- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കലാലയ രാഷ്ട്രീയം ഒന്നിപ്പിച്ചു; തൃക്കാക്കരയിൽ ഇത്തവണ മുഴങ്ങിയതും 'പി.ടി'യുടെ ശബ്ദം; വിമർശനങ്ങളോടെ നേരിട്ടത് സമചിത്തതയോടെ, സൗമ്യമായി; വൻ ഭൂരിപക്ഷത്തോടെ ഉമ തോമസ് നിയമസഭയിലേക്ക് എത്തുന്നത് പി.ടി. നിർത്തിയിടത്തുനിന്ന് തുടങ്ങാൻ
തിരുവനന്തപുരം: തൃക്കാക്കര നിയമസഭ ഉപ തിരഞ്ഞെടുപ്പിൽ ഉമാ തോമസിനെ സ്ഥാനാർത്ഥിയായി കോൺഗ്രസ് പ്രഖ്യാപിച്ചപ്പോൾ ഉയർന്ന വിമർശനങ്ങൾക്ക് കൂടിയാണ് മണ്ഡലത്തിലെ വോട്ടർമാർ ജനവിധിയിലൂടെ മറുപടി നൽകിയിരിക്കുന്നത്. പി.ടി. തോമസിന്റെ ഭാര്യ എന്നതുമാത്രമാണ് അവർക്കുള്ള യോഗ്യതയെന്നും പി.ടി.യുടെ മരണം തീർത്ത അനുകമ്പ നേടുന്നതിനായാണ് ഉമയെ കോൺഗ്രസ് സ്ഥാനാർത്ഥിയായി നിർത്തുന്നതെന്നുമായിരുന്നു എൽ.ഡി.എഫ്. ക്യാമ്പുകൾ ആരോപിച്ചത്.
സഹതാപ തരംഗം സൃഷ്ടിക്കാനാണ് ഉമയുടെ സ്ഥാനാർത്ഥിത്വം എന്ന വിമർശനം ഉയർത്തിയവരും ഏറ്റുപിടിച്ചവരും പ്രചാരണത്തിന്റെ ആദ്യ ഘട്ടം പിന്നിട്ടപ്പോൾ തന്നെ മനസ്സിലാക്കി ഉമ തോമസ് പി.ടി.യുടെ ഭാര്യ മാത്രമല്ല, തോമസ് എന്ന പേര് കൂടെ ചേർക്കുന്നതിനും മുമ്പ് വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതു പ്രവർത്തനത്തിന്റെ ബാലപാഠങ്ങൾ പഠിച്ചുവന്ന വിദ്യാർത്ഥി നേതാവു കൂടിയായിരുന്നു എന്ന്.
പി ടി തോമസ് എന്ന സർവസമ്മതനായ പൊതുപ്രവർത്തകന്റെ പങ്കാളിയായി ഇക്കഴിഞ്ഞ കാലമത്രയും പൊതുപ്രവർത്തനത്തിൽ നിന്നും മാറി ജീവിച്ചിരുന്നപ്പോഴും രാഷ്ട്രീയം മാറ്റി നിറുത്താൻ അവർക്കായിട്ടില്ല. പിടിയുടെ മണ്ഡലത്തിലെ ജനങ്ങളുടെ പിന്തുണ അവരുടേതും കൂടിയാണ്. രാഷ്ട്രീയത്തിൽ എന്നും പിടിയുടെ നിഴലായും പങ്കാളിയായും സഹപ്രവർത്തകയായും അവർ പിന്നിലുണ്ടായിരുന്നു.
മഹാരാജാസ് കോളേജിന്റെ ചരിത്രം പരിശോധിച്ചാൽ അവിടെ തെളിയും ഉശിരുള്ള, നിലപാടുള്ള ഉമ എന്ന പെൺകുട്ടിയുടെ രാഷ്ട്രീയ കരുത്ത് കാണാനാകും. പൊതുപ്രവർത്തക എന്ന നിലയിൽ ഉമയിൽ നിന്നും മലയാളികൾക്ക് പ്രത്യേകിച്ചും സ്ത്രീകൾക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്.
എറണാകുളം മഹാരാജാസ് കോളേജിൽ പഠിക്കുമ്പോൾ കെ.എസ്.യു.വിലൂടെയാണ് ഉമ പൊതുപ്രവർത്തന രംഗത്തേക്ക് എത്തുന്നത്. 1980-ൽ പ്രീ ഡിഗ്രിക്ക് മഹാരാജാസിൽ എത്തിയ ഉമ 1985-ൽ ബി.എസ് സി. സുവോളജി ബിരുദവുമായാണ് കോളേജ് വിട്ടത്. കെ.എസ്.യു. വിന്റെ സജീവ പ്രവർത്തകയായിരുന്ന അവർ അതിനിടയിൽ കോളേജ് യൂണിയൻ കൗൺസിലർ, കോളേജ് വൈസ് ചെയർ പേഴ്സൺ എന്നീ നിലകളിലും വിജയിച്ച് മുന്നേറിയിരുന്നു.
ഉമ കെ.എസ്.യു.വിൽ പ്രവർത്തിക്കുമ്പോൾ പി.ടി. തോമസ് സംസ്ഥാന പ്രസിഡന്റായിരുന്നു. പി.ടി. ഒരു യോഗത്തിൽ പങ്കെടുക്കാനായി മഹാരാജാസിൽ എത്തുമ്പോഴാണ് രണ്ടുപേരും പരസ്പരം കാണുന്നത്. മഹാരാജാസിൽ ബിരുദാനന്തര ബിരുദവും കഴിഞ്ഞ് ലോ കോളേജിൽ പഠിക്കുകയായിരുന്നു പി.ടി. അന്ന്. യോഗത്തിൽ പി.ടി. എത്താൻ നേരം വൈകിയപ്പോൾ സമയം നികത്താനായി പ്രീ ഡിഗ്രിക്കാരിയായ ഉമ പാട്ടുപാടുകയായിരുന്നു.
അപ്പോഴാണ് അദ്ദേഹം കടന്നുവന്നത്. ആ പാട്ട് പി.ടി.യുടെ ഹൃദയത്തിലേക്കാണ് കയറിയത്. ഈ കൂടിക്കാഴ്ചയും തുടർന്നുള്ള സംഘടനാ പ്രവർത്തനങ്ങളിലെ കണ്ടുമുട്ടലുകളും പിന്നീട് പ്രണയമായി വളരുകയായിരുന്നു. ബിരുദം കഴിഞ്ഞ് രാജഗിരി കോളേജിൽ എം.എസ്.ഡബ്ല്യുവിന് പഠിക്കുന്ന കാലത്താണ് പ്രണയത്തിന് ഉമയുടെ വീട്ടിൽനിന്ന് എതിർപ്പുകൾ ഉയർന്നത്. മതത്തിന്റെ വേലിക്കെട്ടുകളെ അതിജീവിച്ച് 1987 ജൂലായ് 9-ന് പി.ടി തോമസ്- ഉമ വിവാഹം നടന്നു.
വിവാഹത്തിനുശേഷം പൂർണമായും പൊതുപ്രവർത്തനത്തിൽനിന്ന് മാറിനിന്നെങ്കിലും രാഷ്ട്രീയം മനസ്സിൽനിന്ന് നഷ്ടപ്പെടുത്താത്ത ആളായിരുന്നു ഉമ. എന്നും പി.ടി.യുടെ നിലപാടുകൾക്കൊപ്പം ശക്തിയായി നിൽക്കാൻ അവർക്ക് സാധിച്ചു. തൃക്കാക്കരയിൽ മത്സരിക്കാനിറങ്ങിയപ്പോഴും ഒരു പുതുമുഖത്തിന്റെ ഛായയായിരുന്നില്ല ഉമ തോമസിന്റേത്. പഴക്കമുള്ള പൊതുപ്രവർത്തകയെപ്പോലെയാണ് അവർ തിരഞ്ഞെടുപ്പിനെ നേരിട്ടത്.
പല വിമർശനങ്ങളും വിവാദങ്ങളും ഉയർന്നു കേട്ടപ്പോഴും അതിനോടെല്ലാം സമചിത്തതയോടെ, അതീവ സൗമ്യമായി മാത്രം പ്രതികരിച്ച ഒരു നേതാവ്.അനാവശ്യമായ ഒരു പ്രതികരണവും ആ നാവിൽ നിന്നും പുറത്ത് കേട്ടിട്ടില്ല. രാഷ്ട്രീയ പ്രവർത്തനത്തിലെ നെറികെട്ട നീക്കങ്ങൾക്കിടെയാണ് സൗമ്യ സാന്നിദ്ധ്യമായി അതേസമയം ഉൾക്കരുത്തുള്ള പോരാളിയായി തിരഞ്ഞെടുപ്പിനെ നേരിട്ടത്. അതിന്റെ ഫലം തൃക്കാക്കരയിലെ ജനങ്ങൾ വോട്ടായി അവർക്കു നൽകി. ഒടുവിൽ മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തോടെയാണ് അവർ നിയമസഭയിലേക്ക് എത്തുന്നത്.
കേരളം കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ഏറ്റവുമധികം ചർച്ച ചെയ്ത നടിയെ ആക്രമിച്ച കേസിൽ പിടി തോമസെടുത്ത നിലപാട് ഏറെ ശ്രദ്ധേയമായിരുന്നു. ഇന്നും അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തിലും അത് ചർച്ചയാകണമെങ്കിൽ എത്രമാത്രം മികച്ച ഒരു നിലപാടായിരിക്കണം അദ്ദേഹമെടുത്തതെന്ന് മാത്രം ചിന്തിച്ചാൽ മതി. പി ടി എന്ന ജനപ്രിയ നേതാവിന്റെ ശബ്ദമാണ് ഉമയിലൂടെ മുഴങ്ങിയത്.
തന്നേക്കാൾ എത്രയോ പ്രബലനായ, മലയാള സിനിമയെ തന്നെ അടക്കി വാഴാൻ കഴിയുന്ന ഒരാളിനെതിരെ പരസ്യമായി യുദ്ധം കോർക്കാൻ പലരും മടിക്കും.പല രാഷ്ട്രീയക്കാരും പിന്മാറും. പക്ഷേ, പിടി എന്ന നിലപാടുകളുടെ രാജാവ് അവിടെയും മുട്ടു മടക്കിയില്ല. ആരൊക്കെ പിന്തുണച്ചാലും ഇല്ലെങ്കിലും അവൾക്കൊപ്പം എന്നു തന്നെ പ്രഖ്യാപിക്കുകയായിരുന്നു. പിടി പകർന്നു കൊടുത്ത ധൈര്യം കൊണ്ടാണ് കേസുമായി മുന്നോട്ട് പോകുന്നതെന്ന അതിജീവിതയുടെ വാക്കുകളിലുണ്ട് ആ രാഷ്ട്രീയ പ്രവർത്തകന്റെ ശക്തി. ഉമാതോമസിന്റെ നിലപാടും അന്നും ഇന്നും മറ്റൊന്നല്ല. നിയമസഭയിലേക്ക് അവർ ജയിച്ചു വരുമ്പോൾ അതീജീവിതയ്ക്കൊപ്പം നിൽക്കുന്നവർക്ക് മറ്റൊരു ഉറച്ച ശബ്ദം കൂടി കിട്ടുകയാണ് ഉമയിലൂടെ.
ഒരുപക്ഷേ, ഉമ തന്നെയാണ് പിടി, പിടി തന്നെയാണ് ഉമ എന്ന് പറയുന്നതാകും കൂടുതൽ ശരി. രാഷ്ട്രീയത്തിലും ചിന്തകളിലും ജീവിതത്തിലും ഇത്രമേൽ ഒത്തൊരുമയുള്ള, പരസ്പര ബഹുമാനമുള്ള രണ്ട് നേതാക്കളുണ്ടാകുമെന്ന് കരുതുന്നില്ല. ജീവിതത്തിൽ വിപ്ലവം കാണിച്ചതുപോലെ തന്നെയാണ് രാഷ്ട്രീയത്തിലും ഇവരുടെ പ്രവർത്തനങ്ങൾ. പ്രകൃതിയെയും പരിസ്ഥിതിയെയും സംഗീതത്തെയും ചേർത്തു പിടിച്ചിരുന്നവർ.
ഉറച്ച വാക്കുകളിലും, നിലപാടുകളിലും, തീരുമാനങ്ങളിലും മനോഭാവത്തിലുമെല്ലാം അവർ മികച്ച രാഷ്ട്രീയ പ്രവർത്തകയായിരിക്കുമെന്ന സൂചന തന്നെയാണ് മുന്നോട്ട് വയ്ക്കുന്നത്.
പ്രചാരണ വേളകളിലെല്ലാം പിടി തോമസ് എന്ന നേതാവ് തുടങ്ങി വച്ച കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുമെന്ന് മാത്രമാണ് അവർ പറഞ്ഞത്. അവർക്കറിയാം ശരിയുടെ പക്ഷത്ത് നിന്നയാളാണ് പിടിയെന്ന്. അതിന്റെ തുടർച്ച മാത്രമേ അവർക്ക് ചെയ്യേണ്ടതായുള്ളൂ. ഇത്രയധികം ഭൂരിപക്ഷത്തിൽ ആദ്യ മത്സരത്തിൽ തന്നെ വിജയിച്ച് കയറാൻ കഴിഞ്ഞത് പിടിയുടെ ജനസമ്മിതിയാണെന്ന് സമ്മതിക്കുമ്പോഴും ഉമയെന്ന രാഷ്ട്രീയ പ്രവർത്തകയുടെ പ്രഭാവം അതൊട്ടും കുറയ്ക്കുന്നില്ല.
മറുനാടന് മലയാളി ബ്യൂറോ