കെറ്ററിങ്ങ്: കെറ്ററിങ്ങ് ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്തുമസ് - പുതുവത്സരാഘോഷങ്ങൾ ചരിത്രത്തിന്റെ താളുകളിൽ സുവർണ്ണ ലിപികളാൽ രചിക്കപ്പെട്ടതായി. നയന മനോഹരമായ കലാവിരുന്ന് പ്രൗഢഗംഭീരമായ പൊതു സമ്മേളനം, ഇമ്പമാർന്നതും ആവേശം അലതല്ലുന്നതുമായ ഗാനമേള, നാവിൽ കൊതിയൂറുന്ന രുചികരമായ ഭക്ഷണം എല്ലാ ഫാമിലികൾക്കും സീക്രട്ട് സാന്തായുടെ സമ്മാനം എന്നിങ്ങനെ വിവിധങ്ങളായതും വ്യത്യസ്തവുമായ പരിപാടികളാൽ സമ്പുഷ്ടമായ വേദിയായി മാറി.

കെറ്ററിങ്ങ് ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ശക്തി പ്രകടനം വിളിച്ചോതിയ റാലിയിൽ യുകെകെസിഎ സെൻട്രൽ കമ്മറ്റിയംഗങ്ങളും സംബന്ധിച്ചു. തുടർന്ന് നടന്ന പൊതു സമ്മേളനത്തിൽ കെറ്ററിങ്ങ് യൂണിറ്റ് പ്രസിഡന്റ് ബിജു കൊച്ചുകുന്നേൽ അദ്ധ്യക്ഷത വഹിച്ചു. യുകെകെസിഎ പ്രസിഡന്റ് ബിജു മടക്കക്കുഴി പൊതു സമ്മേളനം ഉദ്ഘാടനവും സെൻട്രൽ കമ്മറ്റി അംഗങ്ങളായ ജോസി നെടുംതുരുത്തി പുത്തൻപുരയിൽ, ബാബു തോട്ടം, ജോസ് മുഖച്ചിറ, സഖറിയ പുത്തൻകളം എന്നിവർ ആശംസയർപ്പിച്ചു. തുടർന്ന് നടന്ന കലാ വിരുന്നും ഗാനമേയും സമുദായംഗങ്ങളെ ആവേശത്തിലാക്കി. മാതാപിതാക്കളും കുട്ടികളും തമ്മിൽ നടന്ന വാശിയേറിയ കലാമത്സരങ്ങൾ പുതുപുത്തൻ ആശയങ്ങൾക്ക് വഴിയൊരുക്കി. നയനമനോഹരമായ കലാവിരുന്ന് ഏവരും ആസ്വദിച്ചു. കോട്ടയം ജോയിയും സ്മിതാ തോട്ടവും നയിച്ച ഗാനമേള ആവേശകൊടുമുടിയിലെത്തിച്ചു.

കെറ്ററിങ്ങ് യൂണിറ്റ് പ്രസിഡന്റ് ബിജു കൊച്ചിക്കുന്നേൽ, സെക്രട്ടറി ബിജു വടക്കേക്കര ട്രഷറർ സ്റ്റീഫൻ തറയ്ക്കനാൽ, വൈസ് പ്രസിഡന്റ് ബിജു മണക്കുന്നേൽ, ജോയിന്റ് ട്രഷറർ ഷിൻസൺ വഞ്ചിന്താനത്ത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.