കണ്ണൂർ: സിപിഐ.(എം.) കോട്ടയിൽ കവി കെ.സി. ഉമേഷ് ബാബുവിന്റെ പ്രഭാഷണം വേണ്ട. പാർട്ടി തീരുമാനത്തിന് വഴങ്ങി യുക്തിവാദി സംഘം ഒടുവിൽ സെമിനാർ തന്നെ ഉപേക്ഷിച്ചു. മിശ്രഭോജനത്തിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി കേരളാ യുക്തിവാദി സംഘമാണ് വെള്ളൂരിൽ പരിപാടി നടത്താൻ തീരുമാനിച്ചിരുന്നത്. അതനുസരിച്ച് പ്രചാരണ പ്രവർത്തനം നടത്തുകയും ചെയ്തിരുന്നു.

'നവോത്ഥാനത്തിന്റെ പിൻ നടത്തം' എന്ന വിഷയത്തിൽ കെ.സി. ഉമേഷ് ബാബുവിന്റെ പ്രഭാഷണമായിരുന്നു പരിപാടിയിലെ മുഖ്യ ഇനം. എന്നാൽ ബോർഡുകളും ബാനറുകളും ഉയർന്നതോടെ ഉമേഷ് ബാബുവിനെ പരിപാടിയിൽ നിന്നും ഒഴിവാക്കണമെന്ന് യുക്തിവാദി സംഘം ഭാരവാഹികളോട് പ്രാദേശിക പാർട്ടി നേതൃത്വം ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ആദ്യം സംഘാടകർ പരിപാടിയിൽ ഉറച്ചു നിന്നു.

സിപിഐ.(എം.) അനുകൂലിയായ ആളാണ് അദ്ധ്യക്ഷനായുള്ളതെന്നും അതിനാൽ പരിപാടി നടത്താൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. അതും അനുവദിക്കാത്തതിനാൽ രണ്ടു സിപിഐ.(എം.) അനുകൂലികളെ ഈ പരിപാടിയിൽ ഉൾപ്പെടുത്താമെന്നും പറഞ്ഞു. എന്നാൽ ഉമേഷ് ബാബുവിനെ പ്രസംഗിക്കാൻ അനുവദിച്ചാൽ പരിപാടി തടസ്സപ്പെടുമെന്ന് പാർട്ടി സ്വരം കടുപ്പിച്ചതോടെ യുക്തിവാദി സമ്മേളനം തന്നെ ഒഴിവാക്കുകയായിരുന്നു.

ഇക്കാര്യത്തെക്കുറിച്ച് ഉമേഷ് ബാബു പറയുന്നത് ഇങ്ങിനെ. കഴിഞ്ഞ പത്ത് വർഷമായി സിപിഐ.(എം.) തന്നെ വേട്ടയാടുകയാണെന്ന് അദ്ദേഹം മറുനാടൻ മലയാളിയോട് പറഞ്ഞു. സംഘപരിവാർ നടത്തുന്ന കൊലപാതകങ്ങളെ മറി കടക്കുകയാണ് സിപിഐ.(എം.) തീർത്തും ഒരു ഫാസിറ്റ് സംഘടനയായി അവർ മാറിയിരിക്കയാണ്. കഴിഞ്ഞ പത്ത് വർഷമായി ടി.വി. ചാനലുകളിലും മറ്റും ചർച്ചകളിൽ സജീവമായി പങ്കെടുക്കുന്ന ആളായിരുന്നു താൻ. എന്നാൽ കഴിഞ്ഞ നാല് മാസക്കാലമായി ആരും തന്നെ വിളിക്കാറില്ല. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദ്ദേശ പ്രകാരം മാധ്യമങ്ങൾ തന്നെ ഒഴിവാക്കുകയാണ്. സിപിഐ.(എം.) നെ ഭയപ്പെട്ടാണ് കേരളത്തിലെ മാധ്യമങ്ങൾ ഇത് ചെയ്യുന്നത്. ഉമേഷ് ബാബു സംസാരിക്കരുത് എന്നാണ് പാർട്ടിയുടെ തീരുമാനം.

എല്ലാ മാധ്യമങ്ങളും അത് അംഗീകരിക്കുന്നു. സിപിഐ.അനുകൂല സാംസ്കാരിക സംഘടനയായ യുവകലാ സാഹിതിയുടെ പരിപാടിയിലാണ് ഒടുവിൽ ഞാൻ സംബന്ധിച്ചത്. എന്നാൽ അതിനു ശേഷം അവരും തന്നെ വിളിക്കാറില്ല. സിപിഐ.(എം.) നെ അവരും ഭയപ്പെടുന്നു. സിപിഐ.(എം.) പേടിപ്പിച്ചാൽ കേരളത്തിലെ എല്ലാവരും ഭയക്കുന്ന അവസ്ഥയാണിന്ന്. അഞ്ച് കൊലപാതക ശ്രമങ്ങൾ എനിക്ക് നേരെ നടന്നിട്ടുണ്ട്. 2012 മുതൽ സിപിഐ.(എം.) തന്നെ വധിക്കാൻ ശ്രമിക്കുന്നു. താൻ സംസാരിക്കുന്നത് അവർക്കെതിരാണെന്ന ഭീതിയിലാണ് അവർ അത് ചെയ്യുന്നത്. ഒരാളുടെ ശബ്ദത്തെ ഒരു പാർട്ടി ഇത്രയും ഭയപ്പെടേണ്ടതുണ്ടോ? ഉമേഷ് ബാബു ചോദിക്കുന്നു. സിപിഐ.(എം.) തീരുമാനിക്കുന്നത് മാത്രമേ കേരളത്തിൽ നടക്കുകയുള്ളൂ എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ പോവുകയാണ്. ഉമേഷ് ബാബു പറഞ്ഞു.