ഗോളവ്യാപകമായി വളർന്ന് വരുന്ന വലതുപക്ഷ വംശീയത മുതലാക്കി രൂപം കൊണ്ട യുകിപ് ഈ തെരഞ്ഞെടുപ്പിൽ ശക്തമായ സാന്നിധ്യമറിയിക്കുമെന്ന അവകാശവാദമുന്നയിച്ചിരുന്നു. എന്നാൽ പാർട്ടി നേതാവ് പോൾ നട്ടാളിന് പോലും എംപിയായി വിജയിക്കാൻ സാധിക്കാത്ത ദയനീയമായ അവസ്ഥയാണ് സംജാതമായിരിക്കുന്നത്. ഒറ്റ സീറ്റ് പോലും നേടാത്ത പാർട്ടിയെ കൈവിട്ടിരിക്കുകയാണ് ബ്രിട്ടീഷ് ജനത. പാർട്ടിക്ക് അപ്രതീക്ഷിതമായ തിരിച്ചടിയേകി വോട്ടിങ് ശതമാനത്തിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ബോസ്റ്റൺ ആൻഡ് സ്‌കെഗ്‌നെസിൽ നട്ടാളിന് വെറും മൂന്നാം സ്ഥാനത്ത് മാത്രമേ എത്താൻ സാധിച്ചിട്ടുള്ളൂ.

400 സീറ്റുകളിലെ ഫലങ്ങൾ പുറത്ത് വന്നപ്പോൾ യുകിപിന്റെ വോട്ടിങ് ശതമാനം 11 ശതമാനമായി ഇടിഞ്ഞിരിക്കുന്നു. അന്ന് നിജെൽ ഫെരാഗ് പാർട്ടി നേതാവായിരുന്നപ്പോൾ യുകിപ് 12.6 ശതമാനം വോട്ടുകൾ നേടിയിരുന്നു. യുകിപിന്റെ വോട്ടർമാർ മറ്റ് പാർട്ടികളിലേക്ക് കൂട് മാറിയിരിക്കുന്നു.അതായത് ബ്രെക്‌സിറ്റിനെ എതിർക്കുന്നവർ ലേബർ പാർട്ടിയിലേക്കും ബ്രെക്‌സിറ്റിനെ പിന്തുണയ്ക്കുന്നവർ ടോറി പാർട്ടിയിലേക്കും മാറിയ അവസ്ഥയാണുള്ളത്. ബോസ്റ്റൺ ആൻഡ് സ്‌കെഗ്‌നെസിൽ നട്ടാളിന് വെറും 7.71 ശതമാനം വോട്ട് മാത്രമേ നേടാൻ സാധിച്ചിട്ടുള്ളൂ.

ഈ സീറ്റിൽ 2015ൽ പാർട്ടിക്ക് 26.08 ശതമാനം വോട്ട് നേടാൻ സാധിച്ചിരുന്നുവെന്നറിയുമ്പോഴാണ് അടിയൊഴുക്കിന്റെ ശക്തി മനസിലാക്കാൻ സാധിക്കുന്നത്.ഫെബ്രുവരിയിൽ സ്റ്റോക്ക് സെൻട്രൽ ഉപ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് ശേഷമുള്ള രണ്ടാമത്തെ അടിയാണിപ്പോൾ നട്ടാളിന് ലഭിച്ചിരിക്കുന്നത്. ഹൗഗ്ടണിലും സൻഡർലാൻഡ് സൗത്തിലും യുകിപിന്റെ വോട്ടിൽ 15.7 ശതമാനാണ് ഇടിവുണ്ടായിരിക്കുന്നത്.സൻഡർലാൻഡ് സെൻട്രലിൽ വോട്ട് 14.25 ശതമാനവും വാഷിങ്ടണിലും സൻഡർലാൻഡ് വെസ്റ്റിലും വോട്ടിങ് ശതമാനം 12.85 ശതമാനവും ഇടിഞ്ഞിരിക്കുന്നു.

എന്നാൽ ഇത്തരത്തിൽ തിരിച്ചടി നേരിട്ടിട്ടും തങ്ങളുടെ പ്രതീക്ഷ പെരുപ്പിച്ച് കാട്ടുകയാണ് മുൻ യുകിപ് നേതാവാ ഫെരാജ്. യുകിപിന്റെ റോൾ ആരംഭിക്കാനിരിക്കുന്നതേയുള്ളൂവെന്നാണ് അദ്ദേഹം ഐടിവിയിലൂടെ പ്രതികരിച്ചിരിക്കുന്നത്. രണ്ടാമത് റഫറണ്ടം സംജാതമായാൽ യുകിപിന് ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ ശക്തമായ ഇടം നേടാനാവുമെന്നും അദ്ദേഹം അവകാശപ്പെടുന്നു. തോൽവിക്ക് ശേഷം നേതൃസ്ഥാനത്ത് നിന്നും മാറാനുള്ള സമ്മർദം തനിക്ക് മേലില്ലെന്നാണ് നട്ടാൾ പറയുന്നത്.