കൊച്ചി: തൃക്കാക്കരയിൽ വീണ്ടും പി ടി തോമസ് സജീവമാകും! മൺമറഞ്ഞ തോമസിന്റെ നല്ലപാതിയെ തന്നെ സ്ഥാനാർത്ഥിയാക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. ഉമ തോമസിനെ മത്സരിപ്പിക്കാൻ മുതിർന്ന് നേതാക്കൾക്കിടയിൽ ധാരണയായിട്ടുണ്ട്. കെപിസിസിയുടെ തെരഞ്ഞെടുപ്പു കമ്മറ്റി അംഗങ്ങൾക്കും ഇക്കാര്യത്തിൽ സമവായം ആയിട്ടുണ്ട്. ഈ ആഴ്‌ച്ച തന്നെ ഉമയെ യുഡിഎഫ് സ്ഥാനാർത്ഥിയിയായി പ്രഖ്യാപിക്കാനാണ് സാധ്യത. മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയുടെയും എ കെ ആന്റണിയുടെയും ആശിർവാദങ്ങളോടെയാണ് ഉമ സ്ഥാനാർത്ഥിയാകുന്നത്.

ഡൊമിനിക് പ്രസന്റേഷനെ പോലെ സ്ഥാനാർത്ഥി മോഹികളായ ചിലർ സീറ്റ് ലക്ഷ്യമിട്ട് കരുനീക്കം നടത്തുന്നുണ്ടെങ്കിലും അത് മുഖവിലക്കെടുക്കാൻ നേതൃത്വം തയ്യാറല്ല. ഉടക്കുമായി എത്തുന്ന നേതാക്കളെ അനുനയിപ്പിക്കാനാണ് ശ്രമം നടക്കുന്നത്. പി ടി യുടെ ഭാര്യ എന്ന നിലയിൽ മാത്രമല്ല ഉമ തോമസിനെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നത്. കോൺഗ്രസ് പാരമ്പര്യം കൃത്യമായി അവകാശപ്പെടാൻ അവർക്ക് സാധിക്കും. മഹാരാജാസ് കോളേജിൽ കെ.എസ്.‌യുവിന്റെ വൈസ് ചെയർമാനായിരുന്നു അവർ. പിന്നീട് പി ടി യുടെ ഭാര്യ ആയതിന് ശേഷമാണ് സജീവ രാഷ്ട്രീയത്തിൽ നിന്നും പിന്മാറിയത്. മാത്രമല്ല, പി ടി യുടെ തെരഞ്ഞെടുപ്പു പ്രചരണ വേദികളിൽ ഒക്കെ ഉമ തോമസ് സാന്നിധ്യമായിരുന്നു.

എംഎൽഎ ആയിരിക്കേ അന്തരിച്ച പി ടി തോമസിന്റെ ജനപിന്തുണയുടെ ആഴം അറിഞ്ഞ് രാഹുൽ ഗാന്ധി പോലും ഞെട്ടിയിരുന്നു. അടുത്തകാലത്തായി ഒരു നേതാവിനും ലഭിക്കാത്ത വിട വാങ്ങലാണ് പി ടി തോമസിന് ലഭിച്ചത്. അതുകൊണ്ട് തന്നെ പി ടിയുടെ ജനപിന്തുണ ഉമയ്ക്ക് വോട്ടായി മാറുമെന്നുമാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. മാധ്യമങ്ങളോട് പരസ്യമായി സമ്മതിക്കാൻ തയ്യാറല്ലെങ്കിലും ഉമയോട് മത്സരത്തിന് തയ്യാറെടുക്കാൻ നേതാക്കൾ നിർദ്ദേശിച്ചിട്ടുണ്ട്. മത്സരിക്കാനുള്ള സാധ്യത ഉമ തള്ളുന്നുമില്ല.

തൃക്കാക്കര വ്യക്തിപരമായി ഏറെ പരിചയമുള്ള മണ്ഡലമാണ്. പാർട്ടി തീരുമാനം വരാതെ സ്ഥാനാർത്ഥിത്വത്തിൽ പ്രതികരിക്കാനില്ല. പി ടി തോമസ് അച്ചടക്കമുള്ള കോൺഗ്രസ് പ്രവർത്തകനായിരുന്നു. ആ അച്ചടക്കം തുടരണം എന്നാണ് ആഗ്രഹിക്കുന്നത്. താനുറച്ച ഈശ്വരവിശ്വാസിയാണെന്നും നല്ലത് പ്രതീക്ഷിക്കുന്നതായും ഉമ തോമസ് പറഞ്ഞു. കോൺഗ്രസിന്റെ സിറ്റിങ് സീറ്റിൽ പി ടി തോമസിന്റെ മണ്ഡലത്തിൽ ജയം പാർട്ടിക്ക് അനിവാര്യമാണ്. പി ടി വികാരം കൂടി മുതലാക്കാൻ ഉമ തോമസിനെ ഇറക്കാനാണ് നേതൃത്വത്തിന്റെ നീക്കം. കെപിസിസിയിലെ അടിയന്തിര യോഗവും ഉമയുടെ പേരിനാകും മുൻഗണന നൽകുക. ഉമയുമായി നേതാക്കൾ ഉടൻ സംസാരിച്ച് ഉറപ്പിക്കാനാകുമെന്നാണ് കണക്ക് കൂട്ടൽ.

കോൺഗ്രസിന്റെ സിറ്റിങ് സീറ്റിൽ പി.ടി. തോമസിന്റെ മണ്ഡലത്തിൽ ജയം പാർട്ടിക്ക് അനിവാര്യമാണ്. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ തുടങ്ങിയവർ ഉമയെ വീട്ടിലെത്തി കണ്ടതോടെ സ്ഥാനാർത്ഥി ചർച്ചകൾ സജീവമാവുകയും ഉമയിലേക്ക് എത്തുകയുമായിരുന്നു. ജില്ലാ നേതൃത്വവുമായി കൂടിയാലോചിക്കാതെ സ്ഥാനാർത്ഥിയെ നിർണയിക്കാനുള്ള നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ നേതാക്കൾ രംഗത്ത് വന്നതോടെ, സ്ഥാനാർത്ഥി ചർച്ചകൾ തൽക്കാലം വേണ്ടെന്ന നിലപാടിലേക്ക് കെപിസിസി എത്തിയിരുന്നു. എന്നാൽ, പി ടി തോമസ് ആരംഭിച്ച പോരാട്ടം ഏറ്റെടുത്ത് ഉമ തോമസ് പിന്ീട് പൊതുവേദിയിലും എത്തി.

നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന സത്യാഗ്രഹത്തിലാണ് ഉമ തോമസ് പങ്കെടുത്തത്. സമരവേദിയിലെത്തി അഭിവാദ്യം ചെയ്ത് സംസാരിച്ചു എന്ന് മാത്രമല്ല, വിഷയത്തിൽ സർക്കാരിനെതിരെ വിമർശനവും ഉമ തോമസ് നടത്തുകയുണ്ടായി. എറണാകുളം ഗാന്ധി സ്‌ക്വയറിൽ ഫ്രണ്ട്‌സ് ഓഫ് പിടി ആൻഡ് നേച്ചർ എന്ന സംഘടനയുടെ നേതൃത്വത്തിൽ നടൻ രവീന്ദ്രനാണ് സത്യാഗ്രഹസമരം നടത്തുന്നത്. നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് സത്യാഗ്രഹം. പി ടി തോമസ് ഉണ്ടായിരുന്നു എങ്കിൽ നടിക്കൊപ്പം ഉറച്ച് നിന്നേനെയെന്ന് പറഞ്ഞുകൊണ്ടാണ് പൊതുവേദിയിലെത്തിയ ഉമ തന്റെ നിലപാട് വ്യക്തമാക്കിയത്.

ക്രൈം ബ്രാഞ്ച് മേധാവിയായിരുന്ന എസ് ശ്രീജിത്തിനെ മാറ്റിയത് നടിയെ ആക്രമിച്ച കേസിലെ പ്രതികളെ രക്ഷിക്കാനുള്ള കുതന്ത്രമാണോയെന്ന് സംശയിക്കുന്നുവെന്നാണ് ഉമ തോമസ് പറയുന്നത്. പി ടി തോമസ് കേസിൽ സത്യസന്ധമായാണ് ഇടപെട്ടത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം പുലർച്ചെ വീട്ടിലെത്തിയപ്പോൾ അദ്ദേഹം അനുഭവിക്കുന്ന മാനസിക സംഘർഷത്തിന് താൻ സാക്ഷിയായിരുന്നെന്നും അവർ പറയുന്നു. 'ആ പെൺകുട്ടിയുടെ കണ്ണുനീർ പി ടിയെ അത്രമാത്രം അസ്വസ്ഥനാക്കിയിരുന്നു. പിന്നീട് നീതി ഉറപ്പാക്കുന്നതിന് വേണ്ടി അദ്ദേഹം സത്യസന്ധമായാണ് പോരാടിയത്. പൊലീസിലെ അഴിച്ചുപണി പ്രതികൾ രക്ഷപ്പെടാനുള്ള കുതന്ത്രമാണോയെന്ന് സംശയിക്കുന്നു.' എന്നാണ് ഉമ തോമസിന്റെ വിമർശനം.

ഇപ്പോൾ കേസ് നടക്കുമ്പോൾ പി ടി ഇല്ലാത്ത ദുഃഖം അലട്ടുന്നുണ്ടെന്നും എന്നാൽ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പോരാട്ടം തുടരുമ്പോൾ ഐക്യദാർഢ്യം പ്രകടിപ്പിക്കാനാണ് താൻ ഇവിടെ എത്തിയതെന്നും പറഞ്ഞുകൊണ്ടാണ് ഉമ തോമസ് പൊലീസ് തലപ്പത്തെ അഴിച്ചുപണിയെ വിമർശിച്ചത്. രാഷ്ട്രീയ നിലപാട് ഉയർത്തിപ്പിടിച്ചുള്ള വിമർശനങ്ങൾക്ക് പിന്നാലെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനും ഉമ തോമസ് മറുപടി നൽകിയിരുന്നു. പി ടി തോമസ് സാക്ഷിയായ നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട പ്രതിഷേധ വേദിയിലേക്കാണ് ഉമ തോമസിന്റെ കടന്നുവരവ് എന്നതും ഏറെ പ്രാധാന്യമുള്ള കാര്യമാണ്.

പി ടി തോമസിന്റെ സ്മരണ സജീവമാക്കുന്നതിനൊപ്പം സ്ത്രീകൾക്കെതിരായ അക്രമങ്ങൾക്കെതിരെ നടക്കുന്ന പോരാട്ടത്തിന്റെ ഭാഗമായി ഉമ തോമസ് അവതരിപ്പിക്കപ്പെടുകയാണ്. സർക്കാറിന്റെ സ്ത്രീവിരുദ്ധ നിലപാടുകൾ അടക്കം തെരഞ്ഞെടുപ്പിൽ ചർച്ചയാക്കാൻ ഉമയുടെ സ്ഥാനാർത്ഥിത്വത്തിലൂടെ സാധിക്കുമെന്നാണ് കണക്കു കൂട്ടുന്നത്. 'പിടിക്ക് ഒരു വോട്ട്' എന്നതു തന്നെയാകും തെരഞ്ഞെടുപ്പു മുദ്രാവാക്യം എന്നു തന്നെയാണ് ഉമയിലേക്ക് കോൺഗ്രസ് എത്തുമ്പോൾ തൃക്കാക്കരയിൽ മുഴങ്ങുന്ന മുദ്രാവാക്യം.