കുവൈത്ത് :ത്യാഗത്തിന്റെ ചരിത്ര സ്മരണകളിലൂടെയാണ് വിശ്വാസി സമൂഹം ഉംറയാത്രയിലൂടെ താണ്ടുന്നതെന്ന് എം.എസ്സ്.എം മലപ്പുറം വെസ്റ്റ് ഉപാധ്യക്ഷനും യുവ പ്രാസംഗികനുമായ സാബിക് പുല്ലൂർ പറഞ്ഞു. ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ കീഴിൽ കഴിഞ്ഞ ഫെബ്രുവരിയിൽ പോയ രണ്ട് ബസ്സ് ഉംറ സംഘങ്ങളുടെ കുടുംബ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിർഭയത്വത്തോടെ ജീവിക്കാനുള്ള ഊർജ്ജം പകരുകയാണ് ആത്മീയ യാത്രയിലൂടെ ലഭിക്കുന്നത്. പ്രവാചകന്മരുടെയും സഹാബികളുടെയും മദീന ഹിജ്‌റയുടെ ത്യാഗത്തിന്റെ ഒരു ചെറിയ ശതമാനം മാത്രമേ കുവൈത്തിൽ നിന്ന് ബസ്സ് മുഖേന ഉംറ യാത്ര ചെയ്യുന്നേരം നാം അനുഭവിക്കുന്നുള്ളൂ. റബ്ബിന്റെ കൽപന പ്രാവർത്തികമാക്കാൻ പ്രതിസന്ധികളെ തരണം ചെയ്ത് മുന്നേറാനും വലിയ വിലകൊടുത്ത് സംരക്ഷിക്കുന്ന ഏകദൈവ ആശയത്തെ കൈവിടാതിരിക്കാനും വിശ്വാസികൾ ശ്രദ്ധിക്കണമെന്നും സാബിക് വിശദീകരിച്ചു.

ഉംറ സംഗമം ഐ.ഐ.സി കേന്ദ്ര ഫിനാൻസ് സെക്രട്ടറി ജസീർ പുത്തൂർ പള്ളിക്കൽ ഉദ്ഘാടനം ചെയ്തു. ഉംറ സെക്രട്ടറി അയ്യൂബ് ഖാൻ അധ്യക്ഷത വഹിച്ചു. യാത്രക്കിടയിൽ സംഘടിപ്പ ഇസ്ലാമിക വിജ്ഞാന മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ ഐ.ഐ.സി ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ് കൊടുവള്ളി, മുഹമ്മദ് അലി വേങ്ങര, സാബിക് പുല്ലൂർ, എന്നിവർ വിതരണം ചെയ്തു. ഉംറ അമീറുമാരായ അബ്ദുന്നാസർ മൗലവി, മുർഷിദ് അരീക്കാട്, യൂ.പി മുഹമ്മദ് ആമിർ, ആഷിഖ് കടലുണ്ടി, മുഹമ്മദ് ബേബി, റോഷൻ, മനാഫ് മാത്തോട്ടം എന്നിവർ സംസാരിച്ചു.