ലണ്ടൻ: ഗോൾഡൻ വിസാ പദ്ധതി വഴി 12 വർഷത്തിനിടയിൽ ബ്രിട്ടനിൽ എത്തി സെറ്റിൽ ചെയ്തത് 254 ഇന്ത്യൻ കോടീശ്വരന്മാർ. അഞ്ച് മില്ല്യൺ പൗണ്ട് രാജ്യത്ത് നിക്ഷേപിച്ചാൽ പിആർ ലഭിക്കുന്ന പദ്ധതി പ്രകാരമാണ് ഇത്രയധികം ഇന്ത്യൻ കോടീശ്വരന്മാർ ഇന്ത്യയിൽ നിന്നും ബ്രിട്ടനിലേക്ക് പറിച്ച് നടപ്പെട്ടത്. യുകെ ആസ്ഥാനമായുള്ള ആന്റി കറപ്ഷൻ ചാരിറ്റിയാണ് തിങ്കളാഴ്ച ഈ റിപ്പോർട്ട് പുറത്ത് വിട്ടത്.

ടിയർ 1 (ഇൻവെസ്റ്റർ) വിസ പ്രകാരം ബ്രിട്ടനിലേക്ക് താമസം മാറ്റുന്ന സൂപ്പർ റിച്ച് രാജ്യങ്ങളുടെ പട്ടികയിൽ ഏഴാം സ്ഥാനത്താണ് ഇന്ത്യ. 2008നും 2020നും ഇടയിലാണ് 254 ഇന്ത്യൻ നിക്ഷേപകർ ബ്രിട്ടന്റെ ഗോൾഡൻ വിസ സ്വന്തമാക്കിയത്്. ചൈനയാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 4106 ചൈനക്കാരാണ് ഇക്കാലയളവിൽ ബ്രിട്ടന്റെ ഗോൾഡൻ വിസ സ്ഥന്തമാക്കിയത്. രണ്ടാം സ്ഥാനത്ത് റഷ്യയാണ് 2526 റഷ്യക്കാരാണ് ഗോൾഡൻ വിസ കരസ്ഥാക്കിയത് മൂന്നാം സ്ഥാനത്തുള്ള ഹോങ്കോങിൽ നിന്നും 692 പേരും ഈ വിസ കരസ്ഥമാക്കി. യുണൈറ്റഡ് സ്റ്റേറ്റ്സ് (685), പാക്കിസ്ഥാൻ (283), കസാക്കിസ്താൻ (278) എന്നീ രാജ്യങ്ങളാണ് പട്ടികയിൽ ഇന്ത്യയ്ക്ക് മുന്നിലുള്ളത്.

സൗദി അറേബ്യയിൽ നിന്നുള്ള 223 പേരും ടർക്കിയിൽ നിന്നുള്ള 221 പേരും ഈജിപ്റ്റിൽ നിന്നും 206 പേരുമാണ് ആദ്യ പത്തിൽ ഇടംപിടിച്ചത്. എന്നാൽ ഇൻവസ്റ്റേഴ്സിനുള്ള ഈ വിസ കരസ്ഥമാക്കിയ പകുതിയിലധികം പേരുടെയും അപേക്ഷകൾ ഇപ്പോൾ ഹോം ഓഫിസ് പുന പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. പലരും സ്വന്തം രാജ്യത്ത് വൻ അഴിമതി നടത്തിയാണ് ബ്രിട്ടനിൽ എത്തിയതെന്നാണ് റിപ്പോർട്ട്. കള്ളപ്പണമാണ് ഒഴുകി എത്തിയതെന്നുമുള്ള സംശയത്തെ തുടർന്നാണ് ഹോം ഓഫിസ് നിരവധി അപേക്ഷകൾ പുന പരിശോധിച്ച് തുടങ്ങിയത്.

വജ്രവ്യാപാരി നീരവ് മോദി 2015ൽ യുകെയിൽ ഇൻവെസ്റ്റർ വിസയ്ക്ക് വേണ്ടി ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. അഴിമതി ആരോപണത്തെ തുടർന്ന് വിദേശ പൗരന്മാർ കരസ്ഥമാക്കിയ 6,312 ഗോൾഡൻ വിസകളും ഹോം ഓഫീസ് ഡിപ്പാർട്ട്മെന്റ് പുന പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന് കണ്ടാണ് ഇവയൊക്കെ പരിശോധിച്ചു വരുന്നത്. യുകെയുടെ ഗോൾഡൻവിസ സ്‌കീമിൽ അഴിമതി നടന്നിട്ടുണ്ടന്നാണ് പരക്കെയുള്ള ആരോപണം. കള്ളപ്പണം വെളുപ്പിക്കലും രാജ്യ സുരക്ഷയ്ക്കും ഭീഷണിയാണെന്നും ആരോപണമാണ് ഉയരുന്നത്.

യുകെയിൽ രജിസ്റ്റർ ചെയ്ത കമ്പനിയിൽ നിക്ഷേപം നടത്തുന്ന അതിസമ്പന്നരായ വ്യക്തികൾക്കാണ് ഗോൾഡൻ വിസ ലഭിക്കുക. രണ്ട് മില്ല്യൺ പൗണ്ട് നിക്ഷേപിക്കുന്ന വ്യക്തികൾക്ക് വളരെ പെട്ടെന്ന് തന്നെ മൂന്ന് വർഷത്തേക്ക് യുകെയിൽ താമസിക്കുന്നതിനുള്ള അനുവാദം നൽകും. പിന്നീട് അത് രണ്ട് വർഷത്തേക്ക് കൂടി നീട്ടി നൽകും. പത്ത് മില്ല്യൺ പൗണ്ട് നിക്ഷേപിക്കുന്നവർക്ക് ഉടനടി തന്നെ രാജ്യത്ത് താമസിക്കാനുള്ള അനുവാദം നൽകുകയും ഒരു വർഷത്തിനകം യുകെ പൗരത്വം കൈമാറുകയും ചെയ്യും.

ഗോൾഡൻവിസ കരസ്ഥമാക്കിയവർ വഴി കള്ളപ്പണമാണ് രാജ്യത്തേക്ക് ഒഴുകിയതെന്നാണ് റിപ്പോർട്ട്. 2008 മുതൽ 2015 വരെ നിരവധി പേർ ഈ വിസകരസ്ഥമാക്കിയത് അഴിമതി വഴിയാണെന്നാണ് റിപ്പോർട്ട്. ഇതോടെയാണ് ഇവയെല്ലാം പുന പരിശോധിക്കാൻ ഒരൂങ്ങുന്നത്.