ഭോപ്പാൽ: ആർജെഡി നേതാവ് തേജസ്വി യാദവിനെ പുകഴ്‌ത്തി ബിജെപി നേതാവ് ഉമാഭാരതി. തേജസ്വി യാദവിന് ചെറുപ്പമാണെന്നും സംസ്ഥാനം ഭരിക്കാനുള്ള അനുഭവ സമ്പത്തില്ലെന്നും അതിനാൽ തന്നെ ബീഹാറിന്റെ ഭരണത്തിന് ചുക്കാൻ പിടിക്കുന്നത് ലാലുവായിരുന്നേനെ എന്നും ഉമാഭാരതി അഭിപ്രായപ്പെട്ടു.

'തേജസ്വി വളരെ നല്ല കുട്ടിയാണ്. പക്ഷേ ബീഹാർ കഷ്ടിച്ച് രക്ഷപ്പെടുകയാണ് ഉണ്ടായത്. കാരണം ബീഹാറിനെ നയിക്കാൻ തേജസ്വിക്കാവില്ല. ഫലത്തിൽ ബീഹാറിന്റെ ഭരണത്തിൽ ലാലു പ്രസാദ് യാദവ് ചുക്കാൻ പിടിക്കുകയും അദ്ദേഹം ബീഹാറിനെ പിന്നോക്കാവസ്ഥയിലേക്ക് നയിക്കുകയും ചെയ്തേനെ. തേജസ്വിക്ക് പ്രായമാകുമ്പോൾ ഭരിക്കാനാകുമെന്നും ഉമാഭാരതി. ഭോപ്പാലിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.

കമൽനാഥ് ഈ തിരഞ്ഞെടുപ്പിൽ വളരെ നന്നായി മത്സരിച്ചു. സർക്കാരിനെ നല്ല രീതിയിൽ നയിച്ചിരുന്നെങ്കിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ലെന്നും ഉമാഭാരതി പറഞ്ഞു. വളരെ മാന്യനായ വ്യക്തിയാണ് തന്റെ മൂത്ത സഹോദരനെ പോലെ ആണ് കമൽനാഥ്. വളരെ തന്ത്രപരമായാണ് അദ്ദേഹം ഈ ഇലക്ഷനിൽ പോരാടിയതെന്നും ഉമാഭാരതി വ്യക്തമാക്കി.

മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പിൽ 19 സീറ്റുകളിൽ ബിജെപി മികച്ച വിജയം നേടിയതിന് തൊട്ടുപിന്നാലെയായിരുന്നു ഉമാഭാരതിയുടെ പ്രതികരണം. സംസ്ഥാനത്ത് ഒൻപത് നിയമസഭാ മണ്ഡലങ്ങളിൽ മാത്രമാണ് കോൺഗ്രസ് വിജയിച്ചത്.