രോ മനുഷ്യനും ഓരോ ഭ്രാന്തുകളുടെയും ലഹരികളുടെയും ആവേശങ്ങളുടെയും ചിറകുകളിലേറിയാണ് ജീവിക്കുന്നത്. ചിലർക്കത് സിനിമയാകാം, ക്രിക്കറ്റാകാം, സംഗീതമാകാം.. എന്നാൽ ഏത് ലഹരിയായാലും അത് പരിധി വിട്ടാൽ അത് നമുക്ക് തന്നെ ആപത്താകുമെന്നുറപ്പാണ്. പാക്കിസ്ഥാനിലെ ഒരു ഭ്രാന്തൻ ക്രിക്കറ്റ് ആരാധകനായ ഉമർ ദ്രാസ് എന്ന 22കാരന് ഈ ഗതികേടാണുണ്ടായിരിക്കുന്നത്.

ഇന്ത്യൻ ക്രിക്കറ്റ്താരമായ വിരാട് കൊഹ്ലിയോട് ആരാധന മൂത്ത ഈ യുവാവ് വീട്ടിൽ ഇന്ത്യൻ പതാക ഉയർത്തുകയായിരുന്നു ചെയ്തത്. വിവരമറിഞ്ഞെത്തിയ പൊലീസ് ഇയാളെ രായ്ക്ക് രാമാനം അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ ക്രിക്കറ്റ് ഭ്രാന്തനെ കാത്തിരിക്കുന്നത് പത്ത് വർഷം വരെ തടവാണെന്നാണ് റിപ്പോർട്ട്.

പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഓകാര ജില്ലയിലുള്ള യുവാവിനാണീ ഗതികേടുണ്ടായിരിക്കുന്നത്. ടെയിലറിങ് ജോലി ചെയ്തുകൊണ്ട് ജീവിതം തള്ളിനീക്കുന്ന യുവാവാണിദ്ദേഹം. അറസ്റ്റിന് ശേഷം ഇയാളെ ബുധനാഴ്ച ജില്ലാ കോടതിയിൽ ഹാജരാക്കുകയും ജൂഡീഷ്യൽ റിമാൻഡിൽ ജയിലിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. ജനുവരി 26ന് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടി20 മാച്ചിൽ കോഹ്ലി 90 റൺസുകളെടുത്തതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്നാണ് ദ്രാസ് ഇന്ത്യൻ പതാക വീട്ടിലുയർത്തി ആരാധന പ്രകടിപ്പിച്ചത്. അന്ന് തന്നെ അയാളെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഇയാൾ കൊടിയുയർത്തിയെന്ന പരാതിയെ തുടർന്ന് പൊലീസ് ഇയാളുടെ വീട് പരിശോധിക്കുയും ഇന്ത്യൻ പതാക പിടിച്ചെടുത്ത് അയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

പാക്കിസ്ഥാൻ പീനൽ കോഡിലെ സെക്ഷൻ 123 എ പ്രകാരമാണ് യുവാവിന് മുകളിൽ പൊലീസ് കേസ് രജിസ്ട്രർ ചെയ്തിരിക്കുന്നത്.രാജ്യത്തിന്റെ പരമാധികാരത്തിന് അപകടമുണ്ടാക്കുന്ന വിധത്തിൽ പെരുമാറുന്നവർക്ക് സെക്ഷന് 123 എ പ്രകാരം 10 വർഷം വരെ തടവ് ശിക്ഷയോ പിഴയോ രണ്ടും കൂടിയോ ലഭിക്കാനോ സാധ്യതയുണ്ട്. കോഹ്ലിയോടുള്ള സ്‌നേഹം കൊണ്ട് മാത്രമാണ് താൻ ഇന്ത്യൻ പതാക ഉയർത്തിയതെന്നാണ് യുവാവ് ജഡ്ജിക്ക് മുന്നിൽ വെളിപ്പെടുത്തിയിരിക്കുന്നത്. പൊലീസ് ഇയാളെ അന്വേഷണത്തിനായി ഫിസിക്കൽ റിമാൻഡിൽ വിടാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ജഡ്ജി ഇയാളെ ജൂഡീഷ്യൽ റിമാൻഡിൽ വിടുകയായിരുന്നു.

താൻ കൊഹ്ലിയുടെ വലിയ ആരാധകനാണെന്നും അതിനാൽ മാത്രമാണ് ഇന്ത്യൻ ടീമിനെ പിന്തുണയ്ക്കുന്നതെന്നുമാണ് ദ്രാസ് റിപ്പോർട്ടമാരോട് വെളിപ്പെടുത്തിയത്. ഇക്കാരണത്താൽ ഇന്ത്യൻ പതാക ഉയർത്തിയത് ഒരു കുറ്റമാണെന്ന് തനിക്കറിയില്ലായിരുന്നുവെന്നും യുവാവ് വെളിപ്പെടുത്തുന്നു.