- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വാക്സിൻ വിരുദ്ധർ ഇതുവരെ പറഞ്ഞതിനെ ശരിവെച്ച് എൻ എച്ച് എസ് ജീവനക്കാരും; ബ്രിട്ടനിൽ അങ്ങോളമിങ്ങോളം നിരവധി സമരങ്ങളിൽ നിർബന്ധിത വാക്സിനേഷനെതിരെ നിരവധി എൻ എച്ച് എസ് ജീവനക്കാരും; വാക്സിൻ ഇല്ലാത്തവർക്ക് പണി നഷ്ടമാക്കുന്ന നിയമം കുരുക്കിലേക്ക്
ലണ്ടൻ: വാക്സിൻ നിർബന്ധമാക്കുന്നതിനെതിരെ ബ്രിട്ടനിൽ നടക്കുന്ന വാക്സിൻ വിരുദ്ധരുടെ സമരത്തിൽ നിരവധി എൻ എച്ച് എസ് ജീവനക്കാരും പങ്കുചേരുകയാണ്. വാക്സിൻ എടുക്കാത്ത ജീവനക്കാരെ ജോലിയിൽ നിന്നും പിരിച്ചുവിടാനുള്ള ഔദ്യോഗിക അറിയിപ്പുകൾ അടുത്ത മാസം മുതൽ ആരോഗ്യ വകുപ്പ് ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കെയാണ് സമരത്തിന് ചൂടുപിടിക്കുന്നത്. ലണ്ടനിൽ നൂറുകണക്കിന് ആരോഗ്യ പ്രവർത്തകരാണ് ഡൗണിങ് സ്ട്രീറ്റിനു മുന്നിൽ തടിച്ചുകൂടി തങ്ങളുടെ സ്‌ക്രബ്ബുകൾ പൊലീസിനു നേരെ വലിച്ചെറിഞ്ഞത്. ട്രഫൽഗർ ചത്വരത്തിൽ ഒത്തുകൂടിയ ആരോഗ്യ പ്രവർത്തകർ തങ്ങളുടെ യൂണിഫോം അഴിച്ചുവെച്ചുകൊണ്ടായിരുന്നു പ്രതിഷേധിച്ചത്.
ബി ബി സി ബ്രോഡ്കാസ്റ്റിങ് ഹൗസിനു മുന്നിൽ തടിച്ചുകൂടിയ പ്രതിഷേധക്കാരിൽ പ്രമുഖ വാക്സിൻ വിരുദ്ധനായ പിയേഴ്സ് കോർബിനും ഉണ്ടായിരുന്നു. അവിടെയൊരാൾ സ്‌ക്വിഡ് ഗെയിം മാസ്‌കും ബയൊഹസാർഡ് സ്യുട്ടും ധരിച്ചെത്തി കൈയിൽ വലിയൊരു സിറിഞ്ചുമായാണ് പ്രതിഷേധിച്ചത്. ലണ്ടനു പുറമെ മാഞ്ചസ്റ്ററിലും, ബിർമ്മിങ്ഹാമിലും, ലീഡ്സിലും, ന്യു കാസിലിലുമൊക്കെ സ്വാതന്ത്ര്യ ജാഥകൾ എന്ന് വിളിക്കപ്പെടുന്ന പ്രതിഷേധം അരങ്ങേറി. വാക്സിൻ നിർബന്ധമാക്കരുത് എന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം.
ആവർത്തിച്ചുള്ള ശ്രമങ്ങൾക്ക് ശേഷവും ഏകദേശം 80,000-ഓളം എൻ എച്ച് എസ് ജീവനക്കാർ ഇതുവരെ വാക്സിൻ എടുത്തിട്ടില്ല. മൊത്തം ജീവനക്കാരുടേ ഏകദേശം ആറു ശതമാനത്തോളം വരും ഇത്. ഇതുവരെ വാക്സിന്റെ മുഴുവൻ ഡോസുകളും എടുക്കാത്ത ജീവനക്കാരെ ഫെബ്രുവരി മുതൽ ഔദ്യോഗിക കൂടിക്കാഴ്‌ച്ചകൾക്ക് ക്ഷണിച്ച്, വാക്സിൻ എടുത്തില്ലെങ്കിൽ പുറത്തുപോകേണ്ടിവരുമെന്ന ഔദ്യോഗിക മുന്നറിയിപ്പ് നൽകാൻ ഇരിക്കുകയാണ് ആരോഗ്യ വകുപ്പ്.
കൂടിക്കാഴ്‌ച്ച നടത്തുന്ന ദിവസം തന്നെ ഔദ്യോഗിക നോട്ടീസ് നൽകും. മാർച്ച് 31 ന് ആയിരിക്കും വാക്സിൻ പൂർത്തിയാക്കാനുള്ള അവസാന ദിവസം. ഏപ്രിൽ 1 ന് മുൻപായി എല്ലാ മുൻ നിര ആരോഗ്യ പ്രവർത്തകരും വാക്സിന്റെ രണ്ടുഡോസുകളും എടുത്തിരിക്കണം. അതായത് ഫെബ്രുവരി 3 ന് മുൻപായി അവർ ആദ്യ ഡോസ് എടുത്തിരിക്കണം. ഏപ്രിൽ 1 ന് വാക്സിന്റെ രണ്ട് ഡോസുകളും എടുക്കാത്തവർക്ക് ജോലി നഷ്ടപ്പെടും. ആരോഗ്യ സേവനരംഗത്ത് ജീവനക്കാരുടേ ക്ഷാമം ഒഴിവാക്കുവൻ ഈ അവസാന തീയതി നീട്ടണമെന്ന് റോയൽ കോളേജ് ജി പി മാർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ആരോഗ്യ പ്രവർത്തകർക്ക് നിർബന്ധിത വാക്സിൻ എന്നത് ശരിയായ ഒരു രീതിയല്ല എന്നാണ് ചെയർമാൻ മാർട്ടിൻ മാർഷൽ പറഞ്ഞത്. ചില അശുപത്രികളിൽ ഏകദേശം 10 ശതമാനത്തോളം ജീവനക്കാരും ജി പി സർജറിമാരും കോവിഡ്വാക്സിൻ എടുക്കാത്തവരായി ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇതുവരെ തങ്ങളെ അഭിനന്ദിച്ചു കൂട്ടംകൂടി കൈയടിക്കുന്നവർ ഇപ്പോൾ തങ്ങളെ പിന്തുണയ്ക്കുന്നില്ല എന്നാണ് ലണ്ടനിൽ പ്രതിഷേധിക്കുന്ന ആംബുലൻസ് ജീവനക്കാരനായ ക്രിസ്റ്റബെല്ലെ ഗ്രിഗറി പറഞ്ഞത്. താൻ ചെറുപ്പമാണെന്നും, അതുകൊണ്ടും, കോവിഡ് രോഗികളുമായുള്ള നിദാന്ത സമ്പർക്കം വഴിയും തന്നിൽ ആവശ്യത്തിന് ആന്റിബോഡികൾ ഉണ്ടെന്നുമാണ് അവർ പറയുന്നത്. അതുകൊണ്ട് തന്നെ തനിക്ക് വാക്സിന്റെ ആവശ്യമില്ലെന്നും പറയുന്നു.
തനിക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു ജോലി, വാക്സിൻ എടുത്തില്ല എന്നതിന്റെ പേരിൽ നഷ്ടപ്പെടാൻ പോവുകയാണെന്നാണ് ഓക്സ്ഫോർഡിലെ എമർജൻസി കെയർ അസിസ്റ്റന്റായ വിക്ടോറിയ കെസ്സെർവൻ പറയുന്നത്. എൻ എച്ച് എസ് ജീവനക്കാരുടേ ജാഥയിൽ വാക്സിൻ വിരുദ്ധരും, വാക്സിൻ എന്നത് ജനങ്ങളെ കൊന്നൊടുക്കി ജനസംഖ്യ നിയന്ത്രിക്കുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന ഗൂഢാലോചനാ സിദ്ധാന്തത്തിൽ വിശ്വസിക്കുന്നവരുമായ ആയിരക്കണക്കിന് ആളുകൾ പങ്കുചേർന്നു. ഈ പ്രതിഷേധക്കാർക്ക് വാക്സിൻ വിരുദ്ധരുമായും തീവ്ര വലതുപക്ഷ രാഷ്ട്രീയ നേതാക്കളുമായും ബന്ധമുണ്ടെന്നുള്ളത് ആശങ്കാ ജനകമാണെന്നാണ് മെയിൽ ഓൺലൈൻ പറയുന്നത്.
കവലകളിൽ, വാക്സിൻ കുട്ടികളെ കൊല്ലുന്നു എന്ന് എഴുതിയ മഞ്ഞ പ്ലക്കാർഡുകളും കൊണ്ട് പ്രതിഷേധിക്കുന്ന റിബൽസ് ഓൺ റൗണ്ട് എബൗട്ട്സ് എന്ന സംഘടനയുമായി ചേർന്ന് പ്രവർത്തിക്കാൻ എൻ എച്ച് എസ് 100 കെ എന്ന വെബ്സൈറ്റ് ആഹ്വാനം ചെയ്യുന്നു. ജനസംഖ്യാ നിയന്ത്രണത്തിനുള്ള ഉപാധിയാണ് വാക്സിൻ പദ്ധതി എന്നും ഈ വെബ്സൈറ്റിൽ പറയുന്നുണ്ട്. എന്നാൽ, പിന്നീട് റിബൽസ് ഓൺ റൗണ്ട് എബൗട്ട്സിനെ കുറിച്ചുള്ള പരാമർശവും വാക്സിൻ പദ്ധതിക്കെതിരായ പരാമർശവും വെബ്സൈറ്റിൽ നിന്നും നീക്കം ചെയ്തു. ഇത്തരം തെറ്റിദ്ധാരണകൾ അപകടകരമാണെന്നും അത്തരം ചിന്താഗതികളോട് എൻ എച്ച് എസ് 100 കെ യോജിക്കുന്നില്ലെന്നും വെബ്സൈറ്റ് പ്രതിനിധി വ്യക്തമാക്കി.
തീവ്ര വലതുപക്ഷ രാഷ്ട്രീയ പാർട്ടിയായ ഇംഗ്ലീഷ് ഡെമോക്രാറ്റ്സ് പാർട്ടിയുടെ കീഴിലുള്ള വർക്കേഴ്സ് ഓഫ് ഇംഗ്ലണ്ട് യൂണിയനിൽ ചേരാൻ തങ്ങളുടെ അനുയായികളോടും തങ്ങളെ പിന്തുണക്കുന്നവരോടും എൻ എച്ച് എസ് 100 കെ വെബ്സൈറ്റിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. യൂണിയൻ ഒരു രാഷ്ട്രീയ പാർട്ടിയുമായി അഫിലിയേറ്റ് ചെയ്തട്ടില്ല എന്നാണ് യൂണീയൻ വക്താക്കൾ വ്യക്തമാക്കുന്നത്. എന്നാൽ അതിന്റെ നേതാവ് സ്റ്റീഫൻ മോറിസ് ഇംഗ്ലീഷ് ഡെമോക്രാറ്റിക് പാർട്ടിയുടെ നാഷണൽ സെക്രട്ടറിയാണ്.
അതേസമയം, വാക്സിൻ എടുക്കാത്ത എൻ എച്ച് എസ് ജീവനക്കാരെ പിരിച്ചുവിടാതെ, അവരെ രോഗികളുമായി നേരിട്ടു സമ്പർക്കം പുലർത്താത്ത ജോലികളിലേക്ക് പുനർ വിന്യാസം നടത്തുന്ന കാര്യവും പരിഗണനയിലുണ്ട് എന്നറിയുന്നു. എന്നാൽ, അതിനെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്. ആരോഗ്യ പ്രവർത്തകർക്ക് മറ്റ് സാധാരണ പൗരന്മാരെ പോലെ തിരഞ്ഞെടുക്കാനുള്ള അവകാശം നൽകണമെന്നാണ് ഇവർ പറയുന്നത്. വാക്സിൻ ഇപ്പോഴും പരീക്ഷണഘട്ടത്തിൽ ഇരിക്കുന്ന ഒരു മരുന്നാണെന്നും അതിനാൽ തന്നെ അത് എടുക്കുന്നതിൽ ഭേദം ജോലി നഷ്ടപ്പെടുത്തുന്നതാണെന്നുമാണ് കഴിഞ്ഞ മുപ്പത് വർഷമായി സ്പെഷ്യലിസ്റ്റ് നഴ്സായി ജോലിചെയ്യുന്ന ഒരു സ്ത്രീ പറഞ്ഞത്.
അതേസമയം ആരോഗ്യ പ്രവർത്തകർക്ക് വാക്സിൻ നിർബന്ധമാക്കുവാനുള്ള തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ്‌സർക്കാർ. സ്വയം സുരക്ഷയ്ക്കും രോഗികളുടെ സുരക്ഷയ്ക്കും വാക്സിൻ എടുക്കുന്നത് ആരോഗ്യപ്രവർത്തകരുടെ കടമയാണെന്നാണ് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞത്. വാക്സിൻ ഫലവത്താണെന്ന് ഇതിനോടകം തെളിഞ്ഞതാണെന്നും, രോഗം കൂടുതൽ വ്യാപകമാകാതിരിക്കുന്നതിനുള്ള സാധ്യത അത് ഇല്ലാതെയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആശുപത്രികളിലും കെയർഹോമുകളിലും എത്തുന്നവർ പ്രത്യേക ശ്രദ്ധ ആവശ്യമായവരാണെന്നും അവേരെ കോവിഡ് ബാധയിൽ നിന്നും രക്ഷിക്കാൻ ആരോഗ്യ പ്രവർത്തകർക്ക് ബാദ്ധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന് ഡെസ്ക്