- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹർകീവ് വിടാൻ വഴിയൊരുങ്ങിയിട്ടും 'ആദ്യം അവർ പോകട്ടെ...' എന്നു പറഞ്ഞു; തന്റെ അവസരം ജൂനിയർ വിദ്യാർത്ഥികൾക്കു വിട്ടുകൊടുത്ത മരണത്തെ പുൽകി നവീൻ; കെട്ടിടത്തിൽ ഇന്ത്യയുടെ പതാക കെട്ടിയാൽ ആക്രമണം ഉണ്ടാകില്ലെന്ന് വിശ്വസിച്ച ദേശസ്നേഹി; യുക്രൈനിൽ കൊല്ലപ്പെട്ട നവീന്റെ മൃതദേഹം നാട്ടിലെത്തിക്കും

ന്യൂഡൽഹി: ഹർകീവിൽ റഷ്യൻ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ വിദ്യാർത്ഥി നവീൻ ശേഖരപ്പ ജ്ഞാനഗൗഡർ കൊല്ലപ്പെട്ട സംഭവം യുക്രൈനിലെ ഇന്ത്യക്കാരെ ശരിക്കും പരിഭ്രാന്തിയിൽ ആക്കിയിട്ടുണ്ട്. യുക്രൈനിൽ നിന്നും ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ പരിശ്രമം ഊർജ്ജിതമാക്കിയ ഘട്ടത്തിലാണ് ഇത്തരമൊരു ദാരുണ സംഭവം ഉണ്ടായത്. നവീന്റെ മൃതദേഹം ഇന്ത്യയിൽ എത്തിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷവർധൻ ശൃംഗ്ല അറിയിച്ചിട്ടുണ്ട്. മൃതദേഹം എത്തിക്കുന്നതുമായി ബന്ധപ്പെട്ട് യുക്രെയ്ൻ അധികൃതരുമായി ചർച്ച നടത്തി വരികയാണെന്നും അദ്ദേഹം അറിയിച്ചു.
തിങ്കളാഴ്ച ഹർകീവ് വിടാൻ വഴിയൊരുങ്ങിയതാണെങ്കിലും ആ അവസരം ജൂനിയർ വിദ്യാർത്ഥികൾക്കു വിട്ടുകൊടുത്താണ് നവീൻ മരണത്തെ പുൽകിയത്. പകരം ബുധനാഴ്ച പോകാമെന്ന കണക്കുകൂട്ടലിലായിരുന്നെങ്കിലും അതിനുമുൻപേ മരണം തട്ടിയെടുക്കുകയും ചെയ്തു. ഹർകീവിൽനിന്നു യുക്രെയ്‌നിന്റെ പടിഞ്ഞാറൻ അതിർത്തി വഴി ഹംഗറിയിലെത്തുക ദുഷ്‌കരമാണെങ്കിലും ഒരുവിഭാഗം വിദ്യാർത്ഥികൾ ആ വെല്ലുവിളി ഏറ്റെടുത്തിരുന്നു. സ്ഥലത്തു പരിചയം കുറവുള്ള ജൂനിയർ വിദ്യാർത്ഥികൾ ആദ്യം മടങ്ങട്ടെയെന്ന തീരുമാനത്തിലാണ് തിങ്കളാഴ്ചത്തെ സംഘത്തിൽനിന്നു നവീൻ മാറിനിന്നതെന്നു സുഹൃത്തും നാട്ടുകാരനുമായ അമിത് പറയുന്നു. ആക്രമണം തുടങ്ങിയതുമുതൽ ഇവർ ബങ്കറിൽ കഴിയുകയാണ്. കർഫ്യുവിൽ ഇളവുള്ളപ്പോൾ മാത്രം പുറത്തിറങ്ങും.
ബുധനാഴ്ചത്തെ യാത്രയ്ക്കു മുന്നോടിയായി ഭക്ഷണസാധനങ്ങൾ വാങ്ങാനും കറൻസി മാറ്റാനുമായി നവീൻ ഇന്നലെ രാവിലെ ആറിനുശേഷമാണു ബങ്കറിൽനിന്നു പുറത്തിറങ്ങിയത്. എട്ടു മണിയോടെ സുഹൃത്തുക്കളിലൊരാളെ വിളിച്ച് കുറച്ചുപണം കൂടി ഓൺലൈനായി ട്രാൻസ്ഫർ ചെയ്യാൻ പറഞ്ഞിരുന്നു. 10 മിനിറ്റിനുശേഷം അതേ ഫോണിൽനിന്നു വിളിച്ച അപരിചിതൻ വിദ്യാർത്ഥികളെ അറിയിച്ചത് നവീന്റെ മരണവിവരമാണ്.
ഇന്ത്യൻ എംബസിയുടെ സഹായമൊന്നും കിട്ടുന്നില്ലെന്നു മകൻ പറഞ്ഞിരുന്നതായി നവീന്റെ അച്ഛൻ ശേഖര ഗൗഡ പറയുന്നു. കഴിഞ്ഞദിവസം നവീൻ അച്ഛനുമായി വിഡിയോകോളിൽ സംസാരിച്ചിരുന്നു. ശേഖര ഗൗഡയും നവീന്റെ അമ്മ വിജയലക്ഷ്മിയും സഹോദരൻ ഹരീഷുമാണ് കർണാടക ഹാവേരിയിലെ വീട്ടിലുള്ളത്.
അതേസമയം യുക്രെയ്‌നിൽ റഷ്യയുടെ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യർഥി നവീൻ കുടുംബാംഗങ്ങളുമായി അവസാനം നടത്തിയ വിഡിയോ കോൾ സംഭാഷണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. സുരക്ഷിതനായി ഇരിക്കണമെന്നും, താമസിക്കുന്ന അപ്പാർട്‌മെന്റിൽ ഇന്ത്യയുടെ പതാക കെട്ടണമെന്നും വീട്ടുകാർ നവീനോട് ആവശ്യപ്പെടുന്നുണ്ട്. ധൈര്യമായിരിക്കണമെന്നും വിവരങ്ങൾ ഫോണിലൂടെ അറിയിക്കണമെന്നും വീട്ടുകാർ പറയുന്നതും കേൾക്കാം. തന്റെ ദേശീയ പതാകയെ വിശ്വസിച്ചിരുന്നു നവീൻ.
ഹർകീവ് മെഡിക്കൽ സർവകലാശാലയിലെ നാലാം വർഷ എംബിബിഎസ് വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ട നവീൻ ശേഖരപ്പ ജ്ഞാനഗൗഡർ. കർണാടകയിലെ ഹവേരി ജില്ലയിലെ ചാലഗേരി സ്വദേശിയാണ്. അവശ്യസാധനങ്ങൾ വാങ്ങാൻ സമീപത്തെ കടയ്ക്കു മുന്നിൽ വരി നിൽക്കുമ്പോഴാണ് ഷെല്ലാക്രമണം ഉണ്ടായത്. ഹർകീവിലെ ഗവർണർ ഹൗസ് ലക്ഷ്യംവച്ചു നടത്തിയ ഷെല്ലാക്രണത്തിലാണ് നവീൻ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്.
യുക്രെയ്ൻ സ്വദേശിയായ യുവതിയിൽനിന്നാണ് നവീന്റെ മരണവിവരം ആദ്യം പുറംലോകം അറിഞ്ഞതെന്നു പൂജ പ്രഹരാജ് എന്ന വിദ്യാർത്ഥി കോഓർഡിനേറ്റർ ദേശീയമാധ്യമത്തോടു പറഞ്ഞു. 'നവീനെ വിളിച്ചപ്പോൾ യുക്രെയ്ൻ സ്വദേശിനിയാണ് ഫോണെടുത്തത്. ഈ ഫോണിന്റെ ഉടമസ്ഥനെ മൃതദേഹങ്ങൾ സൂക്ഷിക്കുന്നിടത്തേക്ക് കൊണ്ടുപോകുകയാണെന്നാണ് അവർ പറഞ്ഞത്' പൂജ പറഞ്ഞു.
ഇവരെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും അനുശോചനം അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കാൻ വേണ്ട സഹായങ്ങൾ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യുക്രെയ്‌നും ഇന്ത്യയെ അനുശോചനം അറിയിച്ചു.


