കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ചരിത്ര വിജയത്തിലേക്ക് നീങ്ങി യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ്. കഴിഞ്ഞ തവണ പി ടി തോമസ് നേടിയ ലീഡും മറികടന്നാണ് ഉമ തോസിന്റെ ഭൂരിപക്ഷം പിടിക്കുന്നത്. ഒന്നാം റൗണ്ട് മുതൽ ലീഡ് തുടർന്ന ഉമ തുടർച്ചയായി ലീഡ് ഉയർത്തുകയായിരുന്നു. അവസാന ഘട്ടത്തിലേക്ക വോടെണ്ണൽ കടക്കുമ്പോഴും വൻ ഭൂരിപക്ഷത്തിലേക്കാണ് യുഡിഎഫ് നീങ്ങുന്നത്.

അഞ്ചാം റൗണ്ട് പൂർത്തിയാപ്പോൾ ഉമ തോമസ് പതിനായിരം വോട്ടിന് മുന്നിലെത്തി. നാലാം റൗണ്ടിൽ എണ്ണായിരത്തിലേറെ വോട്ടിന്റെ ലീഡാണ് ഉമ തോമസ് നേടിയിരുന്നു. ആദ്യ മൂന്നു റൗണ്ടിൽ പി ടി തോമസിന്റെ ലീഡിനേക്കാൾ ഇരട്ടിയിലേറെ ഉമ തോമസ് നേടിയിരുന്നു. വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ മുതൽ ഉമയാണ് മുന്നിട്ടു നിൽക്കുന്നത്. ആദ്യ റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 21 ബൂത്തുകളിലും ഉമ തോമസ് മുന്നിലെത്തി.

ഉമ വിജയിക്കുമെന്ന് ഉറപ്പായതോടെ യുഡിഎഫ് കേന്ദ്രങ്ങളിൽ ആഹ്ലാദ പ്രകടനം തുടങ്ങിയിട്ടുണ്ട്. ഒരു ബൂത്തിൽപ്പോലും എൽ ഡി എഫിന് ലീഡ് നേടാനായില്ല. ബിജെപിക്കും പ്രതീക്ഷിച്ചത്ര വോട്ടുകൾ നേടാനായില്ല.ആദ്യ ഫലസൂചനകൾ വന്നതോടെ യു ഡി എഫ് കേന്ദ്രങ്ങൾ ആഹ്‌ളാളം തുടങ്ങിയിരന്നു. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഇപ്പോൾ യു ഡി എഫ് പ്രവർത്തകർ പ്രകടനം നടത്തുന്നുണ്ട്. നൂറുകണക്കിന് പ്രവർത്തകരാണ് പ്രകടനങ്ങളിൽ പങ്കെടുക്കുന്നത്. കെ വി തോമസിനെതിരെയും അവർ മുദ്രാവാക്യം മുഴക്കുന്നുണ്ട്.

രാവിലെ എട്ടുമണിയോടെയാണ് വോട്ടെണ്ണൽ തുടങ്ങിയത്. 21 ടേബിളുകളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. മുഴുവൻ വോട്ടുകളും എണ്ണിത്തീരാൻ 12 റൗണ്ട് വേണ്ടിവരും. ഒരു റൗണ്ടിൽ 21 ബൂത്തുകളാണ് എണ്ണുന്നത്. ആദ്യ റൗണ്ടിൽ ഒന്നു മുതൽ 15 വരെ ബൂത്തുകളിലെ വോട്ടുകളാണ് എണ്ണിയത്. തുടർന്ന് മറ്റു ബൂത്തുകളിലേതും. ആദ്യത്തെ 11 റൗണ്ടുകളിൽ 21 ബൂത്തുകൾ വീതവും, അവസാന റൗണ്ടിൽ എട്ടു ബൂത്തുകളും എണ്ണും. 239 ബൂത്തുകളാണുള്ളത്. പി ടി തോമസിന്റെ ആകസ്മിക നിര്യാണത്തെത്തുടർന്നാണ് തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

തോൽവി സമ്മതിച്ചു സിപിഎം

തൃക്കാക്കരയിലെ ജനവിധി അംഗീകരിക്കുന്നുവെന്നുവെന്നും തിരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമാണെന്നും സിപിഎം അഭിപ്രായപ്പെട്ടു. പരാജയം സമ്മതിക്കുന്നു. സ്ഥാനാർത്ഥി നിർണയം തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചിട്ടില്ല. ഭരണത്തിന്റെ വിലയിരുത്തലാകും തിരഞ്ഞെടുപ്പ് ഫലമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ പറഞ്ഞു.

'ഒരു മാസക്കാലം ഞങ്ങൾ നടത്തിയ പ്രവർത്തനങ്ങളുടെ രീതി നോക്കുമ്പോൾ ഒരു കാരണവശാലം ഇത്തരമൊരു ഫലം പ്രതീക്ഷിക്കുന്നില്ല. സ്വാഭാവികമായും തിരിച്ചടി പരിശോധിക്കും. എൽഡിഎഫ് ഒരു സ്ഥാനാർത്ഥിയെ മാത്രമേ നിശ്ചയിച്ചിട്ടുള്ളൂ. അത് ജോ ജോസഫാണ്. വോട്ടുകൾ ലഭ്യമാക്കുന്നതിൽ പാർട്ടി പ്രവർത്തനങ്ങളിൽ ഒരു വീഴ്ചയും വന്നിട്ടില്ല. എന്നാൽ വ്യത്യസ്തമായ ഒരു ജനവിധി ഉണ്ടായിരിക്കുന്നു', സി.എൻ.മോഹനൻ പറഞ്ഞു.

മുഖ്യമന്ത്രി നേരിട്ട് തിരഞ്ഞെടുപ്പ് നയിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് നയിച്ചത് ഞങ്ങളാണ്. തങ്ങൾ ആവശ്യപ്പെട്ടതനുസരിച്ചാണ് മുഖ്യമന്ത്രി പരിപാടിക്കെത്തിയത്. സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലല്ല തിരഞ്ഞെടുപ്പ് ഫലം. സർക്കാരിന്റെ പ്രവർത്തനം വിലയിരുത്താൻ ഇത് സംസ്ഥാന തിരഞ്ഞെടുപ്പല്ല. അങ്ങനെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവകാശപ്പെട്ടിട്ടില്ല. ഇതൊരു ഉപതിരഞ്ഞെടുപ്പാണ്. നൂറ് സീറ്റാക്കാൻ തങ്ങൾ പ്രചാരണം നടത്തി എന്നത് ശരിയാണെന്നും സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്വം ഒരു ഘടകവും നിലവിൽ ഏറ്റെടുത്തിട്ടില്ല. എറണാകുളം ജില്ലാ കമ്മിറ്റി ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട പ്രശ്നമില്ല. ഇവിടെ പ്രവർത്തിച്ച എല്ലാ നേതാക്കൾക്കും ഉത്തരവാദിത്വമുണ്ടെന്നും സി.എൻ.മോഹനൻ കൂട്ടിച്ചേർത്തു.

ഉമയെ അഭിനന്ദിച്ചു കെ വി തോമസ്

ഉമാ തോമസിനെ അഭിനന്ദിച്ച് കെവി തോമസ്. ചെറിയ മാർജിന് എൽഡിഎഫ് വിജയിക്കുമെന്നായിരുന്നു രാവിലെ പ്രതീക്ഷിച്ചത്. ഉമാ തോമസിനോടുള്ള വ്യക്തിപരമായ താൽപര്യം വോട്ടെടുപ്പിൽ പ്രതിഫലിച്ചിട്ടുണ്ട്. അല്ലെങ്കിൽ മറ്റ് രാഷ്ട്രീയപരമായ വിഷയങ്ങളായിരിക്കാം. പഠിച്ച് പ്രതികരിക്കാം. യുഡിഎഫ് പോലും ഇത്ര ഭൂരിപക്ഷം അവർക്ക് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിട്ടില്ല.