- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദൈവ നാമത്തിൽ സത്യപ്രതിജ്ഞ; പിടി തോമസിന്റെ പിൻഗാമിയായി ഉമാ തോമസ്; ഇനി തൃക്കാക്കരയുടെ എംഎൽഎ; സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് മുൻഗണന നൽകുമെന്നും ജനങ്ങളുടെ ആഗ്രഹങ്ങൾ മാനിക്കുമെന്നും എംഎൽഎ
തിരുവനന്തപുരം: ഉമ തോമസ് ഇനി തൃക്കാക്കരയുടെ എംഎൽഎ.സ്പീക്കർ എംബി രാജേഷിന്റെ ചേംബറിൽ നടന്ന ചടങ്ങിൽ ദൈവനാമത്തിലാണ് ഉമ തോമസ് സത്യപ്രതിജ്ഞ ചെയ്തത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി തുടങ്ങിയ നേതാക്കൾക്കൊപ്പമാണ് ഉമാ തോമസ് സ്പീക്കറുടെ ചേംബറിലേക്ക് എത്തിയത്.സഭാ കാലമല്ലാത്തതിനാലാണ് ചേംബറിൽ ചടങ്ങുകൾ നടന്നത്.ഈ മാസം 27 മുതൽ ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തിൽ ഉമാ തോമസ് പങ്കെടുക്കും.
പിടി തോമസിന്റെ നിലപാടുകൾ കണ്ടാണ് താൻ പഠിച്ചതെന്നും അത്തരം നിലപാടുകൾ പിന്തുടർന്ന് മുന്നോട്ട് പോകുമെന്നും ഉമാ തോമസ് സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി മാധ്യമങ്ങളോട് പ്രതികരിച്ചു. സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് മുൻഗണന നൽകും. ജനങ്ങളുടെ ആഗ്രഹങ്ങൾ മാനിച്ച് മുന്നോട്ട് പോകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ഉമാ തോമസ് പറഞ്ഞു.
കെ കെ രമ കഴിഞ്ഞാൽ, യുഡിഎഫിലെ രണ്ടാമത്തെ വനിതാ എംഎൽഎയായി മാറിയിരിക്കുകയാണ് ഉമാ തോമസ്. കോൺഗ്രസിന്റെ നിയമസഭയിലെ ഏക വനിതാസാന്നിധ്യം കൂടിയാണ് ഉമ തോമസിന്റേത്. അൻപത്തിയാറുകാരിയായ ഉമ തോമസ് മഹാരാജാസിലെത്തുന്നത് 1980 - 85 കാലയളവിലാണ് പ്രീഡിഗ്രി, ഡിഗ്രി വിദ്യാഭ്യാസത്തിനായി എത്തിയത്. 82-ൽ കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കെ.എസ്.യു.വിന്റെ പാനലിൽ വനിതാ പ്രതിനിധിയായി വിജയിച്ചു.
84 ൽ കെ.എസ്.യു.വിന്റെ പാനലിൽ വൈസ് ചെയർമാൻ ആയി തിരഞ്ഞെടുക്കപ്പെട്ടു. പിന്നെ ബിഎസ്സി സുവോളജി വിദ്യാർത്ഥിനിയായിരിക്കേയാണ് അന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റായിരുന്ന പി ടി തോമസിന്റെ ഹൃദയം തൊട്ടത്. ഇന്ന് ഹൃദയരോഗവിദഗ്ധനായ ഡോ. ജോ ജോസഫിനെ തോൽപ്പിച്ചാണ് തൃക്കാക്കരയുടെ ഹൃദയം കവരുന്ന ഉമ തോമസ് നിയമസഭയുടെ പടികൾ കയറുന്നത്.
തൃക്കാക്കരയിൽ ഉമ തോമസിലൂടെ മിന്നും വിജയമാണ് യുഡിഎഫ് നേടിയത്. 72767 വോട്ടുകൾ നേടിയാണ് ഉമാ തോമസ് വിജയം നേടിയത്. 2021 ൽ പി.ടി തോമസ് നേടിയത് 59,839 വോട്ടുകളായിരുന്നു.യുഡിഎഫിന് 2021 നേക്കാൾ 12,928 വോട്ടുകൾ ഇപ്പോൾ കൂടി. എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫ് നേടിയത് 47,752 വോട്ടാണ്. കഴിഞ്ഞ തവണ ഇടതുസ്ഥാനാർത്ഥി നേടിയത് 45510 വോട്ടാണ്.
ഇടതു വോട്ടുകളിൽ 2242 വോട്ടിന്റെ വർധനവുണ്ടായി. ബിജെപി സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണൻ നേടിയത് 12955 വോട്ടാണ്. കഴിഞ്ഞ തവണ ബിജെപി നേടിയത് 15483 വോട്ടുകളായിരുന്നു. ആകെ കണക്കിൽ ഒരു വർഷത്തിനിടെ തൃക്കാക്കരയിൽ ബിജെപിക്ക് 2528 വോട്ട് കുറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ