ബെൽഫാസ്റ്റ്: ഷഷ്ഠിപൂർത്തികഴിഞ്ഞ യുവനേതാക്കൾ കളം നിറഞ്ഞാടുന്ന ഇന്ത്യൻ രാഷ്ട്രീയത്തിൽ കേട്ടുകേൾവി പോലുമില്ലാത്ത സംഭവങ്ങളാണ് ജനാധിപത്യത്തിന്റെ കളിത്തൊട്ടിലായി ബ്രിട്ടനിൽ നടക്കുന്നത്. 50 വയസ്സുകഴിഞ്ഞ് ആദ്യ നിയമസഭ സീറ്റ് ലഭിക്കുകയും 80 കഴിയുമ്പോൾ മുഖ്യമന്ത്രിയാവുകയും ചെയ്യുന്ന നമ്മുടെ നാട്ടിൽ ഒരുപക്ഷെ സ്വപനത്തിൽ മാത്രം കാണാൻ കഴിയൂന്ന കാര്യങ്ങളാണ് ബ്രിട്ടനിൽ സംഭവിക്കുന്നത്. അവിടെ 50 വയസ്സാകുമ്പോഴേക്കും പല പ്രമുഖ നേതാക്കളും രാഷ്ട്രീയമേ വേണ്ടെന്ന് വച്ചിരിക്കും.

മൂന്നു തവണ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയർ പദവി രാജി വയ്ക്കുന്നത് 54-ആം വയസ്സിലായിരുന്നു. ഡേവിഡ് കാമറൂൺ തിളങ്ങി നിൽക്കുമ്പോഴാണ് ധാർമ്മികതയുടെ പേരിൽ രാജി വയ്ക്കുന്നത്. ആ ശ്രേണിയിലേക്ക് മറ്റൊരു നേതാവ് കൂടി എത്തുന്നു. നോർത്തേൺ അയർലൻഡിലെ ഭരണകക്ഷിയായ ഡെമോക്രാറ്റി യൂണിയനിസ്റ്റ് പാർട്ടിയുടെ പ്രസിഡണ്ടും നോർത്തേൺ അയർലാൻഡ് ഫസ്റ്റ് മിനിസ്റ്ററുമായ അർലിൻ ഫോസ്റ്ററാണ് ചെറുപ്രായത്തിൽ തന്നെ രാഷ്ട്രീയത്തിൽ നിന്നും വിരമിക്കാൻ ഒരുങ്ങുന്നത്.

അതിന്റെ മുന്നോടിയായി അവർ പാർട്ടി പ്രസിഡണ്ട് സ്ഥാനം ഒഴിയുന്ന തീരുമാനം അറിയിച്ചത്. ഇന്നലെ ഉച്ചക്ക് ഒരു പത്രക്കുറിപ്പിലൂടെയാണ് അവർ, മെയ്‌ 28 ന് പാർട്ടി പ്രസിഡണ്ട് പദവി ഒഴിയുമെന്നും അതുപോലെ ജൂൺ അവസാനത്തോടെ ഫസ്റ്റ് മിനിസ്റ്റർ പദവി ഒഴിയുമെന്നും അറിയിച്ചത്. നോർത്തേൺ അയർലൻഡിലെ ജനങ്ങളെ ഫസ്റ്റ് മിനിസ്റ്റർ എന്ന നിലയിൽ സേവിക്കാനായത് ഒരു ഭാഗ്യമായി കാണുന്നു എന്നുപറഞ്ഞ അവർ 50 വയസ്സായതിനാൽ രാഷ്ട്രീയത്തിൽ നിന്നും പൂർണ്ണമായി വിരമിക്കുകയാണെന്നും പറയുന്നു.

നോർത്തേൺ അയർലൻഡ് അസംബ്ലിയിൽ പാർട്ടിയുടെ പ്രതിനിധികളിൽ മുക്കാൽ ഭാഗം പേരും അർലീൻ ഫോസ്റ്റർക്കെതിരെ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന ഒരു അവിശ്വാസ പ്രമേയത്തിൽ ഒപ്പു വച്ചു എന്ന വാർത്ത പരക്കുന്നതിനിടെയാണ് ഇവരുടെ പത്രക്കുറിപ്പ് ഇറങ്ങിയിരിക്കുന്നത്. പാർട്ടി എം പി മാരിൽ ഭൂരിഭാഗവും അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 21 എം എൽ എ മാരും നാല് എം പിമാരും ഈ പ്രമേയത്തിൽ ഒപ്പിട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

ബ്രെക്സിറ്റ് കരാർ കൈകാര്യം ചെയ്ത രീതിയിൽ ഏറെ വിമർശനങ്ങൾ ഇവർക്ക് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. അതുപോലെ ഗേ കൺവേർഷൻ തെറാപിയുമായി ബന്ധപ്പെട്ട ഒരു ബില്ലിന്മേൽ വോട്ട് രേഖപ്പെടുത്താതെ മാറിനിന്ന അവരുടെ നടപടി പാർട്ടിയിലെ ഏറ്റവും താഴെക്കിടയിലെ പ്രവർത്തകരിൽ വലിയൊരു ശതമാനം വരുന്ന യാഥാസ്ഥികരുടെ കടുത്ത എതിർപ്പിന് ഇടയാക്കിയിരുന്നു. ഡെമോക്രാറ്റിക് യുണിയനിസ്റ്റ് പാർട്ടിയുടെ തലവനെ തിരഞ്ഞെടുക്കാനുള്ള വോട്ടിംഗിൽ പാർട്ടി എം എൽ എ മാർക്കും എം പി മാർക്കും മാത്രമാണ് അവകാശമുള്ളത്.

നിലവിൽ 27 എം എൽ എ മാരും എട്ട് എം പിമാരുമുള്ള പാർട്ടിയിൽ മഹാഭൂരിപക്ഷം തനിക്കെതിരെയാണെന്ന് മനസ്സിലാക്കിയാണ് ഇവർ ഇത്തരത്തിലൊരു തീരുമാനം എടുത്തതെന്നാണ് പൊതുവേയുള്ള സംസാരം.