കൊച്ചി: ചെറിയ തിരിച്ചടികൾ ഉണ്ടായി എന്ന് കോൺഗ്രസിലെ പ്രധാനി ഡൊമനിക് പ്രസന്റേഷൻ ഇന്നലെ സമ്മതിച്ചു. ഇത് ഉമാ തോമസിനുള്ള വെല്ലുവിളിയായി പലരും വിലയിരുത്തി. 24 ന്യൂസാണ് ചർച്ച തുടങ്ങിയത്. ഉമാ തോമസ് തളരും എന്ന് അവർ ആദ്യം പ്രഖ്യാപിച്ചു. ഇഞ്ചോടിഞ്ഞ് മത്സരമെന്ന് അവർ പറഞ്ഞു. അപ്പോഴും കണക്കുകൾ വോട്ടെണ്ണൽ കേന്ദ്രത്തിന് പുറത്ത് നിന്ന മറുനാടൻ മലയാളി ലേഖകർക്ക് പോലും അറിയില്ലായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റിൽ കണക്ക് വരും മുമ്പേ വോട്ടണ്ണൽ കേന്ദ്രത്തിലുള്ളവർക്ക് കണക്ക് അറിയാൻ കഴിയും. അങ്ങനെ യുഡിഎഫ് മേൽകൈയുടെ ചിത്രം പുറത്തു വന്നു. ഇതോടെ ആദ്യ റൗണ്ടിൽ പിടി തോമസിന് കിട്ടിയതിനേക്കാൾ വോട്ട് ഉമാ തോമസിന് കിട്ടിയെന്ന വിലയിരുത്തൽ എത്തി. ഇക്കാര്യം 24 ന്യൂസും തുറന്നു പറഞ്ഞു. അങ്ങനെ പുഞ്ചിരി ഉമാ തോമസിന്റെ മുഖത്ത് എത്തി.

ആദ്യ മണിക്കൂറുകളിൽ തന്നെ ലീഡ് 3000 ആക്കാൻ ഉമാ തോമസിന് കഴിഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിലാണ് ആദ്യ വിവരങ്ങൾ എത്തിയത്. തെറ്റു കൊടുക്കാതിരിക്കാൻ മനോരമ ന്യൂസും കരുതൽ എടുത്തു. ഏഷ്യാനെറ്റ് ന്യൂസിലെ കണക്കുകൾ 24 ന്യൂസും പിന്തുടർന്നു. പക്ഷേ ആവേശത്തിലൂടെ സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമിൽ നേട്ടം 24 ന്യൂസ് ഉണ്ടാക്കുകയും ചെയ്തു. ആവേശത്തോടെ ശ്രീകണ്ഠൻ നായർ ചാനലിൽ പ്രഖ്യാപിക്കുകയും ചെയ്തു. എല്ലാ റൗണ്ടിലും ഉമാ തോമസിന്റെ ലീഡ് കൂട്ടി പറഞ്ഞാണ് 24 ഈ ആവേശം ഉണ്ടാക്കിയത്.. എല്ലാ ബൂത്തിലും ഉമാ തോമസ് ലീഡ് ചെയ്തുവെന്നും പ്രഖ്യാപിച്ചു. മൂന്നാം റൗണ്ടിലെ ഫലം മലയാളം ചാനലുകൾ വിളിച്ചു പറയുമ്പോഴും ഇലക്ഷൻ കമ്മീഷന്റെ സൈറ്റുകൾ നിശ്ചലമായിരുന്നു.

എറണാകുളം മഹാരാജാസ് കോളേജിലാണ് വോട്ടെണ്ണൽ. രാവിലെ 7.30-ന് സ്ഥാനാർത്ഥികളുടെയും രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തിൽ സ്ട്രോങ് റൂം തുറന്ന് വോട്ടിങ് യന്ത്രങ്ങൾ പുറത്തെടുത്തു. എട്ടുമണിയോടെ വോട്ടെണ്ണൽ തുടങ്ങി. എട്ടരയ്ക്കായിരുന്നു ആദ്യ ഫലം. ആദ്യം തപാൽ വോട്ടുകളാണ് എണ്ണിയത്. 10 പോസ്റ്റൽ ബാലറ്റുകൾ മാത്രമേയുള്ളൂ. മുഴുവൻ വോട്ടുകളും എണ്ണിത്തീരാൻ 12 റൗണ്ട് വേണം. ഒരു റൗണ്ടിൽ 21 ബൂത്തുകളാണ് എണ്ണുക. ആദ്യ റൗണ്ടിൽ ഓക്സിലറി ബൂത്തുകൾ ഉൾപ്പെടെ ഒന്നു മുതൽ 15 വരെയുള്ള ബൂത്തുകളിലെ വോട്ടുകൾ എണ്ണും. തുടർന്ന് മറ്റ് ബൂത്തുകളിലെ വോട്ടുകൾ എണ്ണും. ഇത്തരത്തിൽ 12 റൗണ്ടുകളുണ്ടാകും. ആദ്യ 11 റൗണ്ടുകളിൽ 21 ബൂത്തുകൾ വീതവും അവസാന റൗണ്ടിൽ എട്ട് ബൂത്തുകളും എണ്ണും. 239 ബൂത്തുകളാണ് തൃക്കാക്കര നിയോജകമണ്ഡലത്തിലുള്ളത്.

ലീഡ് നാലായിരം കഴിഞ്ഞപ്പോൾ ഉമാ തോമസ് ആഘോഷം തുടങ്ങി. കോൺഗ്രസ് പ്രവർത്തകർ ആവേശത്തിലേക്ക് കടന്നു. ജയം അവർ ഉറപ്പിച്ചു. കെവി തോമസിനെതിരായ മുദ്രാവാക്യം എങ്ങും മുഴങ്ങി. പിടിയ്‌ക്കൊപ്പമാണ് തൃക്കാക്കരയെന്ന് വ്യക്തമായി. ഇടതു ക്യാമ്പുകളിൽ മ്ലാനത പടർന്നു. സ്ഥാനാർത്ഥി നിർണ്ണയം വലിയ തിരിച്ചടിയായെന്ന് അവർ മനസ്സിലാക്കി. അങ്ങനെ ഉമാ തോമസ് നിയമസഭയിലേക്ക് സീറ്റ് ഉറപ്പിച്ചു.