കൊച്ചി: തൃക്കാക്കര മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസ് നടൻ മമ്മൂട്ടിയുടെ വീട്ടിൽ എത്തി വോട്ട് അഭ്യർത്ഥിച്ചു. ഹൈബി ഈഡൻ എംപിയും രമേഷ് പിഷാരടിയും കൂടെയുണ്ടായിരുന്നു. മമ്മൂട്ടി സ്ഥാനാർത്ഥിക്ക് ആശംസകൾ നേർന്നു.

ഉമ തോമസ് സാഹിത്യകാരി ഡോ. എം ലീലാവതിയെയും സന്ദർശിച്ചു. ഉമയ്ക്ക് കെട്ടിവെക്കാനുള്ള തുക ലീലാവതിയാണ് നൽകിയത്. ക്രിസ്തീയ വോട്ടുകൾ ഉറപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ന് ഉച്ചയോടെ കർദിനാൾ ഹൗസിലും ഉമ തോമസ് സന്ദർശനം നടത്തുന്നുണ്ട്. തമ്മനം ജംഗ്ഷനിലും തൃപ്പൂണിത്തുറയിലുമാണ് സ്ഥാനാർത്ഥിയുടെ ഇന്നത്തെ മറ്റു പ്രചാരണ പരിപാടികൾ.

എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോ ജോസഫും രാവിലെ തന്നെ പ്രചാരണത്തിനിറങ്ങി. ഇടപ്പള്ളിയിൽ നിന്നായിരുന്നു തുടക്കം. തുടർന്ന് പാലാരിവട്ടം, തൃക്കാക്കര ഈസ്റ്റ്, തൃക്കാക്കര വെസ്റ്റ് എന്നിവിടങ്ങളിലും വോട്ടർമാരെ നേരിൽ കണ്ട് പിന്തുണ തേടും.