ബർമിങ്ഹാം: ക്രിസ്തുവിനോടനുബനധിച്ച് ഒരു രാജ്യമെങ്ങും പുൽക്കൂട് നിർമ്മിച്ച് യേശുവിന്റെ ജനനതിരുന്നാൾ ഭക്തി സാന്ദ്രമായി ആചരിക്കുന്നു. ക്രിസ്തുമസ് ദിനത്തിന്റെ മഹത്വം മറ്റുള്ളവരിലേക്ക് പകർന്നു നൽകാൻ എന്ന ആശയവുമായി യുകെ ക്‌നാനായ കാത്തലിക് അസോസിയേഷൻ നേതൃത്വം കൊടുക്കുന്ന പുൽക്കൂട് മത്സരത്തിന് വിവിധ രാജ്യങ്ങളിൽ നിന്നും അഭിനന്ദനപ്രവാഹം.

പാശ്ചാത്യ രാജ്യങ്ങളിൽ ക്രിസ്തുവിന്റെ ജനന തിരുന്നാളിന് വേണ്ടത്ര പ്രാധാന്യം നൽകാതെ സാന്താക്ലോസിന് പ്രാധാന്യം നൽകുന്നത് വഴി യഥാർത്ഥ മൂല്ല്യങ്ങൾ നഷ്ടപ്പെട്ടു വരുന്ന സാഹചര്യത്തിലാണ് യുകെയിൽ എങ്ങും യുകെകെസിഎയുടെ നേതൃത്വത്തിൽ യൂണിറ്റ് തലത്തിൽ പുൽക്കൂട് മത്സരം സംഘടിപ്പിക്കുന്നത്. ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്റ്, നോർത്തേൺ അയർലന്റ്, വെയിൽസ് എന്നിവിടങ്ങളിലായി കിടക്കുന്ന യുകെകെസിഎയുടെ അൻപത് യൂണിറ്റുകൾ പുൽക്കൂട് നിർമ്മിച്ച് ക്രൈസ്തവ വിശ്വാസ പ്രഘോഷണ വേദിയാകും.

യുകെകെസിഎ സെൻട്രൽ കമ്മറ്റിയിൽ ഉദിച്ച ആശയത്തിന് നാഷണൽ കൗൺസിൽ അംഗീകാരം നൽകുകയും വാർത്ത കേട്ടറിഞ്ഞ വിവിധ രാജ്യങ്ങളിലെ മതമേലദ്ധ്യഷന്മാർ, വൈദികർ, അൽമായർ എന്നിവർ യുകെകെസിഎ ഭാരവാഹികളെ നേരിട്ട് വിളിച്ച് അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു.

പുൽക്കൂട് കരോൾ സംഗീത മത്സരങ്ങൾ ഒന്നിച്ചാണ് നടത്തപ്പെടുന്നത്. കത്തോലിക്ക സഭയുടെ പാരമ്പര്യമനുസരിച്ച് ഡിസംബർ 24 ലെ പിറവി തിരുന്നാൾ കുർബാന മുതൽ ദനഹാക്കാലത്തിന്റെ ആരംഭം വരെയാണ് കരോൾ സംഗീതം ആലപിക്കേണ്ടത്. സഭയുടെ പാരമ്പര്യം മുറുകെ പിടിച്ചുകൊണ്ട് ജനുവരി ഏഴിനാണ് കരോൾ സംഗീത മത്സരം യുകെകെസിഎ ആസ്ഥാന മന്ദിരത്തിൽ നടത്തപ്പെടുക.

പുൽക്കൂട് കരോൾ മത്സരത്തിന്റെ നിബന്ധനകൾ ഇമെയിൽ മുഖാന്തിരം യൂണിറ്റ് ഭാരവാഹികളെ അറിയിക്കുന്നതായിരിക്കും.

യുകെകെസിഎ പ്രസിഡന്റ് ബിജു മടക്കക്കുഴി, സെക്രട്ടറി ജോബി നെടുംതുരുത്തി പുത്തൻപുരയിൽ, ട്രഷറർ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോയിന്റ് സെക്രട്ടറി സഖറിയ പുത്തൻകളം, ജോയിന്റ് ട്രഷറർ ഫിനിൽ കളത്തിൽക്കോട്ട്, ഉപദേശക സമിതി അംഗങ്ങളായ ബെന്നി മാവേലിൽ, റോയി സ്റ്റീഫൻ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടന്നു വരുന്നു.