റിയാദ്: ഉംറ ഫീസ് നിരക്കിൽ വീണ്ടും ഭേതഗതി കൊണ്ട് വരാൻ നീക്കം. ആവർത്തിച്ചുള്ള ഉംറ കർമത്തിന് അഞ്ചു ദിവസം മാത്രം സൗദിയിൽ തങ്ങുന്നവരിൽ നിന്ന് രണ്ടായിരം റിയാലിന് പകരം അഞ്ഞൂറ് റിയാൽ മാത്രം ഈടാക്കാനാണ് നീക്കം.

ആവർത്തിച്ചു ഉംറ നിർവഹിക്കുന്നവരിൽ നിന്ന് രണ്ടായിരം റിയാൽ ഫീസ് ഈടാക്കാനുള്ള തീരുമാനത്തിൽ വീണ്ടും ഇളവ് അനുവദിക്കാനാണ് സൗദി ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ നീക്കം. ഉംറ തീർത്ഥാടകർ സൗദിയിൽ തങ്ങുന്ന ദിവസത്തിനനുസരിച്ചു ഫീസ് ഈടാക്കുന്നതിനെ കുറിച്ച് ചർച്ച നടക്കുന്നതായി ഹജ്ജ് ഉംറ മന്ത്രി മുഹമ്മദ് സാലിഹ് ബന്തൻ അറിയിച്ചു.എന്നാൽ ആദ്യത്തെ തവണ ഹജ്ജോ ഉമ്രയോ നിർവഹിക്കുന്നവരിൽ നിന്ന് ഒരു ഫീസും ഈടാക്കില്ല.

പുതിയ ഉംറ നിയമത്തിൽ ഇതിനു പുറമേ പല ഭേതഗതികളും പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു. ആവർത്തിച്ചു ഉംറ നിർവഹിക്കുന്നവരിൽ നിന്ന് രണ്ടായിരം റിയാൽ ഫീസ് ഈടാക്കാനുള്ള തീരുമാനത്തിൽ നേരത്തെ ചില ഇളവുകൾ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ ഉംറ നിർവഹിച്ചവർക്ക് ഫീസ് ബാധകമാക്കാനുള്ള നേരത്തെയുള്ള തീരുമാനം ഈ ഹിജ്ര വർഷം മുതൽ ഉംറ നിർവഹിക്കുന്നവർക്ക് മാത്രമാക്കി. അതോടൊപ്പം വിദേശത്തുള്ള അംഗീകൃത ഉംറ സർവീസ് ഏജൻസികളുടെ മൂന്നു ഗ്രൂപ്പ് ലീഡർമാർക്ക് മൾട്ടിപ്പ്ൾ ഉംറ വിസ അനുവദിക്കാനും തീരുമാനിച്ചു. ഇതിനെല്ലാം പുറമേ തീർത്ഥാടകർക്ക് ആശ്വാസമായി ഇനിയും ഫീസ് ഇനത്തിൽ ഇളവുകൾ വരുമെന്നാണ് പുതിയ പ്രഖ്യാപനത്തിലൂടെ സൗദി ഹജ്ജ് ഉംറ മന്ത്രി സൂചിപ്പിക്കുന്നത്.

എന്നാൽ ഉംറ, സന്ദർശക വീസകളുടെ കാലാവധി കഴിഞ്ഞും സൗദിയിൽ തങ്ങുന്നവർക്ക് കടുത്ത പിഴയും ജയിൽവാസവും അനുഭവിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. കാലാവധി അവസാനിച്ച ശേഷവും രാജ്യത്ത് തങ്ങുന്നവരിൽ നിന്ന് 50000 റിയാൽ പിഴയീടാക്കും. ഇതിന് പുറമെ ആറ് മാസം തടവും നാടുകടത്തലുമുണ്ടാകുമെന്നും പാസ്പോർട്ട് വകുപ്പ് വ്യക്തമാക്കി.

ഒരു തീർത്ഥാടകരും സന്ദർശകരും കാലാവധി കഴിഞ്ഞ ശേഷം രാജ്യത്ത് തങ്ങരുതെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വീസയിൽ അനുവദിച്ചിട്ടുള്ള കാലം മാത്രമേ രാജ്യത്ത് തങ്ങാവൂ. ഇത്തരത്തിൽ അനധികൃതമായി തങ്ങുന്നവരെ കുറിച്ച് വിവരം അറിയിക്കാ ത്തവർക്കും ശിക്ഷയുണ്ടാകും. സ്വദേശികളും പ്രവാസികളും ഇത്തരക്കാരെ ഒരിക്കലും താമസിപ്പിക്കുകയോ ഒളിപ്പിക്കുകയോ തൊഴിലെടുപ്പിക്കുകയോ ചെയ്യരുതെന്നും
നിർദേശമുണ്ട്.

ഇത്തരത്തിൽ അനധികൃത താമസക്കാരെ സഹായിക്കുന്നവരിൽ നിന്ന് ഒരുലക്ഷം റിയാൽ പിഴ ഈടാക്കും. ആറ്മാസം തടവും വിദേശികളാണെങ്കിൽ നാടുകടത്തലുമുണ്ടാകും. ഇത്തരത്തിൽ അനധികൃത താമസക്കാരെ കുറിച്ച് റിപ്പോർട്ട് ചെയ്യാത്ത ഹജ്ജ് കമ്മിറ്റികളിൽ നിന്ന് കടുത്ത പിഴ ഈടാക്കും.