ജിദ്ദ: റംസാനിൽ മക്കാ, മദീനാ ഹറം മസ്ജിദുകൾ സ്വീകരിക്കുന്ന വിശ്വാസികളുടെ എണ്ണം വർധിപ്പിക്കുമെന്നും അതിനു തക്ക വിധത്തിലുള്ള പ്രവർത്തന ശേഷി അവിടങ്ങളിൽ നടപ്പിലാക്കുമെന്നും സൗദി ഹജ്ജ് - ഉംറാ മന്ത്രാലയം അധികൃതർ വ്യക്തമാക്കി. കൊറോണയുടെ ഭീഷണി വിട്ടൊഴിഞ്ഞിട്ടില്ലാത്ത നിലവിലെ സ്ഥിതിയിൽ കണിശമായ മുൻകരുതൽ നടപടിക്രമങ്ങൾ പാലിച്ചു കൊണ്ടായിരിക്കും ആരാധനാനുമതിയും മറ്റും. ബന്ധപ്പെട്ട അധികൃതർ പുറത്തിറക്കുന്ന മുൻകരുതൽ ഏർപ്പാടുകളും പ്രതിരോധ നടപടികളും പൂർണമായും പാലിക്കണമെന്നും മന്ത്രാലയം വിശ്വാസികളെ ഉൽബോധിപ്പിച്ചു.

വിശുദ്ധ റംസാൻ ഒന്ന് മുതൽ തന്നെ മക്കാ ഹറം ശരീഫിൽ വെച്ച് ഉംറ, നിസ്‌കാരം എന്നിവയും മദീനാ ഹറം ശരീഫിൽ വെച്ച് റൗളാ സിയാറത്ത്, നിസ്‌കാരം എന്നിവയും നിർവഹിക്കാനുള്ള പെർമിറ്റ് വിശ്വാസികൾക്ക് ലഭിച്ചു തുടങ്ങുമെന്ന് സൗദി ഹജ്ജ് - ഉംറാ മന്ത്രാലയം അറിയിച്ചു. കൊറോണാ കാര്യത്തിലുള്ള 'തവക്കൽനാ' ആപ്പ് അടിസ്ഥാനമാക്കി താഴെ പറയുന്ന മൂന്ന് വിഭാഗങ്ങൾക്കായിരിക്കും ഇതെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഒന്ന് - രണ്ട് ഡോസ് കൊറോണാ വാക്സിൻ ചെയ്തവർ.

രണ്ട് - ആദ്യ ഡോസ് വാക്സിന് ശേഷം പതിനാല് ദിവസം പിന്നിട്ടവർ.

മൂന്ന് - കൊറോണാ ബാധ ഉണ്ടായി ഭേദമായവർ.

'ഇഅതമർനാ', 'തവക്കൽനാ' എന്നീ ആപ്പുകളിലൂടെയായിരിക്കും ആരാധനകളുടെ പെർമിറ്റ് ലഭിക്കുക. വിശ്വാസികൾക്ക് ആവശ്യമായ സമയ നിർണ്ണയം ആപ്പിലെ ടൈം ടേബിളിൽ നിന്ന് ലഭ്യതയനുസരിച്ച് തിരഞ്ഞെടുക്കാം. 'ഇഅതമർനാ' ആപ്പിലൂടെ ലഭിക്കുന്ന ആരാധനാ പെർമിറ്റ് ഗുണഭോക്താവിന്റെ അക്കൗണ്ട് വഴി തന്നെ 'തവക്കൽനാ' ആപ്പിൽ സമർപ്പിക്കുകയും പെര്മിറ്റിന്റെ സാധുത പരിശോധിക്കുകയും ചെയ്യും.

ഈ രണ്ട് ആപ്പുകളിൽ നിന്ന് നേരിട്ട് പെർമിറ്റ് കരസ്ഥമാക്കണമെന്നും സർവീസ് സംഘങ്ങളെയോ വ്യാജ പെർമിറ്റ്കളേയോ കരുതിയിരിക്കണമെന്നും മന്ത്രാലയം വിശ്വാസികളെ ഓർമപ്പെടുത്തി.