- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരുവുകളിൽ രാത്രി കരയുന്ന ചില വെളുത്തരൂപങ്ങൾ; സിസി ടിവി ക്യാമറകളിലും ഫോട്ടോകളിലും ഇവരെ കാണാമെന്ന് നാട്ടുകാർ; അജ്ഞാത ജീവികൾ രാത്രി വീടിന് മുട്ടുന്നു; രാത്രിയുടെ അന്ത്യയാമങ്ങളിൽ ആകാശത്തിൽ നിന്ന് കൂട്ട നിലവിളി; യുദ്ധം കൊടുമ്പരി കൊള്ളുന്ന യുക്രൈനിൽ മാസ് ഹിസ്റ്റീരിയ പോലെ പ്രേതബാധ!
കീവ്: സ്വതവേ അന്ധവിശ്വാസികളും, ഭൂത-പ്രേത- ആത്മാക്കളിൽ തൽപ്പരരും, പാരാസൈക്കോളജി തുടങ്ങിയ കപടശാസ്ത്രങ്ങളിൽ എറെ വിശ്വസിക്കുന്നവരുമായ ഒരു ജനതയാണ് യുക്രൈനികൾ. വർഷങ്ങൾക്ക് മുമ്പുതന്നെ ഇന്ത്യയിൽനിന്നും നൈജീരിയയിൽനിന്നുമുള്ള മന്ത്രവാദികൾ തൊട്ട്, തദ്ദേശീയമായ പ്രേതോച്ചാടകർക്ക്വരെ നല്ല ഡിമാന്റുള്ള നാടായിരുന്നു ഇത്. കോവിഡ് കാലത്തോടെ മന്ത്രാവാദവും ഓൺലെനിലായി. എന്നാൽ റഷ്യയുടെ ആക്രമണം തുടങ്ങുകയും, ആയിരക്കണക്കിനാളുകൾ മരിച്ച് വീഴുകയും, എവിടെയും ഭീതിയുടെ അന്തരീക്ഷം ഉണ്ടാവുകയും ചെയ്തതോടെ, യുക്രൈനിയുകളുടെ ഉള്ളിൽ ഉറങ്ങിക്കിടന്നിരുന്ന പ്രേതവിശ്വാസം കൂട്ടത്തോടെ പുറത്തുചാടുകയാണ്. യുദ്ധം തുടങ്ങിയതിനുശേഷം നൂറുകണക്കിന് പേരാണ് തങ്ങൾക്ക് പ്രേതാനുഭവങ്ങൾ ഉണ്ടായി എന്ന് പറഞ്ഞുകൊണ്ട് രംഗത്ത് എത്തിയതെന്ന് 'ദ ഇൻഡിപെൻഡൻസ്' പോർട്ടൽ പറയുന്നു.
ഒരു മാസ് ഹിസ്റ്റീയപോലെ ഇത് പടരുകയാണ്. കീവിലെ ഒരു ഹോസ്റ്റലിലെ നൂറോളം വിദ്യാർത്ഥികൾ അടക്കം നിരവധി പേർ ആണ് തങ്ങൾ പ്രേതങ്ങളെ കണ്ട സംഭവം പറയുന്നത്. തെരുവുകളിൽ രാത്രി കരഞ്ഞുകൊണ്ട് ചില വെളുത്തരൂപങ്ങൾ അലഞ്ഞ് തിരയുകയാണെന്ന് ഇത് ജനാലയിലുടെ തങ്ങൾ കണ്ടുമെന്നുമാണ് വിദ്യാർത്ഥികൾ നവമാധ്യമങ്ങളിൽ കുറിക്കുന്നത്. ഇത്തരത്തിലുള്ള ഒരു ചിത്രം സോഷ്യൽ മീഡിയയിലുടെ വൈറൽ ആയതോടെ ഭീതിയും പടർന്നു. സിസിടിവി ക്യാമറകളിലും ഫോട്ടോകളിലുമൊക്കെ 'പതിഞ്ഞ' പ്രേതങ്ങളുടെ പടവും പലരും പങ്കുവെക്കുന്നുണ്ട്. രാത്രി ചില അജ്ഞാത ജീവികൾ വീടിന് മുട്ടുന്നുവെന്നാണ് ചിലരുടെ പരാതി. രാത്രിയുടെ അന്ത്യയാമങ്ങളിൽ ആകാശത്തുനിന്ന് കൂട്ടനിലവിളി ഉണ്ടാകുന്നതായും നഗരവാസികൾ പറയുന്നു. ബങ്കറിൽ ഉള്ളവർ പോലും ഇങ്ങനെ അനുഭവങ്ങൾ പങ്കുവെക്കുന്നുവെന്നതാണ് ഏറെ വിചിത്രം.
യുദ്ധകാലത്തെ മാസ് ഹിസ്റ്റീരിയ
എന്നാൽ ഇതിന് ശാസ്ത്രീയമായ വിശദീകരണുമായി ബ്രിട്ടീഷ് സൈക്കോളജിസ്റ്റ് പീറ്റർ മോർഗനെപ്പോലുള്ള നിരവധി പേർ രംഗത്ത് വന്നിട്ടുണ്ട്്. യുദ്ധവും ഭീതിയും കടുത്ത അരക്ഷിതാവസ്ഥയും നിലനിൽക്കുന്ന സമയത്ത്, ഇതുപോലുള്ള സംഭവങ്ങൾ പതിവാണെന്ന്, രണ്ടാംലോക മഹായുദ്ധകാലത്തിന്റെ അനുഭവങ്ങൾ ഓർമ്മിച്ചുകൊണ്ട് സൈക്കോളജിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു. അന്ന് ലണ്ടനിൽനിന്നും അമേരിക്കയിൽനിന്നുമൊക്കെ ആയിരിക്കണക്കിന് പ്രേതാനുഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. പിന്നീട് നടത്തതിയ ശാസ്ത്രീയ വസ്തുതാന്വേഷണത്തിൽ ഇത് ശരിയല്ലെന്ന് തെളിഞ്ഞു. ഫിയർ സൈക്കോസിസിന്റെ ഒരു പ്രധാന പ്രശ്നമാണ്, ഒരാൾക്ക് എന്തെങ്കിലും ഒരു അനുഭവം ഉണ്ടായി എന്നു പറഞ്ഞാൽ, അത് മറ്റുള്ളവരിലേക്കും നിമഷങ്ങൾകൊണ്ട് പടരുക എന്നത്. ഒരാൾ വാട്സാപ്പിൽ പ്രേതമെന്ന് പറഞ്ഞ് ഒരു ചിത്രം ഇട്ടാൽ മറ്റുള്ളവർക്കും സമാനമായ അനുഭവം ഉണ്ടാകും.
ഇപ്പോൾ യുക്രൈനികൾ ഇട്ട പല പടങ്ങളും വിലയിരുത്തിയാൽ പ്രാഥമികമായിതന്നെ അതിൽ ദിവ്യാദ്ഭുതം ഒന്നുമില്ലെന്ന് ശാസ്ത്രപ്രചാരകരും, സൈക്കോളജിസ്റ്റുകളും ചൂണ്ടിക്കാട്ടുന്നുണ്ട്. കാരണം രാത്രിയുള്ള മിസൈൽ ആക്രമണത്തിന്റെ പൊടിപടലങ്ങളും നിലാവും ചേർന്നുണ്ടാക്കിയ പാറ്റേണിൽ ഒരു പ്രേതത്തിന്റെ ചിത്രമായി സങ്കൽപ്പിക്കുകയാണ് പലരും ചെയ്യുന്നത്. ചിലർ സിസിടിവിയിൽ പതിഞ്ഞുവെന്ന് പറയുന്ന ദൃശ്യങ്ങളിൽ ഒന്നുമില്ലായിരുന്നു. അതുപോലെ ഫോട്ടോഗ്രാഫുകളിലും വെളിച്ചത്തിന്റെ ഷേഡുകൾ മാത്രമാണ് കണ്ടത്. നൂറുകണക്കിന് ഫോട്ടോകൾ പരിശോധിക്കുമ്പോൾ അതിൽ ഒന്നോ രണ്ടോ എണ്ണം മാത്രമാണ് വ്യക്തതയുള്ളത്. അതാവട്ടെ പല ഹോളിവുഡ് ചിത്രങ്ങൾക്കും മറ്റുമായി പടച്ചുവിട്ട ഇന്റനെറ്റിൽനിന്നും എടുക്കാവുന്ന ചിത്രങ്ങളാണ്!
പക്ഷേ യുദ്ധകാലം ആയതിനാൽ ആരും ഇത് ക്രോസ് ചെക്ക് ചെയ്യുന്നില്ല. കയ്യിൽ കിട്ടിയ സാധനങ്ങൾ അങ്ങോട്ട് ഫോർവേഡ് ചെയ്യുകയാണ്. അതുപോലെ പുരകത്തുമ്പോഴും വാഴവെട്ടുന്ന ചില സാമൂഹിക വിരുദ്ധരും ഈ പ്രേത പ്രചാരണത്തിന് പിന്നിലുണ്ട്. ചിലർ ഇങ്ങനെ കൃത്രിമമായി ചിത്രം പടച്ചുവിടുന്നുമുണ്ട്. വാതിലിന് അജ്ഞാത ജീവികൾ മുട്ടിയെന്ന് ആദ്യം അവകാശപ്പെട്ട ഒരാൾ പിന്നീട്, തനിക്ക് പേടികാരണം കൂടതൽ ശ്രദ്ധകിട്ടാൻവേണ്ടി ചെയ്തതാണെന്ന് സമ്മതിച്ച കാര്യവും ദ ഇൻഡിപ്പെൻഡൻസ് പത്രം റിപ്പോർട്ട് ചെയ്യുന്നു.
മദ്യപാനവും ഒരു ഘടകം
പൊതുവെ ഉയർന്ന മദ്യപാന ശീലമുള്ള രാജ്യങ്ങളിൽ ഒന്നാണ് യുക്രൈൻ. പഴയ സോവിയറ്റ് കാലത്ത്നിന്ന് കിട്ടിയ വോഡ്ക്കാ പ്രേമം അതുപോലെ നിലനിർത്തുന്നവർ. ഇത് യുക്രൈനികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് വളരെ മുമ്പുതന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. യുദ്ധത്തിന്റെ ഭീതിക്കാലത്ത് പൊതുവെ സിവിലിയൻസിനിടയിൽ മദ്യത്തിന്റെയും മറ്റ് ലഹരിവസ്തുക്കളുടെയും ഉപയോഗം വർധിക്കും. ഇതും പ്രേതാനുഭവങ്ങളിൽ ഒരു പ്രധാനഘടകമാണ്.
യുക്രൈനിലെ സാമൂഹിക ജീവിത ക്രമവും ഇവിടെ നിർണ്ണായകമാണ്. യുക്രൈൻ സന്ദർശിച്ച വിശ്വസഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര ചൂണ്ടിക്കാട്ടിയ ഒരു പ്രധാന കാര്യം, ഇവിടെ ഡിവോഴ്സ് ആയ സ്ത്രീകളുടെ എണ്ണം ഏറെ കൂടുതൽ ആണെന്നാണ്. പുരുഷന്മ്മാരുടെ അമിത മദ്യപാനവും നിരുത്തരവാദിത്തവും കാരണം, കടുംബം നോക്കുന്നത് സ്ത്രീകളാണ്. മിക്ക വീടുകളിലും ഒരു സിംഗിൾ മദർ എങ്കിലും ഉണ്ടാവുകയും ചെയ്യും. ഈ രീതിയിലുള്ള കുടുംബപരമായ അരക്ഷിതാവസ്ഥക്കൊപ്പം യുദ്ധവും കൂടി വരുമ്പോൾ, മാനസിക സംഘർഷം അതിന്റെ പാരമ്യതയിൽ എത്തുകയാണ്.
അതുപോലെ തന്നെ പരമ്പരാഗതമായി ഒരു അന്ധവിശ്വാസികളുടെ സമൂഹമാണ് യുക്രൈൻ. പ്രേതബാധയുണ്ടെന്ന് പറയപ്പെടുന്ന ധാരാളം കോട്ടകളും തടാകങ്ങളും നദികളുമൊക്കെ ഇവിടെയുണ്ട്. അതിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കീവിലെ കീവിലെ ലൈസ ഹോറ എന്ന വനം. ഇപ്പോൾ ഒരു ദേശീയോദ്യാനമായി സംരക്ഷിക്കപ്പെട്ടിരിക്കുന്ന ലൈസ ഹോറയിൽ മുൻപ് ധാരാളം ആഭിചാര കർമങ്ങളും ദുർമന്ത്രവാദവും നടന്നിരുന്നു. രാജകീയ കാലഘട്ടത്തിൽ തടവറയും കഴുമരവും ഇവിടെ സ്ഥിതി ചെയ്തു. ഇതിനാൽ തന്നെ ലൈസ ഹോറയിലെത്തുന്നവരെ നെഗറ്റീവായി സ്വാധീനിക്കാൻ ഈ സ്ഥലത്തിനു കഴിവുണ്ടെന്നു പറയപ്പെടുന്നു.യുക്രെയ്നിലെ ല്വീവ് മേഖലയിൽ സ്ഥിതി ചെയ്യുന്ന പിദിർസി കോട്ടയിൽ പ്രേതബാധയുണ്ടെന്നും ആളുകൾ വിശ്വസിക്കുന്നു. ഇവിടെ ഫോട്ടോഗ്രാഫുകളിലും മറ്റും പൊടുന്നനെ വെളുത്ത രൂപങ്ങൾ പ്രത്യക്ഷപ്പെടുന്നെന്നും കരയുന്ന ഒരു പെൺകുട്ടിയുടെ രൂപം മുറികളിൽ തെളിയുന്നുമൊക്കെ പ്രചാരണങ്ങളുയർന്നിരുന്നു. ഇതെത്തുടർന്ന് പ്രേത കുതുകികളായ ചിലർ ഇവിടെത്തി പരിശോധനകൾ നടത്തി. എന്നാൽ, അവർക്ക് ഒന്നും കണ്ടെത്താൻ സാധിച്ചില്ല.
അതുപോലെ മധ്യ യുക്രെയ്നിൽ സ്ഥിതി ചെയ്യുന്ന തടാകമാണ് വിക്നിന തടാകത്തെ ചൊല്ലിയും ഒട്ടേറെ നിഗൂഢതകൾ പ്രചരിക്കപ്പെട്ടിട്ടുണ്ട്. ഈ തടാകക്കരയിലേക്ക് തദ്ദേശീയർ ധാരാളമായി പോകുകയും മീൻപിടിക്കുകയൊക്കെ ചെയ്യുകയും ചെയ്യും. എന്നാൽ ഒരാളും ഈ തടാകത്തിലേക്ക് ഇറങ്ങാൻ ധൈര്യപ്പെടില്ല. വിക്നിന തടാകം ഒരു തടാകമല്ലെന്നും മറച്ച് മറ്റേതോ ലോകത്തേക്കുള്ള കവാടമാണെന്നും ഇതിനു സമീപത്തുള്ളവർ വിശ്വസിക്കുന്നു. വിക്നിന എന്ന യുക്രെയ്നിയൻ വാക്കിന്റെ അർഥം പോലും ജാലകം എന്നാണത്രേ. ഈ തടാകത്തിൽ ഇറങ്ങി നീന്തിയാൽ ഭൂമി വിട്ട് അജ്ഞാതമായ ഏതോ ലോകത്തേക്ക് ആളുകൾ പോകുമെന്നും പിന്നീട് അവർ തിരിച്ചുവരില്ലെന്നുമാണ് വിശ്വാസം. യുക്രെയ്നിലെ ഖ്രോപോട്ടോവ മേഖലയിലാണ് ഈ ദുരൂഹ തടാകം സ്ഥിതി ചെയ്യുന്നത്.
അതായത് നേരത്തെ യുക്രൈനിൽ പ്രേത വിശ്വാസികൾ ധാരാളം ഉണ്ടായിരുന്നു. എന്നാൽ ഗംഗയിൽനിന്ന് നാഗവല്ലി, പുറത്തുചാടുന്നതുപോലെ ഒരു സാഹചര്യം വന്നപ്പോൾ അവരുടെ മനസ്സുകളിൽനിന്ന് ഈ സാധനം പുറത്തുചാടുകയാണ്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ