ചെൽട്ടൻഹാം: യുകെകെസിഎ ക്രിസ്റ്റൽ ജൂബിലി കൺവൻഷന്റെ പ്രധാന ആകർഷണമായിരുന്ന 101 വനിതകൾ അവതരിപ്പിച്ച മാർഗ്ഗം കളിക്ക് മുൻകൈ എടുത്ത വിമൻസ്‌ ഫോറം 16ാം മത് കൺവൻഷനിൽ ''തനിമതൻ നടനം ഒരു സർഗ്ഗമായി'' എന്ന പേരിൽ 500 ലധികം ആളുകൾ അവതരിപ്പിക്കുന്ന നടന സർഗ്ഗം 2017 വിസ്മയമാകും.

യുകെകെസിഎയുടെ വിമൻസ്‌  ഫോറത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന നടന സർഗ്ഗം പ്രവാസി മലയാളികളുടെയിടയിൽ ചരിത്ര സംഭവമാകും. മാർഗ്ഗംകളി, പരിചമുട്ടുകളി, തിരുവാതിര, ഒപ്പന എന്നീ കലാനൃത്തങ്ങൾ 500 ലധികം വരുന്ന ക്‌നാനായ സമുദായംഗങ്ങൾ ഫ്യൂഷൻ രീതിയിൽ അവതരിപ്പിക്കുമ്പോൾ യുകെകെസിഎ കൺവൻഷന് തിളക്കമേറും. നടന സർഗ്ഗത്തിൽ പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ ലിറ്റി ജിജോ - 07828424575, ജോമോൻ സന്തോഷ് - 07833456034 എന്നിവരെ ബന്ധപ്പെടേണ്ടതാണ്. ഇതേ സമയം 16ാം മത് യുകെകെസിഎ കൺവൻഷൻ റാലി മത്സരത്തിന് യൂണിറ്റുകൾ വാശിയേറിയ തയ്യാറെടുപ്പിലാണ്.

കൺവൻഷൻ കലാ സന്ധ്യയിൽ ഇത്തവണ അതിഗംഭീരവും നയനാനന്ദകരവും കാതുകൾക്ക് ഇമ്പമാർന്ന കലാവിരുന്നാണ് യൂണിറ്റുകൾ ഒരുക്കിയിരിക്കുന്നത്. പ്രസിഡന്റ് ബിജു മടക്കക്കുഴി ചെയർമാനായിട്ടുള്ള കമ്മറ്റിയിൽ സെക്രട്ടറി ജോസ് നെടുംതുരുത്തി പുത്തൻപുര, ട്രഷറർ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോയിന്റ് സെക്രട്ടറി സഖറിയ പുത്തൻകളം, ജോയിന്റ് ട്രഷറർ ഫിനിൽ കളത്തിൽകോട്ട്, ഉപദേശക സമിതി അംഗങ്ങളായ ബെന്നി മാവേലിൽ, റോയി സ്റ്റീഫൻ എന്നിവരുടെ നേതൃത്വത്തിൽ നടന്നു വരുന്നു.