- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശിവഗിരി മഠത്തിന്റെ അനുഗ്രഹം തേടി തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ്; മഠത്തിൽ സന്ദർശനം നടത്തിയത് പുലർച്ചെ; സമാധിമണ്ഡപത്തിലും ശാരദമഠത്തിലുമെത്തി; പി.ടി തോമസിന്റെ ധാർമ്മിക മൂല്യം പിന്തുടരുന്നയാൾ; ഉമ തോമസിനെ പിന്തുണച്ച് ശിവഗിരി മഠവും
ശിവഗിരി: തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് വർക്കല ശിവഗിരി സന്ദർശിച്ചു. ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുമായി സ്ഥാനാർത്ഥി കൂടിക്കാഴ്‌ച്ച നടത്തി. അനുഗ്രഹം തേടിയെത്തിയതാണെന്ന് ഉമ പറഞ്ഞു. പുലർച്ചെയാണ് ഉമ തോമസ് വർക്കല ശിവഗിരിയിലെത്തിയത്.സമാധിമണ്ഡപത്തിലും ശാരദമഠത്തിലും ഗുരുദേവന്റെ സമാധിസ്ഥലത്തും സന്ദർശനം നടത്തി.
ഉമ തോമസ് മികച്ച വ്യക്തിത്വമുള്ളയാളാണെന്നും സത്യവും നീതിയുമുള്ളവർ ജയിച്ചുവരണമെന്നും ശിവഗിരി ശ്രീനാരായണ ധർമ്മ സംഘം അധ്യക്ഷൻ സ്വാമി സച്ചിദാനന്ദ പറഞ്ഞു. പി.ടി തോമസ് എന്നും സത്യത്തിന്റെയും ധർമ്മത്തിന്റെയും പാതയിൽ അടിയുറച്ചുനിന്നു. അദ്ദേഹത്തിന്റെ ഭാര്യയും ആ പാതയിൽ സഞ്ചരിക്കുന്നയാളാണ്.
ഇത്തരം മത്സരങ്ങളിൽ കക്ഷിഭേദമന്യേ സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു. പി.ടിക്ക് വലിയ ആത്മബന്ധം പ്രകടിപ്പിച്ച സ്ഥലമാണ് ശിവഗിരിയെന്ന് ഉമ തോമസ് പ്രതികരിച്ചു. മുൻപൊരിക്കൽ പി.ടിക്കൊപ്പം ഇവിടെ വന്നിട്ടുണ്ട്. അനുഗ്രഹം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ഉമ പറഞ്ഞു. അതേസമയം തൃക്കാക്കരയിൽ സ്ഥാനാർത്ഥികൾ രണ്ടാംഘട്ട പ്രചാരണത്തിലേക്ക് കടന്നിരിക്കുകയാണ്. ഇടത് സ്ഥാനാർത്ഥി ഡോ.ജോ ജോസഫിന്റെ വാഹന പ്രചാരണം ഇന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ഉദഘാടനം ചെയ്യും.
ചിന്തൻ ശിബിരം കഴിഞ്ഞ് നേതാക്കൾ മടങ്ങി എത്തുന്നതോടെ കോൺഗ്രസ് ക്യാമ്പും കൂടുതൽ സജീവമാകും. സംസ്ഥാന നേതാക്കൾ എല്ലാം ഇനി തൃക്കാക്കരയിൽ കേന്ദ്രീകരിക്കും. ഉമ തോമസിന്റെ ഇന്നത്തെ പ്രചാരണം കെ സുധാകരനാണ് ഉദഘാടനം ചെയ്യുന്നത്. വൈകുന്നേരം അഞ്ച് മണിക്ക് എൻജിഒ കോർട്ടേഴ്സ് ജംഗ്ഷനിൽ നിന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പര്യടനം ഉദ്ഘാടനം ചെയ്യും. മണ്ഡല പര്യടനത്തിന്റെ തീയതികൾ ഇപ്രകാരമാണ്.
കടവന്ത്ര(17), തൃക്കാക്കര വെസ്റ്റ്, പൂണിത്തുറ(19), ഇടപ്പള്ളി(20) വൈറ്റില (21), തൃക്കാക്കര നോർത്ത് (22), തമ്മനം (23), വെണ്ണല (24), പാലാരിവട്ടം (25) തൃക്കാക്കര ഈസ്റ്റ് (26), തൃക്കാക്കര സെൻട്രൽ( 27) . തിരഞ്ഞെടുപ്പ് പ്രവർത്തനം ഊർജ്ജിതമാക്കാൻ ചൊവ്വാഴ്ച മുതൽ നാല് ദിവസം കൊണ്ട് ജില്ലയിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ജനറൽ ബോഡി യോഗങ്ങൾ പൂർത്തിയാക്കാനും തീരുമാനമായി.
എൻഡിഎ യുടെ തെരെഞ്ഞെടുപ്പ് ഓഫീസ് ഇന്ന് പ്രവർത്തനം തുടങ്ങും. പി കെ കൃഷ്ണദാസ് ആണ് ഉദ്ഘാടനം ചെയ്യുക. ആം ആദ്മി പാർട്ടി ട്വന്റി 20 സഖ്യത്തിന്റെ രാഷ്ട്രീയ നിലപാടും ഉടൻ പ്രഖ്യാപിക്കാനാണ് സാധ്യത. ട്വന്റി ട്വന്റി ചെയർമാൻ സാബു ജേക്കബ് ഇന്ന് മാധ്യമങ്ങളെ കാണുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ