- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ വി തോമസിനെ കാണണോ എന്ന് പാർട്ടി തീരുമാനിക്കും; പാർട്ടി പറയുന്നത് അക്ഷരംപ്രതി അനുസരിക്കും: ഉമ തോമസ്
കൊച്ചി: കോൺഗ്രസ് നേതാവ് കെ വി തോമസ് ഇടതുപക്ഷത്തിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് ഇപ്പോഴും വിശ്വസിക്കുന്നില്ലെന്ന് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ്. അഥവാ എൽഡിഎഫിന് വേണ്ടി ഇറങ്ങിയാൽ അത് ദൗർഭാഗ്യകരമാണ്. വ്യക്തികൾക്ക് അവരുടേതായ തീരുമാനമെടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും ഉമ തോമസ് പറഞ്ഞു.
കെ വി തോമസിനെ പോയി കാണുമെന്ന തീരുമാനവും ഉമ തോമസ് മാറ്റി. പാർട്ടി പറഞ്ഞാൽ മാത്രമാകും കെ വി തോമസിനെ കാണുക. കെ വി തോമസിനെ കാണണോ എന്ന് പാർട്ടി തീരുമാനിക്കും. പാർട്ടി പറയുന്നത് അക്ഷരംപ്രതി അനുസരിക്കും. സ്ഥാനാർത്ഥിയുടെ പരിപാടികൾ നിശ്ചയിക്കുന്നത് ഡിസിസി ആണെന്നും ഉമ തോമസ് പറഞ്ഞു.
ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്റെ 24 മണിക്കൂറിനകം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച യുഡിഎഫ് പ്രചാരണത്തിൽ മുന്നിലാണ്. സ്ഥാനാർത്ഥി ഉമ തോമസ് വോട്ടർമാരെ നേരിൽ കാണുന്നതിന്റെ തിരക്കിലാണ്. സന്തോഷ് ട്രോഫി കിരീടം നേടിയ ടീം അംഗവും തൃക്കാക്കരയിലെ വോട്ടറുമായ സോയൽ ജോഷിയെ വീട്ടിലെത്തി അനുമോദിച്ചു.
മഹാരാജാസ് കാലം മുതലേ കെഎസ്‌യു പ്രവർത്തകയാണ് ഉമ തോമസ്. 1982ൽ മഹാരാജാസിൽ പ്രതിനിധിയായി മത്സരിച്ചു ജയിച്ചു. 1984ൽ വൈസ് ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു. 1987 ലാണ് പി ടി തോമസിനെ ഉമ ജീവിതപങ്കാളിയാക്കുന്നത്. ബിഎസ്സി സുവോളജി ബിരുദധാരിയായ ഉമ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ അക്കൗണ്ടിങ് വിഭാഗത്തിൽ അസിസ്റ്റന്റ് മാനേജരായി ജോലി ചെയ്തു വരികയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ