തിരുവനന്തപുരം: സുഖോയ് വിമാനത്തിന്റെ പരിശീലന പറക്കലിനിടെ അപകടത്തിൽ പെട്ട് മരിച്ച വ്യോമസേനാ പൈലറ്റും കോഴിക്കോട് സ്വദേശിയുമായ അച്ചുദേവിന്റെ മൃതദേഹം തിരുവനന്തപുരത്തെ വീട്ടിലെത്തിച്ചു. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെ പ്രത്യേക സൈനിക വിമാനത്തിലാണ് മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചത്.

വിമാനത്താവളത്തിൽ നിന്നും ശ്രീകാര്യത്തെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ വ്യോമസേനാ ഉദ്യോഗസ്ഥരും സർക്കാരിന് വേണ്ടി മന്ത്രി കടകംപള്ളി സുരേന്ദ്രനും അന്ത്യോപചാരമർപ്പിക്കാൻ എത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരും അച്ചുദേവിന് അന്ത്യോപചാരമർപ്പിക്കാൻ എത്തുന്നുണ്ട് . വൈകുന്നേരം അഞ്ച് മണിയോടെ ഇവിടെ പൊതു ദർശനത്തിന് വെച്ച ശേഷം ശനിയാഴ്ച രാവിലെ കോഴിക്കോട് പന്തീരങ്കാവിലെ ജന്മദേശത്തേക്ക് മൃതദേഹം കൊണ്ടുപോവും. ഇവിടെയാണ് മറ്റ് ചടങ്ങുകൾ നടക്കുന്നത്.

മെയ്-23 ന് ആയിരുന്നു പരിശീലന പറക്കലിനിടെ വ്യോമസേനയുടെ സുഖോയ് വിമാനം അരുണാചൽ പ്രദേശിൽ കാണാതായത്. കനത്ത മഴ കാരണം തിരച്ചിൽ പലതവണ തടസപ്പെട്ടിരുന്നുവെങ്കിലും രണ്ട് ദിവസത്തിന് ശേഷം വിമാനാവശിഷ്ടങ്ങളും ബ്ലാക് ബോക്‌സും വനത്തിൽ കണ്ടെത്തുകയായിരുന്നു.

അച്ചുദേവും ഉത്തരേന്ത്യക്കാരനായ സ്‌ക്വാഡ്രൻ ലീഡർ ദിവേഷ് പങ്കജുമാണ് വിമാനത്തിലുണ്ടായിരുന്നത്. ആദ്യ തിരച്ചലിൽ മൃതദേഹം കണ്ടെത്താൻ കഴിയാത്തതിനാൽ ഇവരുടെ കുടുംബം ഏറെ പ്രതീക്ഷയിലായിരുന്നു. എന്നാൽ ഇവരെ നിരാശരാക്കി ബുധനാഴ്ചയാണ് അച്ചുദേവിന്റെയും ദിവേഷ് പങ്കജിന്റെയും മരണം സ്ഥിരീകരിച്ചത്.