ലണ്ടൻ: ലോകമെമ്പാടമുള്ള മലയാളികൾക്ക് അഭിമാനമായി ഒരു യുകെ മലയാളി. ബ്രിട്ടനിലെ മലയാളി സമൂഹത്തിന് പരിചിതനായ മലയാളി റോയി സ്റ്റീഫനെ തേടി പുതിയ പുരസ്‌ക്കാരം തേടിയെത്തി. ബ്രിട്ടീഷ് രാജ്ഞിയുടെ ബ്രിട്ടീഷ് എംപയർ പുരസ്‌കാരം കൂടി അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നു. ഓബിഇ മെഡൽ നേടി ഒരു വർഷം പിന്നിടും മുമ്പെ ബിഇഎം കൂടി നേടിയ റോയ് സ്റ്റീഫന്റെ നേട്ടം യുകെ മലയാളികളുടെ ചരിത്രത്തിൽ തന്നെ ഇടംപിടിക്കുന്നതാണ്.

കഴിഞ്ഞ മാസം 26ന് ഗാർഡൻ പാർട്ടിയിൽ വച്ചു നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് റോയ് സ്റ്റീഫന് ബ്രിട്ടീഷ് എംപയർ പുരസ്‌കാരം സമ്മാനിച്ചത്. വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലായിരുന്നു പുരസ്‌കാര കൈമാറ്റം. വിൽറ്റ്‌ഷെയർ വൈസ് ലോർഡ് ലഫ്റ്റനന്റായ സർ റോഡ്രറിക് കോർബി സിംപ്‌സൺ, വിൽറ്റ്‌ഷെയർ ഹൈ ഷെരീഫ് ലേഡി മാർലന്റ്, വിൽറ്റ്‌ഷെയർ കൗൺസിൽ ചെയർമാൻ അല്ലിസൺ ബക്‌നെൽ, സ്വിൻഡൺ മേയർ മോറിൻ പെന്നി, കേഡറ്റ് ഫ്‌ളൈറ്റ് സർജന്റ് ഹെലൻ ഫോറസ്റ്റ്, കേഡറ്റ് കോർപ്പറൽ മേഗൻ മകോർമാക്ക് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ബെന്നി സ്റ്റീഫൻ അവാർഡ് ഏറ്റുവാങ്ങിയത്.

ഈ വർഷത്തെ ബ്രിട്ടീഷ് മലയാളി അവാർഡ് നൈറ്റിലെ ന്യൂസ് പേഴ്‌സൺ വിഭാഗത്തിലെ ശക്തനായ മത്സരാർത്ഥി കൂടിയാണ് റോയ് സ്റ്റീഫൻ. ബ്രിട്ടനിൽ ജീവിക്കുന്ന ഒരു പൗരനെ സംബന്ധിച്ച പരമോന്നത ബഹുമതിയായ ഓബിഇ മെഡൽ കഴിഞ്ഞ വർഷം നേടിയ റോയ് സ്റ്റീഫന് ഈ വർഷം ബിഇഎം കൂടി ലഭിച്ചപ്പോൾ ഏറ്റവും അധികം സന്തോഷവും അഭിമാനവും നൽകുന്നത് യുകെ മലയാളികൾക്കു തന്നെയാണ്. മൂന്നു വർഷം മുൻപ് പ്രൈഡ് ഓഫ് സ്വിൻഡൻ അവാർഡും നേടി. കോട്ടയം കിടങ്ങൂർ സ്വദേശിയായ റോയ് സ്റ്റീഫൻ ഇന്ത്യൻ വ്യോമസേനയിൽ ജോലി ചെയ്യവെയാണ് യുകെയിൽ എത്തുന്നത്.

തന്റെ പത്തു വർഷത്തെ യുകെ സാമൂഹിക ജീവിതത്തിൽ ഇതുവരെ 41000 പൗണ്ടിന്റെ വിവിധ ഫണ്ടുകളാണ് സമൂഹത്തിനു വേണ്ടി നേടിയെടുക്കാൻ റോയിക്കു കഴിഞ്ഞത്. ഇതു ചെറിയ കാര്യമില്ല, ഇത്തരത്തിൽ മാതൃകാപരമായ അനേകം പ്രവർത്തനങ്ങൾ നടത്തുന്ന റോയിയെ ബിഇഎം, ഓബിഇ പുരസ്‌കാരങ്ങൾ തേടിയെത്തിയില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ. ജീവിതത്തിന്റെ അർധ സെഞ്ചുറി പിന്നിട്ട റോയ് സ്റ്റീഫൻ ഏറെ ചുറുചുറുക്കോടെ സാമൂഹിക മണ്ഡലത്തിൽ എല്ലായിപ്പോഴും സജീവമാണ്. സ്വന്തം കാര്യം മാത്രം നോക്കി കുടുംബവുമായി ചുറ്റപ്പെട്ടു കിടക്കാതെ സമൂഹത്തിൽ ഇറങ്ങി എന്ത് സഹായം ചെയ്യാൻ ഒരുക്കമായ മനസിനു ഉടമയാണ് റോയ്.

സ്വിൻഡൻ മലയാളി അസോസിയേഷനിലൂടെയാണ് പൊതു പ്രവർത്തനത്തിന് തുടക്കമിട്ടത്. തുടർന്ന്, ആദ്യ കാലങ്ങളിൽ യുക്മ പ്രവർത്തനങ്ങളിൽ നേതൃത്വം നൽകാൻ തയ്യാറായെങ്കിലും ആൾക്കൂട്ട കൂട്ടായ്മയായി മാത്രം നിലകൊണ്ട യുക്മയ്ക്കു റോയിയുടെ ദീർഘവീക്ഷണം ഉൾക്കൊള്ളാനായില്ല എന്നതാണ് സത്യം. യുക്മയിൽ നിന്നും പിൻവാങ്ങിയതിനെ തുടർന്ന് റോയ് ക്‌നാനായ ദേശീയ നേതൃത്വത്തിലേക്കു ഉയർത്തപ്പെടുക ആയിരുന്നു.

യുകെകെസിഎയുടെ ഏറ്റവും സജീവമായ സെക്രട്ടറി സ്ഥാനം ഇന്നും റോയിയുടെ പേരിലാണ് അറിയപ്പെടുന്നത്. വിവിധ ചാരിറ്റി ഫണ്ടുകൾ ഉപയോഗിച്ച് യുകെകെസിഎക്കു വേണ്ടി ആയിരക്കണക്കിന് പൗണ്ടിന്റെ സാമൂഹിക പ്രവർത്തനം നടത്താൻ റോയിക്കു കഴിഞ്ഞു.
ബ്രിട്ടീഷ് മലയാളി അവാർഡ് നൈറ്റ് ആദ്യമായി 2011 ൽ വിരുന്നൊരുക്കാൻ റോയ് ഉൾപ്പെടെയുള്ള നേതൃത്വമാണ് മുന്നിൽ നിന്നത് എന്നതും പ്രധാനമാണ്.