ലണ്ടൻ: ബ്രിട്ടനിൽ നിന്നുള്ള വിദേശയാത്രകൾ സാധാരണ നിലയിലേക്ക് തിരിച്ചുവരാൻ തുടങ്ങുകയാണ്. അതിന്റെ മുന്നോടിയായി വിദേശയാത്രകഴിഞ്ഞ് തിരിച്ചെത്തുന്ന, രണ്ടു ഡോസ് വാക്സിൻ എടുത്തവർക്ക് പി സി ആർ ടെസ്റ്റ് ഒഴിവാക്കുകയാണ്. അടുത്തമാസം ഹാഫ്-ടേം ഹോളിഡേസ് ആരംഭിക്കുന്നതിനു മുൻപായി ഗ്രീൻ, ആമ്പർ സോണുകളിൽ ഉൾപ്പെടുന്ന രാജ്യങ്ങളിലേക്കുള്ള യാത്രാ നിയന്ത്രണങ്ങൾ പരമാവധി ഒഴിവാക്കുവാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ. ട്രാവൽ-ടൂറിസം മേഖലയ്ക്ക് പുത്തനുണർവ് പകരുന്ന ഈ തീരുമാനങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നറിയുന്നു.

രണ്ടു ഡോസ് വാക്സിൻ എടുത്തവർക്ക് ഇനി ബ്രിട്ടനിൽ നിന്നും യാത്ര തിരിക്കുന്നതിനു മുൻപായി കോവിഡ് പരിശോധനയ്ക്ക് വിധേയരാകേണ്ടതില്ല. അതുപോലെ വിദേശത്തുനിന്നും തിരിച്ചെത്തി രണ്ടാം ദിവസം നടത്തേണ്ട ചെലവേറിയ പി സി ആർ ടെസ്റ്റിനു പകരം ചെലവു കുറഞ്ഞ ലാറ്ററൽ ഫ്ളോ ടെസ്റ്റ് നടത്തിയാൽ മതിയാകും. ഇതോടെ ഒഴിവുകാല യാത്രകൾക്കുള്ള ചെലവ് വളരെയധികം കുറയ്ക്കാനാകും. നിലവിൽ 100 പൗണ്ടാണ് ഒരു പി സി ആർ ടേസ്റ്റിന് ഈടാക്കുന്നത്. ലാറ്ററൽ ഫ്ളോ ടെസ്റ്റ് എൻ എച്ച് എസ് സൗജന്യമായി ചെയ്യുന്നു.

പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ചാൻസലർ ഋഷി സുനാക്, ആരോഗ്യ സെക്രട്ടറി സജിദ് ജാവിദ്, കാബിനറ്റ് ഓഫീസ് മിനിസ്റ്റർ മൈക്കൽ ഗോവ് എന്നിവരടങ്ങിയ കോവിഡ് ഉന്നതതല സമിതി ഈയാഴ്‌ച്ച ഇക്കാര്യം വിശദമായി ചർച്ച ചെയ്യും. പി സി ആർ ടെസ്റ്റിൽ നിന്നും ഒഴിവാക്കുന്നത് രണ്ടു ഡോസ് വാക്സിൻ എടുത്തവരെ മാത്രമായിരിക്കുംഎന്നതിനാൽ ഇത് കൂടുതൽ പേർക്ക് വാക്സിനെടുക്കാൻ പ്രചോദനമാകുമെന്നും സർക്കാർ കരുതുന്നു.

നിലവിൽ, വിദേശങ്ങൾ സന്ദർശിച്ച് തിരികെയെത്തുന്നവർ സ്വന്തം ചെലവിൽ പി സി ആർ ടെസ്റ്റ് നടത്തേണ്ടതുണ്ട്. തിരികെ ബ്രിട്ടനിൽ എത്തുന്ന ദിവസമോ അതുകഴിഞ്ഞ് രണ്ടു ദിവസങ്ങൾക്കുള്ളിലോ ഇത് നടത്തണം. രണ്ടു ഡോസ് വാക്സിൻ എടുത്തവർക്കും ഇത് ബാധകമാണ്. അതുപോലെ ആമ്പർ ലിസ്റ്റിൽ പെടുന്ന രാജ്യങ്ങളിലേക്ക് പോകുന്നവർ യാത്ര തിരിക്കുന്നതിനു മുൻപായും രോഗപരിശോധനയ്ക്ക് വിധേയരാകേണ്ടതുണ്ട്. ഇത് പി സി ആർ ടെസ്റ്റോ ലാറ്ററൽ ഫ്ളോ ടെസ്റ്റോ ആകാം.

എന്നാൽ ഗ്രീൻ ലിസ്റ്റിലുള്ള രാജ്യങ്ങൾ സന്ദർശിച്ചെത്തുമ്പോൾ പരിശോധനയുടെ ആവശ്യമില്ല. റെഡ് ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പത്തുദിവസത്തെ ഹോട്ടൽ ക്വാറന്റൈന് വിധേയരാകേണ്ടതുണ്ട്. വിദേശങ്ങളിലേക്ക് യാത്രതിരിക്കുന്നവർ, അവർ പോകാൻ ഉദ്ദേശിക്കുന്ന രാജ്യത്തിലെ കോവിഡ് പരിശോധന ചട്ടങ്ങൾ അനുസരിക്കേണ്ടതുണ്ട്. എന്നാൽ., ഒട്ടുമിക്ക യൂറോപ്യൻ രാജ്യങ്ങളും രണ്ടു ഡോസ് വാക്സിൻ എടുത്തവരെരോഗപരിശോധനയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അതേസമയം ബ്രിട്ടനിലെത്തുന്ന 16 വയസ്സിൽ താഴെയുള്ളവരുടെ കാര്യം ഇനിയും തീരുമാനിച്ചിട്ടില്ല.