- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തൃക്കാക്കരയിൽ ഒന്നുറപ്പിക്കാം; ഉമാ തോമസ് സമ്മതിച്ചാൽ അവർ തന്നെ കോൺഗ്രസ് സ്ഥാനാർത്ഥി; പിടി തോമസിന്റെ ഭാര്യയെ ഉപതെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ കെപിസിസി നേതൃത്വത്തിൽ ധാരണ; ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും അനുകൂലം; തൃക്കാക്കരയിൽ 'പിടിക്ക് ഒരു വോട്ട്' തേടാൻ യുഡിഎഫ്
കൊച്ചി: തൃക്കാക്കരയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയിൽ നേതാക്കൾക്കിടയിൽ ഏകദേശ ധാരണ. പിടി തോമസിന്റെ ഭാര്യ ഉമാ തോമസിനെ മത്സരിപ്പിക്കാനാണ് കോൺഗ്രസ് നേതാക്കൾക്കിടയിലെ തീരുമാനം. ഉമ തന്നെയാകും തൃക്കാക്കരയിലെ സ്ഥാനാർത്ഥിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മറുനാടനോട് സമ്മതിച്ചു. കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും അടക്കമുള്ളവർ ഇക്കാര്യത്തിൽ അനുകൂല മനസ്സിലാണ്. ഉപതെരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ 'പിടിക്ക് ഒരു വോട്ട്' എന്നതാകും കോൺഗ്രസ് ചർച്ചയാക്കുക. ആറു മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പുണ്ടാകുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ കുറച്ചു ദിവസം കൂടി കഴിഞ്ഞു മാത്രമേ ഇക്കാര്യത്തിൽ ഉമയോട് നേതൃത്വം സംസാരിക്കൂ. മത്സരിക്കണമെന്ന ആവശ്യമാകും ഉമയ്ക്ക് മുന്നിൽ കോൺഗ്രസ് നേതൃത്വം വയ്ക്കുക.
തൃക്കാക്കരയിൽ ജീവന്മരണ പോരാട്ടമാണെന്ന് കോൺഗ്രസ് വിലയിരുത്തുന്നു. ഇതുവരെ ഇക്കാര്യത്തിൽ നേതാക്കളോട് ഉമ സംസാരിച്ചിട്ടില്ല. മുന്നോട്ടു വച്ചാൽ ആദ്യം അവർ നോ പറയുമെന്നും നേതാക്കൾ വിലയിരുത്തുന്നു. എന്നാൽ പാർട്ടിയുടെ ഇപ്പോഴത്തെ സാഹചര്യം പറഞ്ഞ് മനസ്സിലാക്കി അവരെ തന്നെ രംഗത്തിറക്കാനാകും തീരുമാനം. ഉപതെരഞ്ഞെടുപ്പുകളിൽ മരിച്ച എംഎൽഎയുടെ കുടുംബാഗങ്ങളെ മത്സരിപ്പിക്കുന്നത് കീഴ് വഴക്കവുമുണ്ട്. അവരെല്ലാം ജയിച്ച ചരിത്രവുമുണ്ട്. അതുകൊണ്ട് തന്നെ രാഷ്ട്രീയത്തിൽ മുമ്പ് സജീവമായിരുന്ന ഉമാ തോമസിനെ മത്സരിപ്പിക്കുന്നതിൽ അസ്വാഭാവികമായി ഒന്നുമില്ല-ഇതാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ. പിടിയോടുള്ള സ്‌നേഹം ഉമയ്ക്ക് വോട്ടായി മാറുമെന്നാണ് വിലയിരുത്തൽ. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഈ നീക്കത്തെ പിന്തുണയ്ക്കുന്നുണ്ട്.
തൃക്കാക്കര യു.ഡി.എഫിന്റെ ഉറച്ച സീറ്റായാണ് കോൺഗ്രസ് വിലയിരുത്തിയിട്ടുള്ളത്. ഉപതിരഞ്ഞെടുപ്പിൽ ആരുനിന്നാലും ജയിക്കുമെന്ന ആത്മവിശ്വാസം അവർക്കുണ്ട്. മണ്ഡലം ഉണ്ടായശേഷം നടന്ന മൂന്നു തിരഞ്ഞെടുപ്പുകളിലും കോൺഗ്രസിന് മികച്ച വിജയമാണ് ലഭിച്ചത്. 2011: ബെന്നി ബഹനാൻ, ഭൂരിപക്ഷം- 22,406. 2016: പി.ടി. തോമസ്, ഭൂരിപക്ഷം- 11,996. 2021: പി.ടി. തോമസ്, ഭൂരിപക്ഷം- 14,329. സീറ്റിൽ മുതിർന്ന നേതാക്കൾക്കുവരെ കണ്ണുണ്ട്. പലരും താത്പര്യം അറിയിച്ചിട്ടുമുണ്ട്. ഡൊമനിക് പ്രസന്റേഷൻ, കെ വി തോമസ് തുടങ്ങിയവർക്കെല്ലാം ആഗ്രമുണ്ട്. എറണാകുളത്തിന് പുറത്തു നിന്നൊരാളെ ആക്കാനും പറ്റില്ല. കൊച്ചിയിലെ യുവ നേതാക്കളും സീറ്റിൽ കണ്ണെറിയുന്നു. ഈ സാഹചര്യത്തിലാണ് ഉമാ തോമസിന്റെ പേര് മുമ്പോട്ട് വച്ച് സ്ഥാനാർത്ഥി ചർച്ചകളെ പോലും ഇല്ലായ്മ ചെയ്യാനുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ നീക്കം.
സീറ്റ് തങ്ങളുടേതാണെന്ന് എ ഗ്രൂപ്പ് ഉറപ്പിക്കുന്നുണ്ട്. പി.ടി.യുടെ ഭാര്യ ഉമാ തോമസിനെ കൊണ്ടുവരുന്നതിനെക്കുറിച്ചുള്ള അനൗദ്യോഗിക സംഭാഷണങ്ങൾ എ ഗ്രൂപ്പിലുമുണ്ട്. ഉമ്മൻ ചാണ്ടിയും ബെന്നി ബെഹന്നാനും ഉമയ്ക്ക് അനുകൂലമാണ്. നിലവിൽ പാർട്ടിക്കുള്ളിൽ പി.ടി. തരംഗം ശക്തമാണ്. അതിനാലാണ് ഉമയെ കൊണ്ടുവരാൻ ആലോചിക്കുന്നത്. പി.ടി.യുടെ അടുത്ത സുഹൃത്ത്, നെതർലൻഡ്‌സ് അംബാസിഡറായിരുന്ന വേണു രാജാമണിയുടെ പേരും ചർച്ചയാകുന്നുണ്ട്. എന്നാൽ ഉമയ്ക്കാണ് കൂടുതൽ സാധ്യത. വേണു രാജാമണി ഇപ്പോൾ ഇടതുപക്ഷവുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്. പിണറായി സർക്കാരിന്റെ ഡൽഹിയിലെ ഔദ്യോഗിക പ്രതിനിധിമാരിൽ ഒരാളാണ് വേണു രാജാമണി.
ഉപതിരഞ്ഞെടുപ്പ് സിപിഎമ്മിനാണ് അഗ്‌നിപരീക്ഷയാവാൻ പോകുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പരാജയത്തിനെതിരേ പരാതി ഉണ്ടായപ്പോൾ അന്വേഷണം നടത്തി കുറ്റക്കാരായ മുതിർന്ന നേതാവിനെയും ഏരിയാ സെക്രട്ടറിയെയുമെല്ലാം അവർ സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. തിരിച്ചടി നേരിട്ടാൽ പാർട്ടിയെടുത്ത അച്ചടക്ക നടപടികൾ അപ്രസക്തമാവും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പി.ടി.ക്കെതിരേ വലിയ പ്രചാരണം നടത്തിയ ട്വന്റി 20 ഇപ്പോൾ വിവാദങ്ങൾക്കു നടുവിലാണ്. കിഴക്കമ്പലത്തുണ്ടായ അക്രമങ്ങൾ അവരെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഈ സാഹചര്യമെല്ലാം ഉമയ്ക്ക് അനുകൂലമാകുമെന്നാണ് വിലയിരുത്തൽ. എന്നാൽ തിരഞ്ഞെടുപ്പിനെക്കുറിച്ച് ആലോചിച്ചിട്ടുപോലുമില്ലെന്നും പി.ടി.ക്കു ശേഷം ഒരു തിരഞ്ഞെടുപ്പ് എന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലുമാവുന്നില്ലെന്നും ഉമാ തോമസ് മറുനാടനോട് പ്രതികരിച്ചിട്ടുണ്ട്.
പ്രവർത്തകർ അത്തരം ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന്, അത് അവരുടെ ആഗ്രഹം, ഇപ്പോൾ അത് ചർച്ചചെയ്യേണ്ട കാര്യമില്ലെന്ന് ഉമ പറഞ്ഞു. അക്കാര്യങ്ങളിലേക്ക് താൻ എത്തിയിട്ടില്ല. അതേക്കുറിച്ച് ചിന്തിക്കാനുള്ള മാനസികാവസ്ഥയിലല്ല. എന്റേത് വലിയ നഷ്ടമാണ്. രാഷ്ട്രീയ കാര്യങ്ങളെക്കുറിച്ച് താൻ ഇപ്പോൾ ആലോചിച്ചിട്ടുപോലുമില്ല- അവർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ