- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടന്റെ സ്വന്തം വാക്സിനേക്കാൾ അവർക്കിഷ്ടം അമേരിക്കയുടെ ഫൈസർ; ഏറ്റവും കൂടുതൽ നൽകിയ ഫൈസർ വാക്സിൻ കോടികൾ വീണ്ടും ഓർഡർ ചെയ്തു; വകഭേദങ്ങളെ മറികടക്കാനുള്ള ബൂസ്റ്റർ വാക്സിനും റെഡിയാക്കി ഫൈസർ
ലണ്ടൻ: വരുന്ന ശരത്ക്കാലത്ത് ബൂസ്റ്റർ ഡോസുകൾ നല്കുന്നതിനായി ബ്രിട്ടൻ ഫൈസറിന്റെ 60 മില്ല്യൺ ഡോസുകൾ കൂടി വാങ്ങിയിരിക്കുന്നു. ഇന്നലെ രാത്രി ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്കാണ് ഈ വിവരം അറിയിച്ചത്. വരുന്ന സെപ്റ്റംബർ മുതൽ 2022 ന്റെ ആദ്യഭാഗം വരെ വിവിധ ഘട്ടങ്ങളിലായിട്ടായിരിക്കും കമ്പനി ഇത് നൽകുക. അതിനാൽ 2022ന്റെ ആദ്യ പാദത്തിൽ തന്നെ രാജ്യത്തെ മുഴുവൻ പേർക്കും മൂന്നാമത്തെ ഡോസ് നൽകാനാകുമെന്നും അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു.
അധികമായി വാങ്ങുന്ന ഈ ഡോസുകളുടെ ഒരു ഭാഗം ജൂൺ ജൂലായ് മാസങ്ങളിലായി ആദ്യ ഡോസ് എടുക്കുന്ന 30 വയസ്സിൽ താഴെയുള്ളവർക്ക് രണ്ടാം ഡോസ് നൽകുന്നതിനായി ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. രക്തം കട്ടപിടിക്കലുമായി ബന്ധപ്പെട്ട ആശങ്ക നിലനിൽക്കുന്നതിനാൽ, 30 വയസ്സിൽ താഴെയുള്ളവർക്ക് അസ്ട്രാസെനെക വാക്സിൻ നൽകാൻ ഇടയില്ല. ശരത്ക്കാലത്തെ വാക്സിൻ പദ്ധതിയിൽ, വാക്സിന്റെ രണ്ടു ഡോസും എടുത്തവർക്ക് മൂന്നാമത്തെ ഡോസു നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഇവർ ആദ്യം എടുത്ത അതേ വാക്സിൻ തന്നെയായിരിക്കും പിന്നീടും നൽകുക. എന്നാൽ വ്യത്യസ്ത വാക്സിൻ മൂന്നാം ഡോസായി നൽകിയാലുള്ള പരിണിതഫലങ്ങളെ കുറിച്ച് പഠനം നടക്കുന്നുണ്ട്. ഫലം അനുകൂലമായാൽ, ആദ്യ രണ്ടു ഡോസുകളിൽ നിന്നും വിഭിന്നമായ വാക്സിൻ മൂന്നാമത് നൽകിയേക്കാം. ഫൈസറിന്റെ മൂന്നാം ഡോസും ഇപ്പോൾ നൽകുന്ന അതേ വാക്സിൻ തന്നെയാണ് നൽകുന്നത്. കെന്റ് ഇനത്തേയും ദക്ഷിണാഫ്രിക്കൻ ഇനത്തേയും പ്രതിരോധിക്കാൻ കഴിവുള്ള വാക്സിനായി കമ്പനി ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും ഇതുവരെ ഫലം കണ്ടിട്ടില്ല.
യൂറോപ്പിലാകമാനം ഉദ്പാദന യൂണിറ്റുകളുള്ള ഫൈസർ ഇതുവരെ ബ്രിട്ടന് 16 മില്ല്യൺ ഡോസുകൾ നൽകിക്കഴിഞ്ഞു. 2021 അവസാനത്തോടെ ഒരു 40 ഡോസ് കൂടി നൽകാനുണ്ട്. ഇത് ആദ്യം നൽകിയ ഓർഡറിൽ മിച്ചമുള്ളതാണ്. ഇതിനു പുറമേയാണ് ഇപ്പോൾ അധിക ഓർഡർ നൽകിയിരിക്കുന്നത്. വാക്സിൻ കോവിഡിനെതിരെ ഫലവത്താണെന്ന് തെളിഞ്ഞിരിക്കുന്നതായി മാറ്റ് ഹാൻകോക്ക് പറഞ്ഞു. ജനിതകമാറ്റം വന്ന ഇനങ്ങൾ മാത്രമാണ് ഇപ്പോൾ പരിഭ്രാന്തി ഉയർത്തുന്നത്. അവയ്ക്കെതിരെയും ഫലപ്രദമായ ഔഷധങ്ങൾക്കായുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബ്രിട്ടന്റെ സ്വന്തം വാക്സിനായ ഓക്സ്ഫോർഡ് -അസ്ട്രസെനെകയാണ് രാജ്യത്തിന്റെ വാക്സിനേഷൻ പദ്ധതിയെ വിജയത്തിലെത്തിക്കുന്നതിന്പ്രധാന പങ്ക് വഹിച്ചത്. പക്ഷെ, വളരേ വിരളമായെങ്കിലും രക്തം കട്ടപിടിക്കുന്ന പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ് ഫൈസർ വാക്സിന് പ്രിയമേറിയത്. 30 വയസ്സിൽ താഴെയുള്ളവർക്ക് ഫൈസർ വാക്സിനായിരിക്കും നൽകുക എന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്.
മറുനാടന് ഡെസ്ക്