച് നമുക്ക് അഭിമാനിക്കാം. അക്കൗണ്ടിങ്ങിൽ ബിരുദധാരിയായ, ബേസിങ്‌സ്റ്റോക്ക് ഹോസ്പിറ്റലിൽ അഡ്‌മിനിസ്‌ട്രേറ്റീവ് ക്ലർക്കായി ജോലി ചെയ്യുന്ന സജീഷ് ടോം, ഒരു കലാസാഹിത്യ സാമൂഹ്യ പ്രവർത്തകനാണ്.
ഒരു എഴുത്തുകാരനും സംഘാടകനുമായ സജീഷ് ടോം കവി കൂടിയാണ്. യുക്മയുടെ മുൻ ജനറൽ സെക്രട്ടറിയും, ബേസിങ്‌സ്റ്റോക്ക് മൾട്ടി കൾച്ചറൽ സൊസൈറ്റിയുടെ ട്രഷററും, യുണിസൺ എന്ന ട്രേഡ് യൂണിയനിലെ ആക്റ്റീവ് മെമ്പറുമാണ്. ഒപ്പം ബേസിങ്‌സ്റ്റോക്ക് ഡെവലപ്പിങ് കമ്യൂണിറ്റി രംഗത്തടക്കം ധാരാളം സാമൂഹ്യ ഇടപെടലുകളും നടത്തിക്കൊണ്ടിരിക്കുന്ന വ്യക്തിത്വത്തിനുടമയാണ് സജീഷ് ടോം.
സുഗതൻ തെക്കേപ്പുര
വൈക്കം സ്വദേശിയായ ഡൽഹിയിൽ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന സുഗതൻ തെക്കേപ്പുരയാണ് മറ്റൊരു സ്ഥാനാർത്ഥി. ന്യൂഹാം ബറോവിലെ ഈസ്റ്റ് ഹാമിലെ 'സെൻട്രൽ വാർഡിൽ നിന്നുമാണ് സുഗതൻ മത്സരിക്കുന്നത്. ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ ബിരുദവും, കേരള യൂണിവേഴ്സിറ്റിയിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ ഒരു ഇടതുപക്ഷ ചിന്തകനാണ് സുഗതൻ തെക്കേപ്പുര. ലണ്ടനിൽ ഒന്നര പതിറ്റാണ്ടോളമായി ധാരാളം സാമൂഹ്യ സാംസ്‌കാരിക പ്രവർത്തനങ്ങളിൽ നേരിട്ട് ചെന്ന് പ്രവർത്തന മണ്ഡലം കാഴ്‌ച്ചവെക്കുന്ന സുഗതൻ, നാട്ടിൽ വെച്ച് സിവിൽ സർവ്വീസ് പരീക്ഷക്ക് തയ്യാറെടുക്കുന്ന സമയത്താണ് ലണ്ടനിൽ വന്നത്.
നോർത്ത് ലണ്ടൻ യൂണിവേഴ്സിറ്റിയിൽ നിന്നും മാസ്റ്റർ ബിസിനസ്സ് മാനേജ്‌മെന്റ് ഡിഗ്രി പഠിക്കുവാൻ ഇവിടെ വന്ന ശേഷം, ഇപ്പോൾ ലണ്ടൻ മെട്രോപൊളിറ്റൻ യൂണിവേഴ്സിറ്റിയിൽ നിന്നും നിയമ പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്. നല്ലൊരു ഭാഷ സ്നേഹിയും, സാഹിത്യ തൽപരനുമായ സുഗതൻ ഇപ്പോൾ ലണ്ടനിലുള്ള ഒരു നല്ല സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകനും ലേബർ പാർട്ടിയുടെ ലോക്കൽ നേതാക്കളിൽ ഒരുവനും കൂടിയാണ്. 2010 മുതൽ ന്യൂ ഹാമിലെ ലേബർ പാർട്ടിയുടെ 'മൊമെന്റം സ്റ്റിയറിങ്ങു കമ്മറ്റി മെമ്പർ', പാർട്ടിയുടെ 'ഈസ്റ്റ് ഹാം സിഎൽപി മെമ്പർ' എന്നീ സ്ഥാനങ്ങളും സുഗതൻ വഹിക്കുന്നുണ്ട്. ഒപ്പം സോഷ്യൽ മീഡിയയിലും, ആനുകാലികങ്ങളിലുമായി സുഗതൻ സാമൂഹ്യ പ്രസക്തിയുള്ള ധാരാളം ലേഖനങ്ങളും എഴുതി വരുന്നുണ്ട്.
ബൈജു വർക്കി തിട്ടാല
ഡൽഹിയിൽ നാനാതരം തൊഴിൽ ജീവിതങ്ങൾ നയിച്ച കോട്ടയം ആർപ്പൂക്കര സ്വദേശിയായ ബൈജു വർക്കി തിട്ടാല കേബ്രിഡ്ജ്ഷയറിലെ, കേംബ്രിഡ്ജ് സിറ്റി കൗൺസിലിൽ നിന്നുമാണ് ലേബർ പാർട്ടി ടിക്കറ്റിൽ തിരഞ്ഞെടുപ്പിന് മത്സരിക്കുന്നത്. ബ്രിട്ടനിൽ വന്ന ശേഷം വളരെ ബുദ്ധിമുട്ടി തൊഴിലും, പഠനവും നടത്തി വക്കീൽ ആകുക എന്ന തന്റെ ആഗ്രഹം പൂർത്തീകരിച്ച നല്ലൊരു വാക് ചാതുര്യമുള്ള സാമൂഹ്യ പ്രവർത്തനും, എഴുത്തുകാരനുമാണ് ഇദ്ദേഹം. യുകെയിൽ വന്ന ശേഷം ആംഗ്ലിയ യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമത്തിൽ ബിരുദവും, യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ്റ് ആംഗ്ലിയ, നോർവിച്ചിൽ നിന്നും എംപ്ലോയ്‌മെന്റ് നിയമത്തിൽ മാസ്റ്റർ ബിരുദവും കരസ്ഥമാക്കിയ ശേഷം 'ലോയറാ'യി പ്രാക്ടീസ് ചെയ്യുന്ന ബൈജു വർക്കി അടുത്ത് തന്നെ സോളിസിറ്റർ, ബാരിസ്റ്റർ പദവികൾ നേടിയെടുക്കുവാനുള്ള യത്നത്തിലാണ്.
ഒപ്പം തന്നെ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിൽ നിന്നും 'ഇന്ത്യൻ ആദിവാസികളുടെ മനുഷ്യാവകാശങ്ങളും, അതിനെ കുറിച്ചുള്ള ഇന്ത്യൻ ഭരണ ഘടന മൗലിക ചട്ടങ്ങളെ' പറ്റി റിസർച്ച് നടത്തി, ഡോക്ടറേറ് എടുക്കുവാനും ഒരുങ്ങുന്നു. ഇപ്പോൾ കേംബ്രിഡ്ജ് സിറ്റി കൗൺസിലിലെ 'ഈസ്റ്റ് ചെസ്റ്റൺ' വാർഡിൽ നിന്നും ഈ ലോക്കൽ തിരഞ്ഞെടുപ്പിൽ തീർച്ചയായും ജയം പ്രതീക്ഷിക്കുന്ന ഒരു സ്ഥാനാർത്ഥി തന്നെയാണ് ബൈജു വർക്കി തിട്ടാല.