കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വിജയം നന്മയുടെ വിജയമെന്ന് കോൺഗ്രസ് സ്ഥാനാർത്ഥി ഉമ തോമസ്. പി.ടി പകർന്ന നീതിയുടേയും നിലപാടിന്റെയും വിജയമാണിത്. ഇടത് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിനെയാണ് കാൽ ലക്ഷത്തിലേറെ വോട്ടുകൾക്ക് ഉമ തോമസ് പരാജയപ്പെടുത്തിയത്.

ഉജ്ജ്വലവിജയം നേടുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നുവെന്നും പി.ടി തോമസ് നെഞ്ചേറ്റിയ തൃക്കാക്കര തന്നെ കൈവിടില്ലെന്ന് വിശ്വാസം സത്യമായതിൽ സന്തോഷമുണ്ടെന്നും ചരിത്ര വിജയത്തിന് ഒപ്പം നിന്ന് പ്രവർത്തിച്ച എല്ലാവർക്കും നന്ദി പറയുന്നതായും അവർ പറഞ്ഞു.

ഉമാ തോമസിന്റെ വാക്കുകൾ:

ചരിത്രവിജയമാണ് ഇവിടെ നേടിയത്. ഈ വിജയം എന്റെ പി.ടിക്ക് സമർപ്പിക്കുകയാണ്. എന്റെ തൃക്കാക്കര എന്നെ ഏറ്റെടുത്തു. ഇതു ഉമാ തോമസും ഡോ.ജോ ജോസഫും തമ്മിലുള്ള മത്സരമായിരുന്നില്ല. പിണറായിയും കൂട്ടരും യുഡിഎഫിനെതിരെ നടത്തിയ പോരാട്ടമായിരുന്നു. എന്നാൽ തൃക്കാക്കരയിലെ പ്രബുദ്ധരായ വോട്ടർമാർക്ക് അവർക്കെന്ത് വേണമെന്ന് തിരിച്ചറിഞ്ഞു തെരഞ്ഞെടുത്തു. എല്ലാവരോടും ഈ വിജയത്തിൽ നന്ദിയുണ്ട്. നേതാക്കന്മാരോടും തലമുതിർന്നവരോടും നന്ദിയുണ്ട്. എന്നേക്കാൾ ഊർജ്ജത്തോടെ നിരവധി പേർ എന്റെ വിജയത്തിനായി പ്രയത്‌നിച്ചു. അഞ്ച് രൂപയുടെ അംഗത്വമുള്ള സാധാരണ കോൺഗ്രസ് പ്രവർത്തകൻ വരെ എനിക്കായി മുന്നിട്ടിറങ്ങി.

കോൺഗ്രസിലേയും പോഷകസംഘടനകളിലേയും യുഡിഎഫിലെ എല്ലാ നേതാക്കൾക്കും നന്ദി. എകെ ആന്റണി, ഉമ്മൻ ചാണ്ടി, ചെന്നിത്തല, കെസി വേണുഗോപാൽ, വയലാർ രവി, കെ സുധാകരൻ, വിഡി സതീശൻ തുടങ്ങി എല്ലാ പ്രമുഖ നേതാക്കളോടും എനിക്ക് നന്ദിയുണ്ട്. ജനപക്ഷത്ത് നിൽക്കുന്ന വികസനമാണ് വേണ്ടതെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടു. നാടിളക്കി എൽഡിഎഫ് നടത്തിയ പ്രചാരണത്തിന് എന്റെ തൃക്കാക്കരക്കാർ മറുപടി നൽകി.

എന്റെ പി.ടി നെഞ്ചേറ്റിയ ഈ നാടാണ് എന്നെ കാത്തത്. തൃക്കാക്കരക്കാർ എന്നെ നെഞ്ചിലേറ്റി. ഞാൻ അവർക്കൊപ്പമുണ്ട്. എന്റെ നൂറു ശതമാനം അവർക്ക് നൽകും,അവരെന്നെ നയിക്കും. ഞങ്ങൾ ഒന്നിച്ചു പ്രവർത്തിക്കും. ഉജ്ജ്വല വിജയമുണ്ടാവും എന്നു ഞാൻ പറഞ്ഞിരുന്നു. തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് ഒരു സൗഭാഗ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ തന്നെ ഞാൻ പറഞ്ഞിരുന്നു 99-ൽ അവരെ നിർത്തുമെന്ന് ആ വാക്ക് പാലിച്ചു. ഭരണകൂടത്തിനുള്ള മറുപടിയാണ് ഈ വിജയം.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ അന്തിമ കണക്ക് വരുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ് ആകെ നേടിയത് 72767 വോട്ടുകളാണ്. 2021 ൽ പി.ടി തോമസ് നേടിയത് 59,839 വോട്ടുകളായിരുന്നു. യുഡിഎഫിന് 2021 നേക്കാൾ 12,928 വോട്ടുകൾ ഇപ്പോൾ കൂടി.

എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫ് നേടിയത് 47,752 വോട്ടാണ്. കഴിഞ്ഞ തവണ ഇടതുസ്ഥാനാർത്ഥി നേടിയത് 45510 വോട്ടാണ്. ഇടതു വോട്ടുകളിൽ 2242 വോട്ടിന്റെ വർധനയുണ്ടായി. ബിജെപി സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണൻ നേടിയത് 12955 വോട്ടാണ്. കഴിഞ്ഞ തവണ ബിജെപി നേടിയത് 15483 വോട്ടുകളായിരുന്നു. ആകെ കണക്കിൽ ഒരു വർഷത്തിനിടെ തൃക്കാക്കരയിൽ ബിജെപിക്ക് 2528 വോട്ട് കുറഞ്ഞു.