ന്യൂഡൽഹി: സുധീരൻ രാജിവച്ച് മാറിയ ഒഴിവിലേക്ക് പുതിയ കെപിസിസി പ്രസിഡന്റിനെ നിയോഗിക്കാൻ തിരക്കിട്ട നീക്കങ്ങളുമായി കോൺഗ്രസ് ഹൈക്കമാൻഡ്. മലപ്പുറം ഉപതിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ എംഎം ഹസന് കെപിസിസി പ്രസിഡന്റിന്റെ താൽക്കാലിക ചുമതല നൽകാൻ ഹൈക്കമാൻഡ് തീരുമാനിച്ചു. ഇക്കാര്യത്തിൽ നിർദ്ദേശം സംസ്ഥാന നേതാക്കളെ അറിയിച്ചതായ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. അതേസമയം ഉമ്മൻ ചാണ്ടിയെ പ്രസിഡന്റാക്കാൻ ഉള്ള ആലോചനയിലാണ് ഹൈക്കമാൻഡെന്നാണ് വിവരം. അതുവരെയായിരിക്കും ഹസന് താൽക്കാലിക ചുമതല.

ഇപ്പോൾ ഹസന് താൽക്കാലിക ചുമതല നൽകാനും മലപ്പുറം തിരഞ്ഞെടുപ്പിന് പിന്നാലെ സ്ഥിരം പ്രസിഡന്റിനെ നിയമിക്കാനുമാണ് ആലോചിക്കുന്നത്. ഇക്കാര്യത്തിൽ അഭിപ്രായം അറിയിക്കാൻ സംസ്ഥാന നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം സുധീരന്റെ പിൻഗാമിയാക്കാൻ ഉമ്മൻ ചാണ്ടിയുൾപ്പെടെ നാലുപേരുടെ പേരുകൾ ഉൾപ്പെടുത്തി ലിസ്റ്റ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കൈമാറി. ഉമ്മൻ ചാണ്ടി, കെസി വേണുഗോപാൽ, കെവി തോമസ്, വിഡി സതീശൻ എന്നിവരുടെ പേരുകളാണ് സാധ്യതാ പട്ടികയിലുള്ളത്.

കുറേക്കാലമായി ഹൈക്കമാൻഡുമായി പിണങ്ങിനിൽക്കുകയും കേരളത്തിൽ സംഘടനാ തിരഞ്ഞെടുപ്പ് നടത്തണമെന്ന് വാശിപിടിക്കുകയും ചെയ്യുന്ന ഉമ്മൻ ചാണ്ടിയെ പ്രസിഡന്റാക്കി തൽക്കാലം പ്രശ്‌നം പരിഹരിക്കാനാണ് ഹൈക്കമാൻഡ് ഒരുങ്ങുന്നതെന്നാണ് സൂചനകൾ. എന്നാൽ പദവി ഏറ്റെടുക്കില്ലെന്ന ഉറച്ച നിലപാട് ഉമ്മൻ ചാണ്ടി തുടർന്നാൽ മുതിർന്ന നേതാവ് എകെ ആന്റണി നിർദ്ദേശിക്കുന്ന ആളെ കെപിസിസി പ്രസിഡന്റാക്കിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

സംഘടനാ തിരഞ്ഞെടുപ്പ് എത്രയും വേഗം നടത്തണമെന്നും സ്ഥാനമാനങ്ങൾ സ്വീകരിക്കാൻ താൻ തയ്യാറല്ലെന്നുമാണ് ഉമ്മൻ ചാണ്ടിയുടെ പരസ്യ നിലപാട്. അതേസമയം, ഇതൊരു തന്ത്രം മാത്രമാണെന്ന് ഐ ഗ്രൂപ്പും കരുതുന്നു. എന്നാൽ സംഘടനാ തിരഞ്ഞെടുപ്പ് വൈകാതെ നടത്താമെന്ന ധാരണയിൽ ഇടക്കാല പ്രസിഡന്റ് എ്ന്ന നിലയിൽ ഉമ്മൻ ചാണ്ടിയെക്കൊണ്ട് പദവി ഏറ്റെടുപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഹൈക്കമാൻഡ് നീക്കങ്ങളെന്നാണ് വിവരം. അത്തരത്തിൽ ഉമ്മൻ ചാണ്ടിയുടെ പിണക്കം തൽക്കാലം അവസാനിപ്പിക്കാനാകുമെന്നും ഹൈക്കമാൻഡ് പ്രതീക്ഷിക്കുന്നുണ്ട്.

വി എം സുധീരൻ രാജിവെച്ചതോടെ കെപിസിസി പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് ഉടലെടുത്ത അനിശ്ചിതത്വം സോണിയ ഗാന്ധി ചികിൽസ കഴിഞ്ഞ് തിരിച്ചെത്തിയതോടെയാണ് പരിഹാരമാകുന്നത്. പുതിയ അധ്യക്ഷന്റെ കാര്യത്തിൽ ഉടൻ തന്നെ തീരുമാനമുണ്ടാകുമെന്നാണ് സൂചന. മലപ്പുറം ഉപതെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിൽ ഇടക്കാല പ്രസിഡന്റിന് ചുമതല നൽകാനുള്ള സാധ്യതകളാണ് പരിഗണിക്കുന്നത്. ഇതിനായി ലീഗിനെക്കൊണ്ട് സമ്മർദ്ദം ചെലുത്തിക്കാനും ശ്രമം നടക്കുന്നു. അങ്ങനെയെങ്കിൽ ഉമ്മൻ ചാണ്ടിക്കായിരിക്കും മുൻതൂക്കമെന്നാണ് ഐ ഗ്രൂപ്പിന്റെ ഭയം. ഇക്കാര്യത്തിൽ ഉമ്മൻ ചാണ്ടിയുമായും ചെന്നിത്തലയുമായും ഹൈക്കമാൻഡ് ഉടൻ ചർച്ച നടത്തിയേക്കും.

അധ്യക്ഷസ്ഥാനത്തേക്ക് ഉമ്മൻ ചാണ്ടിയുടെ പേര് ഉയർന്ന് കേട്ടെങ്കിലും കെപിസിസി അധ്യക്ഷ പദവി ഏറ്റെടുക്കില്ലെന്ന് ആവർത്തിച്ച് ഉമ്മൻ ചാണ്ടി വ്യക്തമാക്കുന്നുണ്ട്. നിലവിൽ പ്രാദേശിക ഘടകങ്ങളിൽ സ്വകാര്യ സന്ദർശനങ്ങൾ നടത്തിയും മറ്റും അടിത്തട്ടിൽ പാർട്ടിയിൽ സ്വാധീനം ഉറപ്പിക്കാനാണ് ഉമ്മൻ ചാണ്ടിയും എ ഗ്രൂപ്പും നീക്കം നടത്തുന്നത്. ബെന്നി ബഹനാന്റെ നേതൃത്വത്തിൽ ഇതിനായി സോഷ്യൽമീഡിയ പ്രചരണങ്ങളും സജീവമാണ്. ഇത്തരത്തിൽ ഉമ്മൻ ചാണ്ടി കേരളത്തിൽ സംഘടന പിടിച്ചെടുക്കുമെന്ന ഭയത്തിലാണ് ഐ ഗ്രൂപ്പ്. പക്ഷേ, അവരുടെ തന്ത്രങ്ങൾ എത്രത്തോളം വിലപ്പോകുമെന്ന് കണ്ടറിയണം. പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കില്ലെന്ന കാര്യത്തിൽ തന്റെ നിലപാടിൽ മാറ്റമില്ലെന്ന് പറഞ്ഞ ഉമ്മൻ ചാണ്ടി കോൺഗ്രസിൽ സംഘടനാ തെരഞ്ഞെടുപ്പാണ് ആവശ്യമെന്നും ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ട്.

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള വി എം സുധീരന്റെ രാജി ഇതുവരെ അംഗീകരിച്ചിട്ടില്ലെന്ന് നേരത്തെ കോൺഗ്രസ് ഹൈക്കമാൻഡ് വ്യക്തമാക്കിയിരുന്നു. സോണിയ ഗാന്ധി തിരിച്ചെത്തിയ ശേഷമെ സുധീരന്റെ രാജിക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളുവെന്നായിരുന്നു ഇതുവരെയുള്ള നിലപാട്. രാജി സോണിയ ഗാന്ധി അംഗീകരിച്ച ശേഷം മാത്രം ഇടക്കാല സംവിധാനം വരും. സംഘടനാ തെരഞ്ഞെടുപ്പ് വരെയാണ് താൽക്കാലിക സംവിധാനം ഒരുക്കുകയെന്നും ഹൈക്കമാൻഡ് നേരത്തെ പറഞ്ഞിരുന്നു. ചികിൽസയ്ക്ക് ശേഷം സോണിയ ഗാന്ധിയെ രാഹുൽ ഗാന്ധി വിദേശത്ത് നിന്ന് കൂട്ടികൊണ്ടുവന്നതിന് ശേഷമാണ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി സാധ്യതാ പട്ടിക കൈമാറിയത്.

വി എം സുധീരൻ രാജിവെച്ച് ഒഴിഞ്ഞതോടെ എംഎം ഹസന് കെപിസിസി അധ്യക്ഷന്റെ ചുമതല നൽകണമെന്ന് എ ഗ്രൂപ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അധ്യക്ഷനെ ഹൈക്കമാൻഡ് തീരുമാനിക്കട്ടേയെന്നാണ് ഐ ഗ്രൂപ്പെടുത്ത നിലപാട്. ഇതോടെ ഗ്രൂപ്പ് ചർച്ചയിൽ തർക്കമായി. സംസ്ഥാന നേതൃത്വത്തിൽ യോജിച്ചൊരു തീരുമാനമെന്ന സാധ്യത മങ്ങി. കെപിസിസി അധ്യക്ഷന്റെ താൽക്കാലിക ചുമതല ഹസന് നൽകണമെന്ന് ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തലയെ അറിയിച്ചിരുന്നു. ഇതിന് തയ്യാറല്ലെന്ന നിലപാടിലായിരുന്നു ചെന്നിത്തല വിഭാഗം. ഏതായാലും താമസിയാതെ പുതിയ കെപിസിസി പ്രസിഡന്റിനെ തിരഞ്ഞെടുക്കാനാണ് ഹൈക്കമാൻഡ് തീരുമാനം. ഇതിന്റെ ഭാഗമായാണ് സാധ്യതാ പട്ടിക തയ്യാറായിരിക്കുന്നത്.