കെറ്ററിങ്ങ്: യുകെ ക്‌നാനായ കാത്തലിക് അസോസിയേഷൻ ഇദംപ്രഥമായി നടത്തിയ പുൽക്കൂട് മത്സരം ആവേശത്തോടെ യൂണിറ്റുകൾ ഏറ്റുവാങ്ങിയപ്പോൾ ഒരു രാജ്യമെങ്ങും ബെത്‌ലേഹം ആയി മാറി. ക്രൈസ്തവ വിശ്വാസത്തിന്റെ മഹനീയ പ്രഘോഷണമായി മാറിയപ്പോൾ യുകെകെസിഎയുടെ ആശയം യൂണിറ്റുകളിലേക്കും വ്യാപിച്ചു. ഒരു യൂണിറ്റിൽ നിന്നും ഒരു പുൽക്കൂട് മാത്രം ക്ഷണിച്ചപ്പോൾ യൂണിറ്റുകളിലും പുൽക്കൂട് മത്സരം നടത്തി. അതിൽ മികച്ച പുൽക്കൂടുകളാണ് യുകെകെസിഎയുടെ നാഷണൽ മത്സരത്തിലേക്ക് യൂണിറ്റുകൾ അയച്ചത്.

പുൽക്കൂട് മത്സരത്തോടനുബന്ധിച്ചുള്ള കാരൾ സംഗീത മത്സരം ശനിയാഴ്ച രാവിലെ കൃത്യം 10. 30 ന് യുകെകെസിഎ ആസ്ഥാന മന്ദിരത്തിൽ ആരംഭിക്കും. ഒരു യൂണിറ്റിൽ നിന്നും 12 അംഗങ്ങൾ പരമാവധിയുള്ള ഒരു ടീമിന് കാരോക്കെ ഉപയോഗിക്കാവുന്നതാണ്. 12 മിനിറ്റ് സമയത്തിനുള്ളിൽ മൂന്ന് ഗാനങ്ങൾ ആലപിക്കാം. ഇംഗ്ലീഷ് മലയാളം ഗാനങ്ങൾ മാത്രമേ ആലപിക്കാവൂ.

പുൽക്കൂട് നിർമ്മിച്ച യൂണിറ്റിന് കരോൾ മത്സരത്തിൽ 25% ബോണസ് പോയിന്റ് ലഭിക്കും. സ്വരമാധുര്യത്തിന് 25 ശതമാനം, ഈണത്തിന് 25 ശതമാനം, പ്രകടനത്തിന് 15 ശതമാനം, കോസ്റ്റ്യൂം 10 ശതമാനം എന്നിങ്ങനെയാണ് കരോൾ സംഗീതത്തിന്റെ വിധി നിർണ്ണയം അവലംബിക്കുന്നത്. യുകെകെസിഎ പ്രസിഡന്റ് ബിജു മടക്കക്കുഴി, സെക്രട്ടറി ജോബി നെടുംതുരുത്തി പുത്തൻപുര, ട്രഷറർ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോയിന്റ് സെക്രട്ടറി സഖറിയ പുത്തൻകളം, ജോയിന്റ് ട്രഷറർ ഫിനൽ കളത്തിൽക്കോട്ട് ഉപദേശക സമിതി അംഗങ്ങളായ ബെന്നി മാവേലിൽ, റോയി സ്റ്റീഫൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.