കൊച്ചി: എത്ര വോട്ടിന് ജയിച്ചുവെന്നതല്ല ഉമാ തോമസ് ജയിച്ചുവെന്നതാണ് വസ്തുത. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ പിടി തോമസിന്റെ ഭാര്യ ഉമാ തോമസിന് പ്രഥമ പരിഗണന നൽകാൻ കോൺഗ്രസിൽ ഏകദേശ ധാരണയുണ്ടായപ്പോൾ തന്നെ ചിലർ എതിർ സ്വരം ഉയർത്തി. പക്ഷേ ഉമാ തോമസിനൊപ്പം വിഡി സതീശനും കെ സുധാകരനും നിലയുറപ്പിച്ചു.

എഴുപതുകളിൽ മഹാരാജാസിലെ തീപ്പൊരി കെ എസ് യു നേതാവായിരുന്നു ഉമ. വിദ്യാർത്ഥി രാഷ്ട്രീയ സൗഹൃദമാണ് ഉമയേയും തോമസിനേയും ഒരുമിപ്പിച്ചത്. അതുകൊണ്ട് തന്നെ ഉമയ്ക്ക് രാഷ്ട്രീയ പശ്ചാത്തലവും ഉണ്ട്. തോമസിന്റെ പിൻഗാമിയായി ഉമ എത്തിയാൽ പിടി തോമസിന് അനുകൂലമായ വികാരം വോട്ടായി മാറുമെന്ന് വിഡിയും കെസും വിലയിരുത്തി. അതിനെ രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും അംഗീകരിച്ചു. അങ്ങനെ തൃക്കാക്കരയെ പഴയ തൃക്കാക്കരയായി അവർ നിലനിർത്തി.

തൃക്കാക്കര എ ഗ്രൂപ്പിന്റെ സീറ്റാണെന്നാണ് വയ്‌പ്പ്. കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഗ്രൂപ്പു ചിന്തകൾക്ക് എതിരാണ്. പക്ഷേ നിർണ്ണായകമായ ഈ ഉപതെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ വാക്കുകളും ഉമാ തോമസിന് ഒപ്പമായിരുന്നു. അതിനിടെ കേരളത്തിന് നന്ദി പറഞ്ഞ് പിടി തോമസിന്റെ പേരിൽ കുറിപ്പ് പങ്കുവെച്ച് ഭാര്യ ഉമാ തോമസ് ചില സൂചനകളും നൽകി. അതാണ് തൃക്കാക്കരയിലും വിജയിക്കുന്നത്. ഓരോരുത്തരുടെയും പേര് എടുത്ത് പറഞ്ഞുകൊണ്ടായിരുന്നു ആ പഴയ കുറിപ്പ്.

പിടി കേരളീയ സമൂഹത്തിന് ആരായിരുന്നു എന്നതിന്റെ ഉത്തരം അദ്ദേഹത്തിന് നൽകിയ യാത്ര അയപ്പിൽ വ്യക്തമാണെന്ന് ഉമ കുറിച്ചു. ഈ കുറിപ്പിലെ ഒരു വരിയാണ് ഏറ്റവും ശ്രദ്ധേയം. ഇടുക്കിയിലെ കോടമഞ്ഞും കൊച്ചിയിലെ വെയിലും വകവയ്ക്കാതെ പി.ടി.ക്ക് അന്തിമോപചാരം അർപ്പിക്കാൻ ഒഴുകിയെത്തിയവരുടെ സ്‌നേഹത്തിൽ ഞാനും മക്കളും അഭയം തേടുന്നു! അത് ശരിവയ്ക്കും വിധം അവർ മത്സരിക്കാനെത്തി. ഒഴുകിയെത്തിയവർ കൈവിട്ടില്ല. പിടി തോമസിനെ പോലുള്ളവർ തോൽപ്പിക്കാൻ ഇറങ്ങിയപ്പോൾ അവർ കൂടുതൽ കരുതലെടുത്തു. കാരണഭൂതത്തിനും പിടിയുടെ വികാരത്തെ തകർക്കാനായില്ല.

പിടിയുടെ മരണ ശേഷം ഉമയുടെ എഴുതിയ കുറിപ്പിൽ പറയുന്നത് ഇങ്ങനെ:

'നന്ദി'. പി.ടി.ക്ക് കേരളം നൽകിയ കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയിലുണ്ട് അദ്ദേഹം നിങ്ങൾക്ക് ആരായിരുന്നു എന്നതിന്റെ ഉത്തരം. തകർന്നുപോയ ഞങ്ങളെ പിടിച്ചുനിർത്തുന്നത് പി.ടി.യോടുള്ള നിങ്ങളുടെ ഈ സ്‌നേഹമാണ്. ഇടുക്കിയിലെ കോടമഞ്ഞും കൊച്ചിയിലെ വെയിലും വകവയ്ക്കാതെ പി.ടി.ക്ക് അന്തിമോപചാരം അർപ്പിക്കാൻ ഒഴുകിയെത്തിയവരുടെ സ്‌നേഹത്തിൽ ഞാനും മക്കളും അഭയം തേടുന്നു! കമ്പംമേട് മുതൽ ഇടുക്കിയിലെ പാതയോരങ്ങളിൽ തടിച്ചുകൂടിയവരുടെ കണ്ണീരിൽ കുതിർന്ന മുദ്രാവാക്യംവിളികൾ ഞങ്ങൾ ഹൃദയത്തിലേറ്റുന്നു.കൊച്ചിയിലെ പൊതുദർശന വേദികളിലേക്കുണ്ടായ അണമുറിയാത്ത ജനപ്രവാഹം പി.ടി.ക്ക് ലഭിച്ച ആദരവാണ്. രവിപുരം ശ്മശാനത്തിൽ സംസ്‌ക്കാര സമയത്ത് ഉയർന്നുകേട്ട പ്രവർത്തകരുടെയും സാധാരണക്കാരുടെയും മുദ്രാവാക്യം വിളികൾ ഞങ്ങൾക്ക് കരുത്തുപകരുന്നു-ഇതായിരുന്നു ഉമയുടെ നന്ദി പ്രകടനത്തിലെ ആകെ തുക.

പി.ടി.യുടെ ഓർമ്മകൾക്ക് പ്രിയപ്പെട്ടവരുടെ ഹൃദയത്തിൽ മരണമുണ്ടാകരുതേ.''ഇല്ല.. പി.ടി. മരിച്ചിട്ടില്ല',നിങ്ങൾ വിളിച്ച മുദ്രാവാക്യശകലങ്ങളിൽ വിശ്വസിച്ച് ഞാനും എന്റെ മക്കളും മുന്നോട്ട് നടക്കുകയാണ്,ഒപ്പമുണ്ടാകണം..ആശ്വാസമായി, കരുത്തായി. സ്‌നേഹത്തോടെ, ഉമ തോമസ്-ഇങ്ങനെയാണ് ആ കുറിപ്പ് അവസാനിപ്പിക്കുന്നത്.