- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടനിൽ റെസ്റ്റോറന്റിൽ മലയാളി യുവതിയെ കുത്തി വീഴ്ത്തിയ ആന്ധ്ര സ്വദേശിയായ യുവാവിനെ നാട്ടിലെത്തിക്കാൻ നരേന്ദ്ര മോദിയുടെ സഹായം തേടി കുടുംബം; കോടതിയിൽ എത്തിയ യുവാവ് റിമാൻഡിൽ; ഇരുവരും നാട്ടിൽ വച്ച് തന്നെ സുഹൃത്തുക്കൾ ആയിരുന്നെന്നും സഹപാഠികൾ
ലണ്ടൻ: ബ്രിട്ടനിലെ ഈസ്റ്റ് ഹാമിലെ ബർകിങ് റോഡിൽ പ്രവർത്തിക്കുന്ന ഹൈദരാബാദ് വാല റെസ്റ്റോറാന്റിൽ ജോലി ചെയ്തിരുന്ന യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനിയായ മലയാളി യുവതിയെ കുത്തി വീഴ്‌ത്തിയത് സഹപാഠി തന്നെയെന്ന് വ്യക്തമായി. ഹൈദരാബാദിനടുത്ത സിർസില്ല സ്വദേശികളാണ് ഇരുവരും. ദീർഘകാലമായി അടുത്തറിയുന്ന ഇരുവരും സുഹൃത്തുക്കൾ ആയിരുന്നുവെന്നാണ് സഹപാഠികൾ നൽകുന്ന സൂചന. പിതാവ് മലയാളിയായ യുവതിയുടെ കുടുംബവും ഹൈദരാബാദിനടുത്തു തന്നെയാണ് താമസം എന്നാണ് യുവതിയുടെ യാത്ര രേഖകളിൽ നിന്നും വ്യക്തമാകുന്നത്.
ഹൈദരാബാദിലെ സിർസിലായിൽ ഉള്ള വാർഡമാൻ കോളേജ് ഓഫ് എഞ്ചിനിയറിങ്ങിൽ ഇൻഫർമേഷൻ ടെക്‌നോളജി ബിടെക് പഠന കാലത്തു തന്നെ ഇരുവരും അടുത്തറിയുന്ന സുഹൃത്തുക്കൾ ആയിരുന്നു .യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ മുൻ പരിചയമുള്ള ശ്രീറാം അംബർലായെയാണ് മെട്രോപോളിറ്റൻ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 23 കാരനായ ഇയാളെ റിമാൻഡ് ചെയ്തിരിക്കുകയാണെന്നാണ് ഒടുവിൽ ലഭ്യമായ വിവരം.
തുടർന്ന് യുകെയിൽ ഉന്നത പഠനത്തിനായി യുവതി ഈസ്റ്റ് ലണ്ടൻ യൂണിവേഴ്സിറ്റിയിലും യുവാവ് മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിലുമാണ് എത്തിയത്. ഇരുവരുടെയും കോഴ്സ് കാലാവധി പൂർത്തിയായ ശേഷം രണ്ടു വർഷത്തെ സ്റ്റേ ബാക് സൗകര്യം പ്രയോജനപ്പെടുത്തി താത്കാലിക ജോലി ചെയ്യുക ആയിരുന്നു. എന്നാൽ യുവതി തന്നിൽ നിന്നും അകലുന്നതായി മനസിലാക്കിയ ശ്രീറാം ജോലി പോലും ഉപേക്ഷിച്ചു യുവതിക്ക് വേണ്ടിയുള്ള തിരച്ചിലിൽ ആയിരുന്നു കഴിഞ്ഞ ഏതാനും നാളുകളായി. സഹപാഠികളിൽ നിന്നുമാണ് യുവതിയുടെ ജോലി സ്ഥലവും മറ്റും ശ്രീറാം മനസിലാക്കിയതെന്നും സൂചനയുണ്ട്. ഇരുവർക്കും ഒരു പോലെ പരിചയമുള്ള നിരവധി ആന്ധ്രാ സ്വദേശികളായ വിദ്യാർത്ഥികളും യുകെയിൽ തന്നെയുണ്ട്. രണ്ടു വർഷം മുൻപ് വർധമാൻ എൻജിനിയറിങ് കോളേജിലെ ബിടെക് പഠനം പൂർത്തിയാക്കിയാണ് യുവതി ലണ്ടനിൽ മാസ്റ്റേഴ്സ് പഠനത്തിന് വേണ്ടി എത്തുന്നത്.
അതിനിടെ ആന്ധ്ര സ്വദേശികൾ ഉൾപ്പെട്ട കേസെന്ന നിലയിൽ തെലുങ്ക് മാധ്യമങ്ങൾ സംഭവത്തിന് വലിയ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്. യുവതിയുടെ കുടുംബത്തിന് പൊലീസ് വിവരങ്ങൾ നൽകുന്നുണ്ടെങ്കിലും പ്രതിയായ യുവാവിന്റെ കുടുംബത്തിന് ഔദ്യോഗിക വിവരങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് സൂചന. ഇതേതുടർന്ന് അഭ്യൂഹ പ്രചാരവും ജന്മ നാട്ടിൽ ശക്തമാണ്. യുവാവ് ഏതോ സാഹചര്യത്തിൽ ലണ്ടനിൽ പൊലീസ് പിടിയിലായി എന്നാണ് കുടുംബം ധരിച്ചിരിക്കുന്നത്. ഇതേതുടർന്ന് തന്റെ സഹോദരനെ ലണ്ടനിൽ രക്ഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന് ശ്രീറാമിന്റെ സഹോദരൻ അഭിഷേക് അംബർലാ അഭ്യർത്ഥിച്ചു.
തന്റെ സഹോദരന് ലണ്ടനിൽ എന്താണ് സംഭവിക്കുന്നതെന്നു ഒരു വിവരവും ഇല്ലെന്നും അഭിഷേക് സോഷ്യൽ മീഡിയ വഴി നടത്തിയ അഭ്യർത്ഥനയിൽ വ്യക്തമാക്കുന്നു. യുകെയിലെ തെലുങ്ക് സമൂഹത്തിന്റെ സഹായവും കുടുംബം തേടിയിട്ടുണ്ട്. നാട്ടിൽ അറിയപ്പെടുന്ന കുടുംബം കൂടിയാണ് യുവാവിന്റേതെന്നും സഹപാഠികൾ സൂചന നൽകുന്നു. എന്നാൽ യുവാവ് നടത്തിയ അതിക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വ്യാപകമായി സോഷ്യൽ മീഡിയ വഴി പ്രചരിച്ചത് ഇതിനകം ഇരുവരുടെയും നാട്ടുകാരുടെ കൈകളിലും എത്തിക്കഴിഞ്ഞു. സ്വാഭാവികമായും ബന്ധുക്കളും ഈ ദൃശ്യങ്ങൾ കണ്ടിരിക്കാൻ സാധ്യത ഏറെയാണ്. ഇതോടെ യുവാവിന്റെ ബന്ധുക്കൾ നടത്തുന്ന സഹായ അഭ്യർത്ഥനയുടെ വാസ്തവം സംബന്ധിച്ച സംശയവും ഉയരുകയാണ്.
വെള്ളിയാഴ്ച നടന്ന സംഭവത്തെ തുടർന്ന് മൂന്നു ദിവസവും പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷമാണ് ശ്രീറാമിനെ ഇന്നലെ തെംസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്. പല തവണ കുത്തിയ സാഹചര്യത്തിൽ കൊലപാതക ശ്രമത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിയെ ചോദ്യം ചെയ്ത വേളയിലും അയാൾ ഇക്കാര്യം സമ്മതിച്ചിരിക്കാം എന്നാണ് അനുമാനിക്കപ്പെടുന്നത്. അതിനിടെ ഗുരുതര പരുക്കുകളോടെ ന്യൂ ഹാം ആശുപത്രിയിലും തുടർന്ന് വൈറ്റ് ചാപ്പൽ ആശുപത്രിയിലും എത്തിച്ച യുവതി നിർണായക ഘട്ടം തരണം ചെയ്‌തെന്നാണ് സൂചന. ഇക്കാര്യം പൊലീസും സ്ഥിരീകരിക്കുന്നു. 22 കാരിയായ യുവതി ചികിത്സകളോട് നല്ല രീതിയിൽ തന്നെ പ്രതികരിക്കുന്നു എന്നാണ് ആശുപത്രി റിപ്പോർട്ടുകളുടെ ഉള്ളടക്കവും.